- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിൽ നിന്ന് കൊണ്ടുവരുന്ന മാസ് മീനും ബിണ്ട്യ പലഹാരവും; കുട്ടികൾക്ക് മരുന്നായി ഉപയോഗിക്കുന്ന പള്ളിക്കച്ചോറ്; പുതുമണവാട്ടിയുടെ മുറിയിൽ വയ്ക്കുന്ന സൗന്ദര്യസംരക്ഷണ ലേപനമായ മോന; പ്രസവം കഴിഞ്ഞാൽ മൂന്ന് ദിവസം പൊരിച്ചുണക്കിയ റൊട്ടിയും നെയ്യൊഴിച്ച കാപ്പിയും മാത്രം; അറയ്ക്കൽ ബീവിമാരുടെ ആരോഗ്യചര്യകൾ ഒന്നുവേറെ തന്നെ; പരമ്പര രണ്ടാം ഭാഗം
ചരിത്രം ഒളിപ്പിച്ചുവച്ചിരിക്കുന്ന ചില രസക്കൂട്ടുകൾ ഉണ്ട്. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിനും പറയാനുണ്ട് പുതുതലമുറയ്ക്ക് അധികം അറിയാത്ത ചില രസക്കൂട്ടുകൾ. അവ ശീലങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി വന്നതാണെങ്കിലും ആരോഗ്യ സംരക്ഷണത്തിൽ അതീവശ്രദ്ധാലുക്കളായ ന്യൂജൻകാർക്ക് പഠിക്കാനുണ്ട് ഏറെ. അറയ്ക്കൽ രാജവംശം പിന്തുടരുന്ന ചില നല്ല ആരോഗ്യ ശീലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് മറുനാടന്റെ കണ്ണൂർ ലേഖകനായ രഞ്ജിത് ബാബു. പരമ്പര രണ്ടാം ഭാഗം ആരോഗ്യകാര്യത്തിൽ അറയ്ക്കൽ രാജവംശത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. അറയ്ക്കലിനും അവരുമായി അടുപ്പമുള്ളവർക്കും ഒരു മീനുണ്ട്. ലക്ഷദ്വീപിൽ നിന്നാണ് അറയ്ക്കൽ സുൽത്താന്മാർ ഇതുകൊണ്ടു വരിക. അതിന്റെ വിളിപ്പേര് മാസ് എന്നാണ്. അയക്കൂറയുടെ ആകൃതിയുള്ള ഈ മീനിന് കേതൽ എന്നും പറയാറുണ്ട്. അപൂർവ്വമായി നമ്മുടെ വിപണിയിലും ഇവ എത്തിച്ചേരാറുണ്ടെങ്കിലും ദ്വീപിലെ മീൻ ആകൃതിയിലും രുചിയിലും ഭിന്നമാണ്. മുറിച്ച് ഉപ്പിലിട്ട് ഉണക്കി അറയ്ക്കലിലെത്തുന്ന ഈ മീൻ ഒരു വർഷത്തിലേറെ സൂക്ഷിച്
ചരിത്രം ഒളിപ്പിച്ചുവച്ചിരിക്കുന്ന ചില രസക്കൂട്ടുകൾ ഉണ്ട്. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിനും പറയാനുണ്ട് പുതുതലമുറയ്ക്ക് അധികം അറിയാത്ത ചില രസക്കൂട്ടുകൾ. അവ ശീലങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി വന്നതാണെങ്കിലും ആരോഗ്യ സംരക്ഷണത്തിൽ അതീവശ്രദ്ധാലുക്കളായ ന്യൂജൻകാർക്ക് പഠിക്കാനുണ്ട് ഏറെ. അറയ്ക്കൽ രാജവംശം പിന്തുടരുന്ന ചില നല്ല ആരോഗ്യ ശീലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് മറുനാടന്റെ കണ്ണൂർ ലേഖകനായ രഞ്ജിത് ബാബു. പരമ്പര രണ്ടാം ഭാഗം
ആരോഗ്യകാര്യത്തിൽ അറയ്ക്കൽ രാജവംശത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. അറയ്ക്കലിനും അവരുമായി അടുപ്പമുള്ളവർക്കും ഒരു മീനുണ്ട്. ലക്ഷദ്വീപിൽ നിന്നാണ് അറയ്ക്കൽ സുൽത്താന്മാർ ഇതുകൊണ്ടു വരിക. അതിന്റെ വിളിപ്പേര് മാസ് എന്നാണ്. അയക്കൂറയുടെ ആകൃതിയുള്ള ഈ മീനിന് കേതൽ എന്നും പറയാറുണ്ട്. അപൂർവ്വമായി നമ്മുടെ വിപണിയിലും ഇവ എത്തിച്ചേരാറുണ്ടെങ്കിലും ദ്വീപിലെ മീൻ ആകൃതിയിലും രുചിയിലും ഭിന്നമാണ്. മുറിച്ച് ഉപ്പിലിട്ട് ഉണക്കി അറയ്ക്കലിലെത്തുന്ന ഈ മീൻ ഒരു വർഷത്തിലേറെ സൂക്ഷിച്ചു വെക്കാം. ആരോഗ്യത്തിന് ഉത്തമമായ ഈ മത്സ്യത്തിന്റെ ഗുണഗണമൊക്കെ പുതിയ തലമുറയ്ക്ക് അന്യമാണ്. എന്നാൽ രാജകുടുംബത്തിലെ പിന്മുറക്കാർ ഈ ശീലം കൈവിട്ടിട്ടില്ല. ലക്ഷദ്വീപിൽ നിന്നും കൊണ്ടു വരുന്ന മാസിന് ഇപ്പോൾ ഗുണനിലവാരമനുസരിച്ച് കിലോഗ്രാമിന് 2000 രൂപ വരെ വിലയുണ്ട്. കണ്ണൂരിലിപ്പോൾ ഇതെത്തുന്നത് അറയ്ക്കലിലേക്ക് മാത്രമാണ്. ലക്ഷദ്വീപിൽ നിന്നും വരുന്ന ഒരു പലഹാരമുണ്ട്. ബിണ്ട്യ എന്നു പേർ. തെങ്ങിൻ ചക്കരയും അരിയും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. രുചിയിലും ഗുണത്തിലും മറ്റേത് പലഹാരത്തേയും വെല്ലുന്ന ബിണ്ട്യ അറയ്ക്കൽക്കാർക്കായി ഇപ്പോഴും എത്തുന്നുണ്ട്.
പള്ളിക്കച്ചോറാണ് അറയ്ക്കലിന്റെ മറ്റൊരു പ്രശസ്തമായ വിഭവം. കുട്ടികൾക്ക് മരുന്നായും മറ്റും ഉപയോഗിക്കുന്ന പള്ളിക്കച്ചോറ് അറബി മാസം 11 ാം തീയ്യതിയാണ് പാകം ചെയ്യുക. പ്രത്യേകം തയ്യാറാക്കുന്ന അരിയാണ് ഇതിന് ഉപയോഗിക്കുക. മുൻ കാലങ്ങളിൽ ആദ്യത്തെ അരിയിടുന്നത് രാജാവാണെന്ന് ബദരിയാ ബീവി പറഞ്ഞു. അരി വേവുമ്പോൾ ഉപ്പ്, കറുവപ്പട്ട, ഏലക്ക, എന്നിവയും നെയ്യും ചേർത്താണ് ഇത് ഉണ്ടാക്കുക. തിളച്ച് വറ്റിയചോറ് കൊണ്ടു പോകുന്നവർ ഇത് ഉണക്കി വറുത്തെടുത്തെടുത്ത് വീടുകളിൽ സൂക്ഷിക്കും. ഈ ചോറിൽ വെള്ളമൊഴിച്ച് ആ വെള്ളം ചർദ്ദി അതിസാരം എന്നിവക്ക് മരുന്നായും ഉപയോഗിക്കും. എന്നാൽ രാജഭക്ഷണം എന്ന പേരിൽ പള്ളിക്കച്ചോറ് മറ്റ് ചിലരും പാകം ചെയ്യുന്നുണ്ടെന്നും അതിന് പഴയ ഗുണമൊന്നും ഇല്ലെന്നും ആരോപണമുണ്ട്.
അറയ്ക്കൽ ബീവിമാരുടെ ചര്യയിൽ നിന്നും നഷ്ടപ്പെട്ടത് അതിപ്രധാനമായ സൗന്ദര്യ സംരക്ഷണ ലേപനമാണ്. 'മോന' എന്ന പേരിലറിയപ്പെട്ടിരുന്ന ഈ സൗന്ദര്യലേപനം ഉപയോഗിച്ചിരുന്ന ബീവിമാരുടെ മുഖം പൂർണ്ണചന്ദ്രനെ പോലെ തിളക്കമുള്ളതായിരുന്നുപോൽ. വിവിധ വാസനദ്രവ്യങ്ങളും ഔഷധ കൂട്ടും ചേർത്ത് ഉണ്ടാക്കുന്നതാണ് മോന. ഈ ലേപനം പുരട്ടിയ ബീവി കൊട്ടാരത്തിന്റെ ഏതറ്റത്തിരുന്നാലും കൊട്ടാര കെട്ടു മുഴുവൻ സുഗന്ധ പൂരിതമാകും. അത്രക്ക് സുഗന്ധമുള്ളതാണ് മോന. പുതുമണവാട്ടിയുടെ മുറിയിൽ മോന കൊണ്ടു വെക്കുന്ന പതിവും അക്കാലത്തുണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങളും ഔഷധക്കൂട്ടും അരച്ച് പത്ത് ദിവസം മൂടി വെക്കും. അതിന് ശേഷമാണ് മോന ഉപയോഗിക്കുക. ഔഷധ വീര്യം കൂട്ടാനും സുഗന്ധ വർദ്ധനവിനുമാണ് ഇങ്ങിനെ ചെയ്യുന്നത്. മോനയുടെ ചേരുവകൾ വരും തലമുറക്ക് കൈമാറാത്തതിനാൽ ഇന്നും അജ്ഞാതമായി അവശേഷിക്കുന്നു.
അറയ്ക്കലിൽ പ്രസവിക്കുന്ന പെണ്ണിന്റെ ചിട്ട കേട്ടാൽ അത്ഭുതമാണ്. പ്രസവം കഴിഞ്ഞാൽ മൂന്ന് ദിവസം പൊരിച്ചുണക്കിയ റൊട്ടിയും നെയ്യൊഴിച്ച കാപ്പിയും മാത്രമേ കഴിക്കാവൂ. ഒരു ചെമ്പ് നിറയെ നെയ്യൊഴിച്ച കാപ്പിയുണ്ടാകും. റൊട്ടി പൊരിച്ചതും അട്ടിയാക്കി വെച്ചിരിക്കും. പെറ്റ വയറിന്റെ ശുചിത്വത്തിനും അഴകിനും ഇതാണ് അറയ്ക്കലിന്റെ രീതി. പ്രസവിച്ച സ്ത്രീ കാൽ നിലത്ത് തൊടീക്കരുത്. മൂന്ന് മാസം വരെ ഈ ചിട്ട അനുഷ്ടിക്കണം. കിടക്കാനും ഇരിക്കാനും നിൽക്കാനുമൊക്കെ പലകകൾ ഉണ്ടാകും. ഏഴാം ദിവസം മുതൽ ഉലുവകഞ്ഞി നിർബന്ധമാണ്. 22 ാം ദിവസം മുതൽ കൊട്ടാരത്തിൽ തന്നെ പാകം ചെയ്യുന്ന ലേഹ്യ സേവയാണ്. ലേഹ്യ സേവ കഴിയുമ്പോഴേക്കും പ്രസവിച്ച സ്ത്രീ പൂർവ്വ സ്ഥതിയിലെത്തും. പുതിയ തലമുറയിലെ ചിലർക്ക് ഇതിന്റെ രഹസ്യമറിയാം. അവർ ഈ മരുന്ന് സേവിക്കാറുമുണ്ട്. ഒരു കാലത്ത് കരയിലും കടലിലും ആധിപത്യം സ്ഥാപിച്ച അറയ്ക്കലിലെ ആരോഗ്യ ജീവിത ചര്യകൾ പലതും മാഞ്ഞു പോയിരിക്കുന്നു.
അറയ്ക്കൽ രാജവംശം-ചെറുചരിത്രം
14 ാം നൂറ്റാണ്ടിന്റെ ആദ്യ ദശയിലാണ് കണ്ണൂരിലെ അറക്കൽ രാജവംശം സ്ഥാപിതമായത്. കോലത്തിരിയുടെ കപ്പൽ പടയുടെ അധിപതി രാമൻന്തളി അരയൻ കുളങ്ങര നായർ തറവാട്ടിലെ ഒരു വ്യക്തി ഇസ്ലാം മതത്തിൽ ചേർന്ന് മുഹമ്മദാലി ആയിത്തീരുകയും ഒരിക്കൽ അദ്ദേഹം ഏഴിമല പുഴയിൽ കുളിച്ചു കൊണ്ടിരിക്കേ നടുപ്പുഴയിലെത്തിയ ഒരു കോലത്തിരി തമ്പുരാട്ടി മുങ്ങി താഴുന്നത് കണ്ടെന്നും പുഴയിൽ ചാടി തമ്പ്രാട്ടിയെ രക്ഷിക്കുകയും ചെയ്തു. പുഴയിൽ മുങ്ങി കൊണ്ടിരിക്കുന്ന തന്നെ രക്ഷിച്ച യുവാവിന് തമ്പ്രാട്ടി വിവാഹം കഴിക്കാൻ നിർബന്ധം പിടിക്കുകയും കോലത്തിരി രാജാവ് തന്നെ മമ്മാലിക്ക് തമ്പ്രാട്ടിയെ വിവാഹം കഴിക്കാൻ അനുമതി നൽകുകയും ചെയ്തു. അങ്ങിനെ ഉത്ഭവിച്ചതാണ് അറക്കൽ രാജവംശം എന്നാണ് ഐതീഹ്യം.
അറക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ മുഹമ്മദലി എന്നു പേരുള്ള ഒരു രാജാവായിരുന്നുവെന്ന് മലബാർ മാന്യുവലിൽ വില്യും ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തെ രാജാവ് മുഹമ്മദലിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അറക്കൽ സ്വരൂപത്തിലെ ഭരണാധിപന്മാരെല്ലാം അലിരാജാ എന്ന് പേര് ചേർത്തിരുന്നു. കേരളത്തിലെ ആദ്യ മുസ്ലിം ഭരണാധികാരി എന്ന നിലയിൽ ആധിരാജാ എന്നും കടലുകളുടെ അധിപതി എന്ന നിലിയിൽ ആഴി രാജാ എന്നും പേര് വന്നതായും അറിയുന്നു.
ഇന്നത്തെ ധർമ്മടം അക്കാലത്തെ ധർമ്മ പട്ടണമായിരുന്നു. അവിടെ നിന്നും മതപരിവർത്തനത്തിന് ശേഷം അറക്കൽ കുടുംബം കണ്ണൂരിൽ സ്ഥിര താമസമാക്കി. കോട്ട കൊത്തളങ്ങളും പ്രാർത്ഥനാലയങ്ങളും അവർ നിർമ്മിച്ചു. കണ്ണൂരിനെ ഒരു പ്രധാന തുറമുഖ പട്ടണമാക്കിയത് അറക്കൽ രാജവംശമായിരുന്നു. അതുകൊണ്ടു തന്നെ മധ്യകാല കേരളത്തിലെ വ്യാവസായിക രാഷ്ട്രീയ മേഖലകളിൽ അറക്കൽ രാജവംശത്തിനും കണ്ണൂരിനും പ്രധാന പരിഗണന ലഭിച്ചു. കണ്ണൂരിന്റെ അക്കാലത്തെ പുരോഗതിയും ഈജിപ്ത്, ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധമായിരുന്നു. കുരുമുളക്, കാപ്പി., സുഗന്ധ വ്യജ്ഞനങ്ങൾ, വെറ്റില, അടക്ക തുടങ്ങിയ ഉത്പ്പന്നങ്ങൾ അറക്കൽ രാജവംശത്തിന്റെ പ്രതാപ കാലത്ത് കയറ്റി അയച്ചിരുന്നു. രാജവംശത്തിലെ 38ാമത് അറയ്ക്കൽ സുൽത്താനയായി ആദിരാജാ ഫാത്തിമാ മുത്തുബീവി ജൂലൈയിലാണ് അധികാരമേറ്റത്.