കുവൈത്ത് സിറ്റി:  രക്ഷിതാക്കളുടെ ചങ്കിടിപ്പിന് ആക്കംകൂട്ടി ഇന്ത്യൻ, പാക്കിസ്ഥാൻ, അറബിക് സ്‌കൂളുകളിൽ ഫീസ് വർദ്ധിപ്പിക്കുന്നു. ഇതോടൊപ്പം അദ്ധ്യാപകരുടെ ശമ്പളവും വർധിപ്പിക്കാൻ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ബദർ അൽ ഈസ അനുമതി നൽകി. 20142015 വിദ്യാഭ്യാസ വർഷത്തിൽ നിലവിലെ ഫീസ് നിരക്കിൽ അഞ്ചു ശതമാനത്തിൽ കൂടാത്ത ഫീസ് വർധിപ്പിക്കാനാണ് മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. ഇതുപ്രകാരം ഈടാക്കാവുന്ന പരമാവധി ഫീസ് ഘടന മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

ഉത്തരവുപ്രകാരം ഇന്ത്യൻ സ്‌കൂളുകളിൽ അടുത്ത അധ്യയനവർഷം ഈടാക്കാവുന്ന പരമാവധി ഫീസ് ഇപ്രകാരം: നഴ്‌സറി 320 ദീനാർ, പ്രൈമറി 356 ദീനാർ, അപ്പർ പ്രൈമറി 410 ദീനാർ, സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി460 ദീനാർ.ഇന്ത്യൻ സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം കെജി വിഭാഗത്തിൽ 250 ദിനാറും എലിമെന്ററിയിൽ 263 ദിനാറും ഇന്റർമീഡിയറ്റിൽ 284 ദിനാറും ഹൈസ്‌കൂൾ വിഭാഗത്തിൽ 341 ദിനാറുമായിരിക്കണം. ലൈബ്രേറിയൻ, കംപ്യൂട്ടർ ടെക്‌നീഷ്യൻ, അക്കൗണ്ടന്റ്, നഴ്‌സുമാർ എന്നിവർക്ക് 250 ദിനാർ ശമ്പളം നൽകണം. ഇതര പ്രഫഷനൽ തസ്തികകളിൽ കുറഞ്ഞ ശമ്പളം 200 ദിനാർ ആയിരിക്കണമെന്നും നിർദേശമുണ്ട്.

പാക്കിസ്ഥാൻ സ്‌കൂളുകളിൽ കെജി വിഭാഗത്തിൽ 345 ദിനാർ,എലിമെന്ററിയിൽ 375, ഇന്റർമീഡിയറ്റിൽ 430, ഹൈസ്‌കൂൾ വിഭാഗത്തിൽ 475 ദിനാർ എന്നിങ്ങനെയാണ് പുതിയ ഫീസ് നിരക്ക്. പാക്കിസ്ഥാൻ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് കെജി വിഭാഗത്തിൽ 250 ദിനാറും
എലിമെന്ററിയിൽ 263ദിനാറും ഇന്റർമീഡിയറ്റിൽ 284ദിനാറും ഹൈസ്‌കൂൾ വിഭാഗത്തിൽ 341 ദിനാറും ശമ്പളം നൽകണം.

അറബിക് സ്‌കൂളുകളിൽ എ വിഭാഗത്തിൽപ്പെട്ടവയിൽ കെജിയിൽ 269 ദിനാർ, എലിമെന്ററിയിൽ 365, ഇന്റർമീഡിയറ്റിൽ 426, ഹൈസ്‌കൂൾ വിഭാഗത്തിൽ 561 ദിനാർ എന്നനിരക്കിലും ബി വിഭാഗത്തിൽ പെട്ടവയിൽ കെജിയിൽ 259, എലിമെന്ററിയിൽ 274, ഇന്റർമീഡിയറ്റിൽ 329, ഹൈസ്‌കൂളിൽ 402 ദിനാർ എന്നിങ്ങനെയാണു പുതുക്കിയ ഫീസ്. എ വിഭാഗത്തിലുള്ള അറബിക് സ്‌കൂളുകളിൽ അദ്ധ്യാപകരുടെ ശമ്പളം കെജിയിൽ 206 ദിനാറും, എലിമെന്ററിയിൽ 263, ഇന്റർമീഡിയറ്റിൽ 281, ഹൈസ്‌കൂളിൽ 335 ദിനാർ വീതം വേണം.

ബി വിഭാഗത്തിൽ കെജിയിൽ 206, എലിമെന്ററിയിൽ 211, ഇന്റർമീഡിയറ്റിൽ 238, ഹൈസ്‌കൂളിൽ 270 ദിനാർ എന്നിങ്ങനെയാണ് ഫീസ് നിരക്ക്. ലൈേബ്രറിയന്മാർക്കും കംപ്യൂട്ടർ സ്‌പെഷലിസ്റ്റുകൾക്കും 180 ദിനാർ നൽകണം. മറ്റു പ്രഫഷനലുകളുടെ കുറഞ്ഞ ശമ്പളം 175 ദിനാറായിരിക്കണം. സർക്കാർ നിർണയിച്ചതിൽ കൂടുതൽ തുക ട്യൂഷൻഫീസ് ഇനത്തിൽ സ്‌കൂളുകൾ ഈടാക്കരുതെന്ന് മന്ത്രി മുന്നറിയിപ്പു നൽകി.