കായംകുളം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ മൂന്നാം പ്രതിയായ അപ്പുണ്ണിയെ ഇന്നലെയാണ് പൊലീസ് പിടികൂടുന്നത്. ചെന്നൈയിലും ആലപ്പുഴയിലെ കാമുകിയുടെ വീട്ടിലുമായി ഒളിവിൽ കഴിഞ്ഞത്. ഒളിവിൽ കഴിയുന്നതിനിടെ പിടിപെട്ട ചിക്കൻപോക്‌സ് ചികിത്സിക്കാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് കായംകുളത്ത് നിന്നും പൊലീസ് അപ്പുണ്ണിയെ അറസ്റ്റ് ചെയ്തത്. കായംകുളം മാവേലിക്കര സ്ഥലങ്ങളിലെ പ്രധാന ഗുണ്ടകളുമായെല്ലാം അടുത്ത ബന്ധമാണ് അപ്പുണ്ണിക്കുള്ളത്. കേസിലെ മുഖ്യപ്രതി അലിഭായുമായുള്ള അടുത്ത ബന്ധമാണ് അപ്പുണ്ണിയെ റേഡിയോ ജോക്കിയുടെ കൊലപാതകത്തിലേക്ക് എത്തിച്ചത്. സ്പിരിറ്റ് ലോറികൾക്ക് അകമ്പടിക്കാരനായി ജോലി തുടങ്ങിയ അപ്പുണ്ണി വളരെ പെട്ടെന്ന് ക്വട്ടേഷൻ ലോകത്തേക്ക് കടക്കുകയായിരുന്നു.

കൊലപാതകം നടത്തി അപ്പുണ്ണിയും ഗൾഫിലേക്ക് കടന്നിരിക്കാം എന്ന് പൊലീസ് കരുതിയിരുന്നെങ്കിലും അലിഭായിയെ ചോദ്യം ചെയ്തപ്പോൾ അപ്പുണ്ണി തമിഴ്‌നാട്ടിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കിയിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരിൽ ഒരാളാണ് അപ്പുണ്ണിയും. കായംകുളത്തു നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൈന്നെയിലടക്കം ഒളിവിൽ കഴിഞ്ഞ അപ്പുണ്ണി ആലപ്പുഴ ഭാഗത്തുള്ള സുഹൃത്തായ സ്ത്രീയുടെ വീട്ടിലായിരുന്നു. രാജേഷിനെ കൊലപ്പെടുത്താൻ അപ്പുണ്ണി ഉപയോഗിച്ച ആയുധം കേസിലെ മറ്റൊരു പ്രതിയായ സനുവിന്റെ വള്ളിക്കാട്ടെ വീട്ടിലെ പുരയിടത്തിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിപ്പിച്ച നിലയിലാണ് വാൾ കണ്ടെത്തിയത്.

കൊലയ്ക്കു ശേഷം അപ്പുണ്ണി രാജ്യം വിട്ടെന്ന വ്യാപക പ്രചാരണമുണ്ടായിരുന്നു. അലിയുടെ അറസ്റ്റ് ഈ പ്രചാരണം പൊളിച്ചു. അലിയിൽനിന്നു ലഭിച്ച സൂചനകളിൽ പൊലീസ് നടത്തിയ അന്വേഷണമാണു തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞ അപ്പുണ്ണിയെ കുരുക്കിയത്. ഏറ്റെടുത്ത ക്വട്ടേഷൻ പൂർത്തിയാക്കാനാണു നാട്ടിലെത്തിയത്. കൊലയാളികൾക്കുള്ള വാഹനം സംഘടിപ്പിച്ചതും താമസ സൗകര്യം കണ്ടെത്തിയതും അപ്പുണ്ണിയാണെന്നു വ്യക്തമായിട്ടുണ്ട്. ക്വട്ടേഷൻ സംഘം കായംകുളത്തുനിന്നു കാർ വാടകയ്ക്കെടുത്തത് അപ്പുണ്ണിയുടെ ബന്ധം ഉപയോഗിച്ചാണ്.

അപ്പുണ്ണിയുടെ ക്വട്ടേഷൻ ലോകത്തേക്കുള്ള വളർച്ചയും വളരെ പെട്ടെന്നായിരുന്നു. സ്പിരിറ്റ് ലോറികൾക്ക് അകമ്പടിക്കാരനായി ജോലി തുടങ്ങിയ 'കായംകുളം അപ്പുണ്ണി'യെ ക്വട്ടേഷൻ സംഘത്തിന്റെ നേതൃനിരയിലെത്തിച്ചതു ഗുണ്ടകളുമായുള്ള അടുപ്പമാണ്. പിതാവ് വിജയന്റെ ഒരു കാൽ പ്രമേഹത്തെത്തുടർന്ന് മുറിച്ചു മാറ്റിയ ശേഷം ഉപജീവനത്തിനായി പഞ്ചായത്തിന്റെ സഹായത്തോടെ വീടിന് സമീപം കട തുടങ്ങിയിരുന്നു. കടയിൽ രഹസ്യമായി മദ്യപിക്കാനെത്തിയ ലിജു ഉമ്മൻ, വെറ്റ മുജീബ് തുടങ്ങിയ ഗുണ്ടകളുമായി അടുപ്പമായതു ക്വട്ടേഷൻ ലോകത്തേക്കുള്ള വഴി തുറന്നു. അപ്പുണ്ണിയുടെ വീടും കടയും വൈകാതെ ക്രിമിനലുകളുടെ താവളമായി.

കായംകുളത്തെയും മാവേലിക്കരയിലെയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ലിജു ഉമ്മനുമായുള്ള ബന്ധം ജീവിതം തന്നെ വഴിമാറ്റി. പിതാവിന്റെ മരണത്തോടെ കട നിർത്തി. ഇതിനിടെ വിവാഹിതനായെങ്കിലും ബന്ധം തുടർന്നില്ല. സ്പിരിറ്റ് ലോറികൾക്ക് അകമ്പടി പോവുകയായിരുന്നു പ്രധാന ജോലി.പകൽ സൗമ്യനും രാത്രി ക്വട്ടേഷൻ നേതാവുമായുള്ള ജീവിതത്തിന് അവിടെയാണ് ആരംഭം. കമ്പ്യൂട്ടർ പരിജ്ഞാനം അപ്പുണ്ണിയെ വിലയേറിയ ക്വട്ടേഷൻ നേതാവാക്കി. അപ്പുണ്ണി സ്വന്തമായി ഗുണ്ടാ സംഘത്തെയും സൃഷ്ടിച്ചു. ഈ സംഘത്തിന്റെ പേരിൽ കായംകുളം, മാവേലിക്കര, തൃക്കുന്നപ്പുഴ, നൂറനാട്, കുറത്തികാട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.

മാവേലിക്കര തെക്കേക്കരയിൽ 2012 ൽ പ്രവീൺ (കെന്നി) എന്ന യുവാവിനെ കൊന്ന കേസും ആറാട്ടുപുഴയിൽ യുവാവിന്റെ കൈ വെട്ടിയ കേസുമാണ് അതിൽ പ്രധാനം. കെന്നിയെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെവിട്ടു. കാപ്പാ നിയമപ്രകാരവും അപ്പുണ്ണി അകത്തായിട്ടുണ്ട്. ബൈക്കുകളിൽ കറങ്ങി രാത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അപ്പുണ്ണിയുടെയും സംഘത്തിന്റെയും 'ഹോബി'യായിരുന്നു. ചില കേസുകളിൽ ഹാജരാകാത്തതിനെത്തുടർന്നു കോടതി അറസ്റ്റ് വാറന്റ് ഇറക്കിയിരുന്നു. വാറന്റിനെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപ്പുണ്ണി രണ്ടു വർഷമായി ഗൾഫിലാണെന്നു പുറത്തുവന്നത്.

റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അപ്പുണ്ണി വീണ്ടും വാർത്തകളിൽ നിറഞ്ഞത്. കേസിലെ പ്രധാന പ്രതി ഓച്ചിറ സ്വദേശി അലിഭായിയുമായുള്ള ബന്ധമാണ് രാജേഷിന്റെ കൊലപാതകവുമായി അപ്പുണ്ണിയെ ബന്ധിപ്പിച്ചത്. ഏറ്റെടുത്ത ക്വട്ടേഷൻ പൂർത്തിയാക്കാനാണു നാട്ടിലെത്തിയത്. ക്വട്ടേഷൻ സംഘം കായംകുളത്തുനിന്നു കാർ വാടകയ്ക്കെടുത്തത് അപ്പുണ്ണിയുടെ ബന്ധം ഉപയോഗിച്ചാണ്. കൊലയ്ക്കു ശേഷം അപ്പുണ്ണി രാജ്യം വിട്ടെന്ന വ്യാപക പ്രചാരണമുണ്ടായിരുന്നു. അലിയുടെ അറസ്റ്റ് ഈ പ്രചാരണം പൊളിച്ചു. അലിയിൽനിന്നു ലഭിച്ച സൂചനകളിൽ പൊലീസ് നടത്തിയ അന്വേഷണമാണു തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞ അപ്പുണ്ണിയെ കുരുക്കിയത്.

ഖത്തറിൽ നിന്നെത്തിയ പ്രധാന പ്രതിയായ അലിഭായിക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയതും രാജേഷിന്റെ വിവരങ്ങൾ നൽകിയതും അപ്പുണ്ണിയാണ്. വാട്സ്് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണു വിവരങ്ങൾ കെമാറിയത്. കൊലയ്ക്കു ക്വട്ടേഷൻ നൽകിയ പത്തിരി സത്താറിനെ ഖത്തറിൽനിന്നു നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ നീക്കം തുടരുകയാണ്. സത്താറിന്റെ മുൻ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് ക്വട്ടേഷൻ നൽകാൻ കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ.

അലിഭായിക്കും അപ്പുണ്ണിക്കും കൊലപാതകവുമായി ബന്ധപ്പെട്ടു പണവും മറ്റു സഹായങ്ങളും ചെയ്ത കുറ്റത്തിന് അപ്പുണ്ണിയോടൊപ്പം ഒരു പ്രതിയെക്കൂടി കിളിമാനൂർ സിഐ: പ്രദീപ്കുമാറും സംഘവും ചൈന്നെയിൽനിന്ന് അറസ്റ്റ് ചെയ്തു. അപ്പുണ്ണിയുടെ അടുത്ത ബന്ധുവായ ആലപ്പുഴ ചെന്നിത്തല മടിച്ചുവട് തൃപ്പേരുവീട്ടിൽ സുമിത്തി(34)നെയാണ് അറസ്റ്റ് ചെയ്തത്.