- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌ക്കൂൾ ബസിന് മുകളിലേക്ക് വലിയ ശബ്ദത്തോടെ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു; വൈദ്യുത കമ്പികളും കേബിളുകളും ഒപ്പം വീണു; എന്തു ചെയ്യണമെന്നറിയാതെ ഒന്നു പകച്ചു; ഒട്ടും ആലോചിക്കാതെ കുട്ടികളെ ബസിനുള്ളിൽ നിന്നും പുറത്തിറക്കി; കൺമുന്നിൽ നടന്ന അപകടം ഓർക്കാനാകുന്നത് നടുക്കത്തോടെ മാത്രം; മരട് സ്വദേശി വിനു അപകടം ഓർത്തെടുക്കുമ്പോൾ
കൊച്ചി: സ്‌ക്കൂൾ ബസിന് മുകളിലേക്ക് വലിയ ശബ്ദത്തോടെ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീഴുന്നു. വൈദ്യുത കമ്പികളും കേബിളുകളും ഒപ്പം വീഴുന്നു. എന്തു ചെയ്യണമെന്നറിയാതെ ഒന്നു പകച്ചു നിന്നു. പിന്നെ ഒട്ടും ആലോചിക്കാതെ കുട്ടികളെ ബസിനുള്ളിൽ നിന്നും പുറത്തിറക്കി സുരക്ഷിതമാക്കി. കൺമുന്നിൽ നടന്ന അപകടത്തെ പറ്റി പറയുമ്പോൾ മരട് സ്വദേശി വിനുവിന്റെ കണ്ണുകളിലെ നടുക്കം ഇതുവരെയും വിട്ട് മാറിയിരുന്നില്ല.
രാവിലെ 7.40 നാണ് മരട് വൈക്കത്തുശ്ശേരി റോഡിൽ എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയ സ്‌ക്കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണത്. മിനിട്ടുകൾക്ക് മുൻപ് ഈ ഭാഗത്ത് വൈദ്യുതി നിലച്ചിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ബസിനുള്ള 8 കുട്ടികളും ഡ്രൈവറും ആയയുമായിരുന്നു ഉണ്ടായിരുന്നത്. സ്‌ക്കൂൾ ബസ് കടന്നു പോകുമ്പോൾ അപകടകരമായി ചരിഞ്ഞു നിന്നിരുന്ന വൈദ്യുത പോസ്റ്റിലെ താഴ്ന്നു കിടന്ന കേബിളിൽ മുട്ടുകയും തുടർന്ന് പോസ്റ്റ് ഒടിഞ്ഞു വീഴുകയുമായിരുന്നു. വിനുവും ഓടി കൂടിയ സമീപവാസികളും ചേർന്നാണ് കുട്ടികളെ ബസിൽ നിന്നുമിറക്കി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്.
കാലങ്ങളായി ഒടിഞ്ഞു വീണ പോസ്റ്റിന്റെ അവസ്ഥ മോശമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭാ കൗൺസിലറോടും കെ.എസ്.ഇ.ബി അധികാരികളോടും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു എന്ന് കണ്ട വിനുവും നാട്ടുകാരും പറയുന്നു. കാലപഴക്കം കൊണ്ട് തകർന്ന നിലയിലായിരുന്നു പോസ്റ്റ്. അതിന്റെ തൊട്ടടുത്ത് തന്നെയാണ് പൊതു പൈപ്പും നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ അവിടെ വൈള്ളം എടുക്കാനായി ആളുകൾ കൂടുന്ന സ്ഥലമാണ്. എപ്പോഴെങ്കിലും പോസ്റ്റ് ഒടിഞ്ഞാൽ വൈള്ളം എടുക്കാനായി വരുന്ന സമീപവാസികളുടെ തലയിൽ വീഴും എന്നതായിരുന്നു നാട്ടുകാരുടെ പേടി.
ദുർബലമായ ഈ പോസ്റ്റിൽ കേബിൾ കണക്ഷനുകളുടെ വലിയ റോൾ കേബിളുകളാണ് കെട്ട് വെച്ചിരുന്നത്. ഇതിൽ നിന്നും താഴേക്ക് ഞാന്നു കിടന്നിരുന്ന ഒരു കേബിൾ ലൈനാണ് വാനിൽ കുരുങ്ങിയത്. നാട്ടുകാരുടെ സ്ഥിരമായ പരാതിയേ തുടർന്ന് വാർഡ് കൗൺസിലർ ഇടപെട്ട് പോസ്റ്റ് വലിച്ചു കെട്ടാൻ പദ്ധതി ഇട്ടിരുന്നു. എന്നാൽ പോസ്റ്റിനോട് ചേർന്ന് ഒരാളുടെ മതിൽ ഉണ്ടായിരുന്നു. സ്റ്റേ വലിച്ചു കെട്ടണമെങ്കിൽ സ്ഥല ഉടമയുടെ അനുവാദം വേണമായിരുന്നു. എന്നാൽ അവർ അതിന് അനുവാദം നൽകിയിരുന്നില്ല.
മരട് നഗരസഭയിൽ ഇത്തരം അനധികൃത കേബിളുകൾ നീക്കം ചെയ്യാൻ കേബിൾ ടി.വി ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകുകയും അഴിച്ചു മാറ്റുന്നതിനായ് ഒരുമാസം സമയവും അനുവദിച്ചിരുന്നു. എന്നാൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഒത്താശയിൽ കേബിൽ ടിവി ഓപ്പറേറ്റർമാർ നിർദ്ദേശത്തെ അവഗണിക്കുകയും അപകടകരമായ കേബിൾലൈനുകൾ അഴിച്ച് മാറ്റുകയും ചെയ്തിരുന്നില്ല. കേവലം പത്ത് രൂപയിൽ താഴെയാണ് ഒരു പോസ്റ്റിന് വാടകയായി കെ.എസ്.ഈ.ബി ഈടാക്കുന്നത്. പക്ഷെ കേബിളിൽ കുരുങ്ങി നിരവധി ആളുകളാണ് ഇവിടെ അപകടത്തിൽപെടുന്നത്.
അതു മൂലം കഴിഞ്ഞ കുറേ ദിവസങ്ങളായി താഴ്ന്നു കിടക്കുന്ന കേബിളുകൾ ഒരു മുന്നറിയിപ്പുമില്ലാതെ അറുത്തു മാറ്റുകയാണെന്ന് നഗര സഭാ ചെയർമാൻ ആന്റണി ആശാരിപറമ്പിൽ. ഒടിഞ്ഞു വീണ പോസ്റ്റ് എടുത്തു മാറ്റിയ ശേഷം സ്‌ക്കൂൾ ബസ് വർക്ക്‌ഷോപ്പിലേക്ക് മാറ്റി.