പത്തനംതിട്ട: വിഡ്ഢിദിനത്തിൽ എത്ര വലിയ സംഭവം നടന്നാലും അത് തമാശയാണെന്നു കരുതി അവഗണിക്കുന്നവരാണ് നമ്മൾ മലയാളികൾ. അങ്ങനെ ഒരു ദുരന്തത്തെ വെറും ഏപ്രിൽ ഫൂളാക്കി എഴുതിത്ത്ത്ത്തള്ളിയ സംഭവത്തിന് ഇന്ന് അമ്പതു വയസ് പൂർത്തിയായി. കേരളാ പൊലീസിനെ തന്നെ നടുക്കിയ സംഭവം ഏപിൽ ഒന്നിലെ തമാശയായി കരുതി അവഗണിച്ചത് നാട്ടുകാർ മാത്രമായിരുന്നില്ല ഉന്നത ഉദ്യോഗസ്ഥർ കൂടിയായിരുന്നു.

കേസ് അനേ്വഷിക്കാൻ എത്തിയ എസ്.ഐയെ പ്രതി വെട്ടിക്കൊന്നതായിരുന്നു ആ സംഭവം. കേരളാ പൊലീസിന്റെ ചരിത്രത്തിലെ തന്നെ ആദ്യ തിരിച്ചടി. പിന്നീട് പലരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ ആട് ആന്റണി എന്ന ക്രിമിനൽ വരെ.

ഇവിടെ കൊല്ലപ്പെട്ടത് സംസ്ഥാന പൊലീസ് സേനയിലെ തന്നെ ഏറ്റവും സമർഥനായ ഒരു എസ്.ഐ ആയിരുന്നു. ആറന്മുള എസ്.ഐ ആയിരുന്ന മാമൻ കുര്യൻ. 1964 ഏപ്രിൽ ഒന്നിന് അയിരൂരിൽ വച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഫ്‌ളാഷ് ന്യൂസും സോഷ്യൽമീഡിയയുമൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത ആ കാലത്ത് വാമൊഴി പെരുക്കങ്ങളിലൂടെയാണ് സംഭവം നാട്ടുകാർ അറിഞ്ഞുപോന്നിരുന്നത്. അങ്ങനെയുള്ള വാമൊഴികളെ ആരും വിശ്വാസത്തിലെടുക്കാത്ത ഏകദിനമായിരുന്നു ഏപ്രിൽ ഒന്ന്. അതുകൊണ്ടു തന്നെ വെട്ടേറ്റ് ചോരവാർന്നു മരിക്കുകയായിരുന്നു മാമൻ കുര്യൻ എന്ന ധീരനായ ഉദ്യോഗസ്ഥൻ. മാമൻ കുര്യന്റെ മരണവാർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും ഏപ്രിൽ ഫൂളായിരുന്നു.

കഴിവിലും ശരീരഭാഷയിലും മികച്ചു നിന്ന മാമൻ കുര്യനെ ആറന്മുളയിലേക്ക് അയച്ചത് തന്നെ ഇവിടുത്തെ ക്രിമിനലുകളെ അമർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു. അന്ന് അയിരൂരും തോട്ടപ്പുഴശേരിയുമെല്ലാം ആറന്മുള സ്‌റ്റേഷൻ പരിധിയാണ്. സർക്കിൾ ഇൻസ്‌പെക്ടറുടെ ഗെറ്റപ്പായിരുന്നു ഇവിടെ എസ്.ഐമാർക്ക് ലഭിച്ചിരുന്നത്. മാമൻ കുര്യൻ സ്വദേശമായ ചെങ്ങന്നൂരിൽ നിന്നും സൈക്കിളിലാണ് ആറന്മുളയിലേക്ക് വന്നിരുന്നത്. ഇതു തന്നെ സാമൂഹിക വിരുദ്ധരെ ഭയപ്പെടുത്താൻ ഉതകുന്ന നടപടിയായിരുന്നു. ഇതോടെ കള്ളന്മാരും അക്രമികളും മാമനെ പേടിക്കാൻ തുടങ്ങി. പരാതി ലഭിച്ചാൽ നേരിട്ടുപോയി അനേ്വഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.

അങ്ങനെ ഒരു അയൽപക്കവഴക്കിനെക്കുറിച്ച് അനേ്വഷിക്കാനാണ് അദ്ദേഹം അയിരൂരിലേക്ക് പോയത്. ഒറ്റയ്ക്കായിരുന്നു യാത്ര. പമ്പാനദിയും പാടവും താണ്ടി പ്രതിയുടെ വീട്ടിലെത്തിയപ്പോൾ അത് അടഞ്ഞുകിടക്കുന്നു. ആള് അകത്തുണ്ടെന്ന് മനസിലാക്കി മാമൻ പല തവണ മുട്ടിവിളിച്ചിട്ടും കതക് തുറന്നില്ല. പിന്നെ കതക് പൊളിച്ച് അകത്തു കയറാനായി അദ്ദേഹത്തിന്റെ ശ്രമം ഇതിനിടയാണ് മിന്നൽ നീക്കത്തിൽ അകത്തു നിന്നും പ്രതി കൊച്ചുകുട്ടി മഴുവുമായി ചാടി വീണത്. അയാൾ മാമനെ തലങ്ങും വിലങ്ങും വെട്ടിയ ശേഷം ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ഇയാൾക്ക് പിന്നാലെ കൂടിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ചോരവാർന്ന് എസ്.ഐ. മരിച്ചു.

കരിമ്പിൻകാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാർ പിന്നീട് കല്ലെറിഞ്ഞ് പുറത്തിറക്കി പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കൊലപാതക കേസിൽ തടവുശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ കൊച്ചുകുട്ടി പിന്നീട് മരിച്ചു. നാടുനടുക്കിയ സംഭവം അരനൂറ്റാണ്ട് പിന്നിടുമ്പോഴും ആ ഓർമകൾക്ക് ഒരു ഏപ്രിൽ ഫൂളിന്റെ പ്രാധാന്യം മാത്രമാണുള്ളത്.