മുംബൈ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അബ്ദുൾ റഹ്മാൻ ആന്തുലെ അന്തരിച്ചു. എ ആർ ആന്തുലെ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുബൈയിലെ ബ്രീച്ച് കാന്ഡി ആശുപത്രിയിൽ വച്ചായിരുന്നു. വൃക്ക രോഗത്തെ തുടർച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ബുധനാഴ്ച റെയ്ഗാദ് ജില്ലയിലെ അംബെത് ഗ്രാമത്തിൽ നടക്കും. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി കസേരയിൽ എത്തിയ ഏക മുസ്ലീമായിരുന്നു ആന്തുലെ. 1980-82 കാലത്താണ് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്.

ഒന്നാം യു.പി.എ സർക്കാരിൽ ന്യൂനപക്ഷക്ഷേമ മന്ത്രിയുടെ ചുമതല വഹിച്ചത് ആന്തുലെയായിരുന്നു. എന്നാൽ അഴിമതി ആരോപണങ്ങളെ തുടർന്ന് രാജിവയ്‌ക്കേണ്ടി വന്നു. ബോംബെ ഹൈക്കോടതി അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തു. 1962 മുതൽ 76 വരെ മഹാരാഷ്ട്ര നിയമസഭയിൽ അംഗമായിരുന്നു. നിയമം, തുറമുഖം, ഫിഷറീസ്, ഭവനനിർമ്മാണം, വാർത്താവിനിമയ വകുപ്പുകൾ കൈകാര്യം ചെയ്തു. 1976 മുതൽ 80 വരെ രാജ്യസഭാംഗമായിരുന്നു.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് അവസാനം മത്സരിച്ചത്. അന്ന് ശിവസേന നേതാവ് ആനന്ദ് ഗീഥേയോട് പരാജയപ്പെട്ടതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി. 1929ൽ മഹാരാഷ്ട്രയിലെ കങ്കിഡിയിൽ ഹാഫിസ് അബ്ദുള്ള ഗഫൂറിന്റെയും സുഹ്‌റാബിയുടെയും മകനായി ജനിച്ച ആന്തുലെ ബോംബെ യൂണിവേഴ്‌സിറ്റി, ലണ്ടനിലെ ലിങ്കൺ ഇൻ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പാർലമെന്ററി അവകാശങ്ങൾ, മഹാജൻ റിപ്പോർട്ട് തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.