തിരുവനന്തപുരം: ഒരാച്ചാരുടെ കഥയല്ല ആരാച്ചാർ എന്ന നോവൽ. മറിച്ച് ധാർമികത നഷ്ടമായ സമൂഹത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ് കെ ആർ മീരയുടെ ഈ സാഹിത്യ സൃഷ്ടി.

കൊൽക്കത്തയുടെ പ്രൗഢഗംഭീരമായ സംസ്‌കാരത്തിലൂന്നി ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ പറഞ്ഞ നോവൽ പുരസ്‌കാരനേട്ടത്തിലെത്തുമ്പോൾ വീണ്ടും ചർച്ചയാകുന്നത് ഈ സൃഷ്ടി മുന്നോട്ടുവച്ച ആശയങ്ങളും ആശങ്കളുമാണ്.

ആധുനിക സമൂഹത്തെ നിത്യവും മഥിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ ധാർമിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നു എന്ന പ്രത്യേകത നോവലിനുണ്ട്. ഇന്നു സമൂഹത്തിൽ ആവശ്യത്തിനും അനാവശ്യത്തിനും നടക്കുന്ന മാദ്ധ്യമ ഇടപെടലുകളും ധാർമികത നഷ്ടമാകുന്ന രീതിയിലുള്ള വാണിജ്യവൽക്കരണവും ചൂണ്ടിക്കാട്ടുന്ന കൃതിയാണ് ആരാച്ചാർ.

അസഹിഷ്ണുതയുടെ കാലമെന്നു വിശേഷിപ്പിക്കപ്പെടുന്ന വർത്തമാനകാലത്ത് ഭരണകൂട ഭീകരതയെ എതിർക്കുന്ന ആയുധമാണ് ആരാച്ചാർ. കേവലം ഒരു ആരാച്ചാരുടെ കഥ എന്നു പറഞ്ഞു നിർത്താവുന്നതല്ല ഈ നോവൽ. മലയാള നോവൽ സാഹിത്യത്തിൽ പ്രമേയത്തിന്റെ പുതുമ കൊണ്ടും ആഖ്യാന ചാതുരികൊണ്ടും വേറിട്ടുനിൽക്കുന്ന ഈ നോവലിനെ ഒരു ആധുനിക ക്ലാസിക് എന്നാണ് പ്രമുഖ നിരൂപകർ വിലയിരുത്തിയത്.

2012ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച നോവലായി ഇന്ത്യാടുഡേയടക്കം പല പ്രസിദ്ധീകരണങ്ങളും ആരാച്ചാരിനെ തിരഞ്ഞെടുത്തിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ് തുടങ്ങിയവ ആരാച്ചാർ കൃതിക്ക് ലഭിച്ചിരുന്നു.

അംഗീകാരങ്ങൾ മാത്രമല്ല, വിവാദങ്ങളും 'ആരാച്ചാരെ' വിടാതെ പിന്തുടർന്നിരുന്നു. നോവൽ മോഷണമെന്ന ആരോപണമാണ് ഇതിനെതിരെ നേരത്തെ ഉയർന്നത്. ഇന്റർനെറ്റിൽ നിന്നും മറ്റു പുസ്തകങ്ങളിൽ നിന്നും കോപ്പി പേസ്റ്റ് ചെയ്ത കാര്യങ്ങൾ നോവലിലുണ്ടെന്നു കാട്ടിയാണ് ചില കോണിൽനിന്ന് എതിർപ്പ് ഉയർന്നത്. മലയാളം, ഇംഗ്ലീഷ് നോവലുകളിൽ നിന്നും പ്രധാന ഭാഗങ്ങൾ അടർത്തിമാറ്റി മറ്റൊരു നോവൽ ഉണ്ടാക്കുക മാത്രമാണ് എഴുത്തുകാരി ചെയ്തിരിക്കുന്നതെന്ന വാദമാണ് പരാതിക്കാർ ഉയർത്തിയത്. ഒരിക്കൽ പോലും വായിച്ചു നോക്കാതെയാണ് ജൂറി മീരയ്ക്ക് അവാർഡ് നൽകിയതെന്ന ആരോപണവും ഉയർന്നിരുന്നു.

എന്നാൽ, വായനക്കാരുടെ നിർലോഭ പിന്തുണ ആരാച്ചാർക്കു ലഭിച്ചിരുന്നു. ഒടുവിൽ കേന്ദ്ര സാഹിത്യ അക്കാദമിയും മീരയുടെ കൃതിയെ അംഗീകരിച്ചു.