ന്യൂഡൽഹി: ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച നടപടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിക്കണമെന്നാണ് അറബ് ലോകത്തിന്റെ ആവശ്യം. അന്താരാഷ്ട്രനിയമത്തിന്റെ ലംഘനമാണ് യുഎസിന്റെ നിലപാടെന്നാണ് ഇവരുടെ പക്ഷം. ട്രംപിന്റെ നടപടിയെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ രക്ഷാകൗൺസിലിൽ കൊണ്ടുവന്നെങ്കിലും യുഎസ് അത് വീറ്റോ ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിൽ പൊതുസഭയിൽ കൊണ്ടുവരുവാനാണ് അറബ് രാഷ്ട്രങ്ങളുടെ നീക്കമെന്ന് ഫലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് അൽ മാലിക് കെയ്റോയിൽ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനൊപ്പമാണ് മറ്റൊരു പ്രതിഷേധം അറബ് ലോകത്തു നിന്നെത്തുന്നത്.

അറബ് രാജ്യങ്ങളുടെ സുഹൃത്ത് എന്നായിരുന്നു ഇന്ത്യ അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ നരേന്ദ്ര മോദി സർക്കാരിന്റെ പിന്തുണ ഫലസ്തീൻ ഈ വിഷയത്തിൽ പ്രതീക്ഷിക്കുകയും ചെയ്തു. ഫലസ്തീനോട് എന്നും അനുഭാവ പൂർവ്വമായിരുന്നു ഇന്ത്യ പെരുമാറിയിരുന്നത്. എന്നാൽ ജെറുസലേമിലെ അമേരിക്കൻ തീരുമാനത്തെ ബ്രിട്ടൻ പോലും എതിർത്തു. മാർപ്പാപ്പ തള്ളിക്കളഞ്ഞു. യുറോപ്യൻ രാജ്യങ്ങളും സംഘർഷമുണ്ടാക്കുന്നതാണ് അമേരിക്കയുടെ തീരുമാനം എന്ന് വിശദീകരിച്ചു. അപ്പോഴും ഇന്ത്യ മാത്രം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞില്ല. ഒഴുക്കൻ മട്ടിൽ ഒരു പ്രതികരണം. ഇത് അറബ് ലോകത്തെ പ്രകോപിപ്പിക്കുകയാണ്. ഇന്ത്യൻ നിലപാടിൽ കടുത്ത അമർഷം പാലസ്ഥീൻ പ്രസിഡന്റിനുണ്ട്. ഇത് ഇന്ത്യയിലെ പാലസ്ഥീൻ നയതന്ത്ര പ്രതിനിധികൾ മോദി സർക്കാരിനെ നേരിട്ട് അറിയിക്കുകയും ചെയ്തു.

അമേരിക്കൻ നടപടിയെ അതിരൂക്ഷമായ ഭാഷയിൽ ഇന്ത്യ അപലപിച്ചേ മതിയാവൂവെന്നാണ് ഫലസ്തീന്റെ ആവശ്യം. കേന്ദ്രമന്ത്രി എംജെ അക്‌ബറിനെ നേരിൽ കണ്ട് നയതന്ത്ര പ്രതിനിധികൾ ഇക്കാര്യം അറിയിച്ചു. അറബ് ലോകത്തിന്റെ വികാരമാണ് പങ്കുവയ്ക്കുന്നതെന്നും വ്യക്തമാക്കി. അടിയന്തരമായി അമേരിക്കൻ പ്രഖ്യാപനത്തെ തള്ളി പറയണമെന്നാണ് ആവശ്യം. നയതന്ത്ര വഴികളിലൂടെ ഫലസ്തീന്റെ വികാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിനേയും പാല്‌സ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസും അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സംഘം നേരിട്ട് ഇന്ത്യൻ സർക്കാരുമായി ചർച്ച നടത്തിയത്. മൂന്നാമതൊരു രാജ്യം നടത്തിയ പ്രഖ്യാപനത്തിൽ ഇന്ത്യ നിലപാട് എടുക്കില്ലെന്ന് കേന്ദ്രമന്ത്രി എംജെ അക്‌ബർ അറിയിച്ചുവെന്നാണ് സൂചന. ഫലസ്തീന്റെ വികാരങ്ങളെ ഇന്ത്യ അംഗീകരിക്കുമെന്നും അറിയിച്ചു.

ഈ നിലപാടിൽ പ്രതിനിധി സംഘം തൃപ്തരല്ല. അമേരിക്കയുടെ ശക്തനായ പങ്കാളിയാണ് ബ്രിട്ടൺ. അവർ പോലും അമേരിക്കയെ തള്ളി പറഞ്ഞു. പക്ഷേ ഇന്ത്യ അതു ചെയ്യുന്നില്ല. ഇത് അറബ് ലോകത്തെ ആകെ നിരാശരാക്കിയിട്ടുണ്ട്. : ജെറൂസലേം ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ നടപടി തള്ളിക്കളഞ്ഞ് കിഴക്കൻ ജെറൂസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് ഇസ്ലാമിക രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുർക്കിയിലെ ഇസ്തംബൂളിൽ ചേർന്ന 57 അംഗ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ യോഗത്തിലാണ് ഈ ആഹ്വാനമുയർന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിലധിഷ്ഠിതമായ നീതിപൂർവകവും സമഗ്രവുമായ സമാധാനമാണ് ഫലസ്തീൻ-ഇസ്രയേൽ പ്രശ്നത്തിൽ ഉണ്ടാവേണ്ടതെന്നും യോഗം ആവർത്തിച്ച് പ്രഖ്യാപിച്ചു.

ഉത്തരവാദി അമേരിക്കൻ ഭരണകൂടം ഫലസ്തീനിലെ ഇസ്രയേലി അധിനിവേശം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത യോഗം, ജെറൂസലേമുമായി ബന്ധപ്പെട്ട തീരുമാനത്തിൽ നിന്ന് ട്രംപ് പിന്മാറണമെന്നും അല്ലാത്തപക്ഷം ഉണ്ടാവുന്ന മുഴുവൻ പ്രത്യാഘാതങ്ങൾക്കും ട്രംപ് ഭരണകൂടമായിരിക്കും ഉത്തരവാദിയെന്നും വ്യക്തമാക്കി. അമേരിക്കയുടെ ഈ തീരുമാനം അപകടകരമാണ്. ജെറൂസലേമിന്റെ നിയമപരമായ അവസ്ഥയെ മാറ്റാനുള്ള ശ്രമത്തിന് യാതൊരു നിയമസാധുതയുമില്ല. രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കും ഫലസ്തീനികളുടെ അവകാശത്തെ പിന്തുണയ്ക്കുന്ന മുഴുവൻ മുസ്ലിം രാഷ്ട്രങ്ങളും ജെറൂസലേമിനെ ഫലസ്തീൻ തലസ്ഥാനമായി അംഗീകരിക്കാൻ തയ്യാറാണ്. ജെറൂസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന രാഷ്ട്രങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാൻ മുസ്ലിം രാഷ്ട്രങ്ങൾ ഒരുക്കമാണെന്നും ഒ.ഐ.സി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയോട് ശക്തമായ നിലപാട് എടുക്കാൻ ആവശ്യപ്പെട്ടത്. ഇതിന് ഇന്ത്യ തയ്യാറായില്ലെങ്കിൽ അറബ് രാജ്യങ്ങൾ കടുത്ത നടപടിയെടുക്കാൻ സാധ്യത ഏറെയാണ്.

അമേരിക്കയെ മധ്യസ്ഥനായി അംഗീകരിക്കില്ല ജെറൂസലേം ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുന്നതിലൂടെ ഫലസ്തീൻ പ്രശ്നത്തിൽ മധ്യസ്ഥം വഹിക്കാനുള്ള അവകാശം അമേരിക്കയ്ക്ക് ഇല്ലാതായിരിക്കുകയാണെന്നും ഇനി അമേരിക്കയെ മധ്യസ്ഥനായി സ്വീകരിക്കുന്ന പ്രശ്നമില്ലെന്നും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞിട്ടുണട്്. ലോകമുസ്ലിംകളുടെ കൂട്ടായ്മയെന്ന രീതിയിൽ 1969ലാണ് ഒ.ഐ.സി നിലവിൽ വന്നത്. ഫലസ്തീൻ സംബന്ധിച്ച് ഇന്ത്യയുടെ നിലപാടുകൾ സ്വതന്ത്രവും ഉറച്ചതുമാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞിരുന്നു. യെരുശലേം സംബന്ധിച്ച് ട്രംപിന്റെ പ്രഖ്യാപനം വന്നതിനെത്തുടർന്നാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. അതിന് അപ്പുറത്തേക്കുള്ളൊരു പ്രതികരണം വരാത്തതാണ് അറബ് രാജ്യങ്ങളെ ചൊടിപ്പിക്കുന്നത്.

കിഴക്കൻ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീൻ രാജ്യം എന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് സൗദി രാജാവ് സൽമാൻ അബ്ദ് അൽ അസീസ് അൽ സൗദും വ്യക്തമാക്കിയിട്ടുണ്ട്. ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സൗദി രാജാവ് നിലപാട് വ്യക്തമാക്കിയത്. പ്രാദേശിക പ്രതിസന്ധി പരിഹരിക്കുന്നതിന്നതിന് രാഷ്ട്രീയ സമവാക്യങ്ങളാണ് വേണ്ടതെന്നാണ് സൗദിയുടെ നിലപാടെന്ന് രാജാവ് പറഞ്ഞു. എന്നാൽ ഫലസ്തീൻ ജനങ്ങളുടെ നിയമപരമായ അവകാശങ്ങളെ ലംഘിക്കുന്ന നടപടികൾ അംഗീകരിക്കില്ല. കിഴക്കൻ യെരുശലേം തലസ്ഥാനമായുള്ള സ്വതന്ത്രരാജ്യം ഫലസ്തീൻ ജനതയുടെ അവകാശങ്ങളിൽ പെട്ടതാണെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.

ഫലസ്തീൻ ജനതയ്ക്ക് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച് നൽകിയ അവകാശങ്ങൾ ലംഘിക്കുന്ന നടപടിയാണ് അമേരിക്കൻ പ്രസിഡന്റിൽ നിന്നും ഉണ്ടായിരിക്കുന്നതെന്നും സൽമാൻ രാജാവ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ ചരിത്രപരമായ അവകാശങ്ങളെ അംഗീകരിക്കാതിരിക്കുന്ന യുഎസ് തീരുമാനത്തിൽ സൗദിക്ക് കടുത്ത പ്രതിഷേധവും അങ്ങേയറ്റം ദുഃഖവുമുണ്ടെന്നും പ്രഖ്യാപനത്തിൽ എടുത്ത് പറയുന്നുണ്ട്.