- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനലരികിൽ മൊബൈൽ ഫോൺ വീഡിയോ റെക്കോഡ് ഓൺ ചെയ്തു വച്ചു; ശ്രമിച്ചത് തൂങ്ങിമരണം ചിത്രീകരിച്ച് കൂട്ടുകാരെ കബളിപ്പിക്കാൻ; ഏപ്രിൽഫൂൾ ശ്രമത്തിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; എടത്വയിലലെ സിദ്ധാർഥിന്റെ മരണത്തിൽ നടുങ്ങി ബന്ധുക്കളും നാട്ടുകാരും
എടത്വ: കൂട്ടുകാരെയും ബന്ധുക്കളെയും കബളിപ്പിക്കാൻ ആത്മഹത്യ ചിത്രീകരിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് നഷ്ടമായത് സ്വന്തം ജീവൻ.തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറിന്റെയും പ്രമീളയുടെയും മകൻ സിദ്ധാർഥ് ആണ് മരിച്ചത്.17 വയസ്സായിരുന്നു. ഏപ്രിൽഫൂൾ ദിനത്തിൽ കൂട്ടുകാരെ പറ്റിക്കുന്നതിനായി തൂങ്ങിമരണം ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകിയായിരുന്നു അപകടം.
വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ തലവടി കിളിരൂർ വാടകവീട്ടിൽ വച്ചായിരുന്നു സംഭവം. രാത്രി ഭക്ഷണത്തിനുശേഷം മൊബൈൽഫോണുമായി മുറിയിൽ കയറിയ സിദ്ധാർഥിനെ ഏറെനേരം കാണാത്തതിനെത്തുടർന്ന് അമ്മ മുറിയിലെത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിനിൽക്കുന്നതായി കണ്ടത്. നിലവിളിയോടെ പ്രമീള ബെഡ്ഷീറ്റ് അറത്ത് സിദ്ധാർഥിനെ കട്ടിലിൽ കിടത്തി. ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് സിദ്ധാർഥിനെ എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മുറിയുടെ ജനാലയോടുചേർന്ന് രംഗങ്ങൾ ചിത്രീകരിക്കുന്നരീതിയിൽ മൊബൈൽഫോൺ ഓണാക്കിവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഏപ്രിൽഫൂൾ ദിനത്തിൽ സഹപാഠികളെ കബളിപ്പിക്കാൻ ചിത്രീകരിച്ചതാവാമെന്നാണ് വീട്ടുകാർ പറയുന്നത്. മൊബൈൽഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദഗ്ധപരിശോധനയ്ക്കായി ഫോൺ സൈബർവിഭാഗത്തിനു കൈമാറിയതായി എടത്വാ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ പറഞ്ഞു.ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-നു തകഴി കേളമംഗലത്തെ കുടുംബവീട്ടിൽ.പച്ച-ചെക്കിടിക്കാട് ലൂർദ്ദ്മാതാ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ് സിദ്ധാർഥ്. ഏകസഹോദരി: ദേവിക.
മറുനാടന് മലയാളി ബ്യൂറോ