- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം എ.ആർ. നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തിൽ സിപിഎം നേതാക്കളുടെ കൂടുതൽ പങ്ക് പുറത്ത്; മോനു, അമ്മുശ്രീ എന്നീ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് തട്ടിയത് 12 കോടി; ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഹൈദരലി തങ്ങൾക്ക് വീണ്ടും ഇഡിയുടെ നോട്ടീസും
മലപ്പുറം: മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ചികിത്സയിൽ കഴിയുന്ന ഹൈദരലി തങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡിയുടെ നോട്ടീസ്. മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡിയുടെ നിർദ്ദേശം. നോട്ടീസ് നൽകിയത് കോഴിക്കോട് ചികിത്സയിൽ കഴിയുന്ന സ്ഥലത്തെത്തിയാണ്. കഴിഞ്ഞ ജൂലൈയിൽ ഈ കേസിൽ ഹൈദരലി തങ്ങളുടെ മൊഴി എടുത്തിരുന്നു.
ചന്ദ്രികയിലെ 10 കോടിയുടെ പണമിടപാടിൽ ഇഡി ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തിരുന്നെന്ന് കെടി ജലീൽ ഇന്നും പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ഹൈദരലി തങ്ങൾക്ക് നൽകിയ നോട്ടിസിന്റെ പകർപ്പും ജലീൽ പുറത്ത് വിട്ടിരുന്നു. ചന്ദ്രിക ദിനപത്രത്തിൽ കോടികളുടെ നിക്ഷേപമുണ്ടെന്ന സംഭവത്തിലാണ് ചോദ്യം ചെയ്തതെന്നും ഇത് ഹൈദരലി ശിഹാബ് തങ്ങളെ മാനസികമായി തളർത്തിയെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ല. തുടർന്നാണ് നേരിട്ട് പാണക്കാട് എത്തി ഇഡി ചോദ്യം ചെയ്തത്. പികെ കുഞ്ഞാലിക്കുട്ടിക്ക് വൻ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണത്തിന് ഒപ്പമായിരുന്നു കെടി ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ജലീൽ ഉന്നയിച്ചത്.
അതേ സമയം കെ.ടി.ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോഴും എ.ആർ. നഗർ സഹകരണബാങ്കിലെ കള്ളപ്പണ നിക്ഷേപത്തിൽ സിപിഎം നേതാക്കളുടെ പങ്കും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സിപിഎം മലപ്പുറം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിന്റെ മാതൃ സഹോദരീ പുത്രി ഉൾപ്പെടെയുള്ള പത്തോളം ബന്ധുക്കളുടെ പേരിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
സംസ്ഥാനചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സഹകരണ ബാങ്കിൽനിന്നും ആദായനികുതിവകുപ്പ് നിക്ഷേപത്തിൽ മാത്രം 103 കോടിയുടെ കള്ളപ്പണം കണ്ടുകെട്ടിയത്. ഇതിനു പുറമെ ഇപ്പോൾ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയ ഹരികുമാർ തന്റെ ബന്ധുക്കളുടെ പേരിൽ ബാങ്കിൽ നിന്നു പ്രവർത്തന പരിധിക്ക് പുറത്ത് വായ്പ നൽകി കോടികളുടെ വായ്പാ ക്രമക്കേടാണു കണ്ടെത്തിയിട്ടുള്ളത്. 4.5 കോടിയുടെ ഗോൾഡ് ലോൺ തട്ടിപ്പും നടന്നതായി കണ്ടെത്തിക്കഴിഞ്ഞു.
മോനു, അമ്മുശ്രീ എന്നീ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു വർഷങ്ങൾ ആയി ഹരികുമാർ ബാങ്കിന്റെ ലാഭമായ 12 കോടി തട്ടിയെടുത്തതായും വിവരങ്ങൾ പുറത്തുവന്നുകഴിഞ്ഞു. മലപ്പുറം എ.ആർ നഗർ സഹകരണബാങ്കിൽ ഇക്കഴിഞ്ഞ മാർച്ചിൽ ആദായനികുതി വകുപ്പ് നടത്തിയ 18 മണിക്കൂർ നീണ്ട മിന്നൽ റെയ്ഡിൽ പങ്കെടുത്തത് 40 ഇൻകം ടാക്സ് ഇൻസ്പെക്ടർമാരായിരുന്നു.
ബാങ്കിലെ നിക്ഷേപങ്ങളിൽ മാത്രമാണ് 103 കോടിയുടെ കള്ളപ്പണം കണ്ടെത്തിയത്. ബാങ്കിന്റെ വായ്പാ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം ഉന്നതതല ഇടപെടലിനെ തുടർന്ന് അട്ടിമറിക്കുക ആയിരുന്നുവെന്നും ആരോപണമുണ്ട്. തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലേക്കാൾ വലിയ തട്ടിപ്പാണ് എ.ആർ നഗറിൽ നടന്നതെന്നാണ് ആദായനികുതിവകുപ്പിന്റെ കണ്ടുകെട്ടലിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
മുസ്ലിം ലീഗ് ഭരിക്കുന്ന എ.ആർ നഗർ സഹകരണബാങ്കിൽ നിന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെയും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന്റെ ബന്ധുക്കളുടെയടക്കമാണ് 103 കോടിയുടെ കള്ളപ്പണം ആദായനികുതിവകുപ്പ് കണ്ടുകെട്ടിയത്.
ഇടതു വലത് മുന്നണികൾ ഭരിച്ചാലും രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ പിന്തുണയോടെ വർഷങ്ങളായി നടത്തിവന്ന കള്ളപ്പണ നിക്ഷേപമാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡിനെ തുടർന്ന് കണ്ടുകെട്ടിയത്. കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖിന്റെ പേരിലുള്ള മൂന്നരക്കോടി രൂപയുടെ നിക്ഷേപവും അതിന്റെ പലിശ രണ്ടരക്കോടി രൂപയുമടക്കം അഞ്ച് കോടി രൂപയാണ് കണ്ടുകെട്ടിയത്.
സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന്റെ സഹോദരീ പുത്രി ഇ.എൻ ചന്ദ്രിക, ഭർത്താവ് ബാങ്കിന്റെ മുൻ സെക്രട്ടറിയും വിരമിച്ച ശേഷം സഹകരണ നിയമത്തിനും വിരുദ്ധമായി സർക്കാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി നിയമിച്ച വി.കെ.ഹരികുമാർ, ജില്ലാ സെക്രട്ടറിയുടെ മറ്റു ബന്ധുക്കളായ ബാങ്കിന്റെ ബിൽ കളക്ടറായ ഇ.എൻ ഗോവിന്ദൻ, ഇ.എൻ ചന്ദ്രികയുടെ മക്കളായ ഹേമ, രേഷ്മ എന്നിവരുടെ കോടികളുടെ നിക്ഷേപവും കണ്ടുകെട്ടിയവയിൽപെടും. മരണപ്പെട്ടവരുടെയും കണ്ടെത്താൻപോലും കഴിയാത്തവരുടെയും പേരിലും കോടികളുടെ ബിനാമി നിക്ഷേപം കണ്ടുകെട്ടിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിയുടെ സഹായിയായ സിപിഎം ഊരകം ലോക്കൽ സെക്രട്ടറി എം. വൽസകുമാറിന്റെ നിക്ഷേപവും കണ്ടുകെട്ടി.
ഇക്കഴിഞ്ഞ മെയ് 25ന് ആദായനികുതിവകുപ്പ് കോഴിക്കോട് അന്വേഷണവിഭാഗം എ.ആർ നഗർ സഹകരണബാങ്കിന് നൽകിയ ഉത്തരവിൽ 53 പേരുടെ നിക്ഷേപങ്ങൾ കൈമാറുന്നതും പിൻവലിക്കുന്നതും വിലക്കികൊണ്ട് കണ്ടുകെട്ടുകയാണെന്നാണ് വ്യക്തമാക്കിയത്. പട്ടികയിലെ ഒന്നാം പേരുകാരനാണ് കുഞ്ഞാലിക്കുട്ടിയുടെ മകൻ പ്രവാസി ബിസിനസുകാരനായ ഹാഷിഖ് പാണ്ടിക്കടവത്ത്. തുക കണ്ടുകെട്ടും മുമ്പ് തന്നെ എല്ലാ നിക്ഷേപകർക്കും രേഖകൾ ഹാജരാക്കി പണം തിരികെ കൈപ്പറ്റാൻ ആദായനികുതിവകുപ്പ് അവസരം ഒരുക്കിയിരുന്നു.
രേഖകൾ ഹാജരാക്കിയ നിക്ഷേപകർക്കായി ഏഴരക്കോടിയോളം രൂപ തിരികെ നൽകിയിരുന്നു. മകന്റെ പേരിൽ എസ്.ബി.ഐ അക്കൗണ്ടിലുണ്ടായിരുന്ന നിക്ഷേപം എ.ആർ നഗർ ബാങ്കിലേക്ക് മാറ്റി നിക്ഷേപിച്ചതാണെന്നും കള്ളപ്പണമല്ലെന്നുമാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
എന്നാൽ ഇതു സംബന്ധിച്ച രേഖകൾ ആദായനികുതി വകുപ്പിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. മതിയായ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മകന്റെയും സിപിഎം ജില്ലാ സെക്രട്ടറിയുടെ ബന്ധുക്കളുടെയുമടക്കമുള്ള നിക്ഷേപം കണ്ടുകെട്ടിയത്. നേരത്തെ സഹകരണ വകുപ്പ് ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച 12 റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും അവയെല്ലാം ഭരണസ്വാധീനം ഉപയോഗിച്ച് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ പൂഴ്ത്തിവെക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.