- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശുദ്ധ ഹജ്ജ് കർമ്മത്തിലെ അറഫാ സംഗമം നടന്നു; ശുഭ്ര വസ്ത്രധാരികളായി പ്രാർത്ഥനയിൽ മുഴുകി ഹാജിമാർ; ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് സംഘത്തെ നയിച്ച് എ.പി അബ്ദുള്ളക്കുട്ടി; അയ്യായിരത്തിൽ അധികം മലയാളികളും സംഘത്തിൽ
മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടന്നു. നമീറ പള്ളിയിൽ ഇമാം അറഫാ പ്രഭാഷണം നടത്തി. 10 ലക്ഷം പേരാണ് ഇത്തവണ ഹജ്ജ് നിർവ്വഹിക്കുന്നത്. ഇതിൽ എട്ടര ലക്ഷം പേർ വിദേശികളും ഒന്നര ലക്ഷം പേർ സൗദിയിലെ ആഭ്യന്തര തീർത്ഥാടകരുമാണ്. 79,237 ഇന്ത്യാക്കാരാണ് ഹജ്ജ് നിർവ്വഹിക്കാനെത്തിയത്. സംഘത്തെ നയിക്കുന്നത് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ള കുട്ടിയാണ്.
ഇതിൽ മലയാളികളായ അയ്യായിരത്തിലധികം പേരുണ്ട്. ഇന്ത്യൻ ഹാജിമാർക്ക് മികച്ച സേവനമാണ് ഒരുക്കിയിരിക്കുന്നതെന്ന് അബ്ദുള്ള കുട്ടി പറഞ്ഞു. തീർത്ഥാടകർക്ക് മെട്രോ സൗകര്യം ഏർപെടുത്തിയത് വളരെ വലിയ സൗകര്യമായിരുന്നുവെന്ന് അബ്ദുള്ളകുട്ടി അറിയിച്ചു. ഇന്നലെ വൈകീട്ടു വരെ അറഫയിൽ പ്രാർത്ഥനയുമായി കഴിച്ചുകൂടിയ വിശ്വാസികൾ രാത്രി മുസ്തലിഫയിൽ രാപാർത്തു.
ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിനാണ് അറഫാ മണൽപരപ്പ് സാക്ഷ്യം വഹിക്കുന്നത്. വിശുദ്ധ ഹജ്ജ് കർമത്തിന്റെ ഏറ്റവും പ്രധാന ചടങ്ങാണ് അറഫാ സംഗമം. ഖലീലുല്ലാഹി ഇബ്റാഹീം നബി(അ)ന്റെയും മകൻ ഇസ്മാഈൽ(അ)ന്റെയും ത്യാഗ സ്മരണകൾ അയവിറക്കി ഒരു രാത്രി മുഴുവൻ മിനായിൽ പ്രാർത്ഥനയിൽ കഴിഞ്ഞ ഹാജിമാർ സുബ്ഹി നിസ്‌കാരത്തോടെയാണ് ജബൽ റഹ്മ പർവതത്തിന്റെ താഴ്‌വാരത്ത് അറഫാ മൈതാനം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയത്. വർണ, വർഗ, ഗോത്ര, ദേശ, ഭാഷാ വൈജാത്യങ്ങളില്ലാതെ, ശുഭ്ര വസ്ത്രധാരികളായി തൽബിയ്യത്തിന്റെ മന്ത്രധ്വനികൾ ഉരുവിട്ടാണ് അറഫയിൽ അവർ തടിച്ചുകൂടിയിരിക്കുന്നത്.
മക്കയിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി അറഫാത്ത് സമതലത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് അറഫ. വർഷത്തിൽ ഒരു ദിവസം മാത്രമാണ് ആളുകൾ ഇവിടെ എത്തിച്ചേരുന്നത്. ഏകദേശം 70 മീറ്റർ ഉയരത്തിലാണ് അറഫാത്ത് പർവതം തലയുയുർത്തി നിൽക്കുന്നത്. ഇവിടെ വച്ചാണ് ഹിജ്‌റ 10-ാം വർഷം അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ചരിത്ര പ്രസിദ്ധമായ അവസാന വിടവാങ്ങൽ പ്രഭാഷണം നടന്നത്. പ്രവാചകരുടെ പാദസ്പർശമേറ്റ സ്ഥലമായ ഈ മലയിൽ നിൽക്കൽ അറഫാ ദിനത്തിൽ വളരെ പുണ്യമുള്ളതായി വിശ്വാസികൾ കരുതുന്നു.
ഹജ്ജത്തുൽ വിദാഇൽ അറഫയിൽ വെച്ച് നബി(സ) നടത്തിയ പ്രഭാഷണത്തെ ലോകത്തെ പ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനമായാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കപ്പെട്ട ശേഷം ആദ്യ പിതാവായ ആദം നബി (അ) യും മാതാവായ ഹവ്വാ ബീവിയുടെയും ആദ്യ സംഗമ സ്ഥാനമെന്ന പ്രത്യേകതയുമുണ്ട് അറഫക്ക്. ഭൂമിയിലെ മാനവചരിത്രത്തിന്റെ തുടക്കവും അറഫയിൽ നിന്നാണ് ആരംഭിക്കുന്നത്.
പ്രവാചകരുടെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ പുതുക്കുന്ന അറഫാ പ്രഭാഷണത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയിൽ ളുഹർ നിസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടന്നു. ഖുതുബക്ക് ശൈഖ് മുഹമ്മദ് അൽ ഈസയാണ് നേതൃത്വം നൽകിയത്. തുടർന്ന് ഹാജിമാർ ളുഹർ, അസർ നിസ്‌കാരങ്ങൾ ജംഅും ഖസ്‌റുമായി ചുരുക്കി നിസ്‌കരിച്ചു. പാപമോചന പ്രാർത്ഥനകളിലും ഖുർആൻ പാരായണത്തിലുമായി ഇന്നല സൂര്യാസ്തമയം വരെ ഹാജിമാർ അറഫയിൽ കഴിഞ്ഞു. സൂര്യാസ്തമയത്തോടെ ഹാജിമാർ അറഫയിൽ നിന്നും യാത്രതിരിച്ച് മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങി. മുസ്ദലിഫയിലെത്തുന്ന ഹാജിമാർ അവിടെ രാപ്പാർത്തു. തുടർന്ന് മഗ്രിബ്, ഇശാ നിസ്‌കാരങ്ങൾ നിർവഹിച്ചു.
ശനിയഴാ്ച സുബഹി നമസ്‌കാരത്തോടെ മിനായിൽ തിരിച്ചെത്തുന്ന ഹാജിമാർ ചെകുത്താന്റെ പ്രതീകമായ ജംറകളിൽ കല്ലേറ് കർമ്മം നടത്തും. ജംറകളിൽ തീർത്ഥാടകർക്ക് സുഗമമായി കല്ലേറ് നിർവഹിക്കാൻ മികച്ച സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം പ്രധാന ജംറയായ ജംറത്തുൽ അഖബയിൽ കല്ലേറ് കർമ്മം നടത്തിയ ശേഷം തലമുടി കളഞ്ഞ് -ബലികർമവും നിർവഹിച്ച് ഇഹ്റാമിന്റെ പ്രത്യേക വസ്ത്രം മാറ്റിയ ശേഷം ഹാജിമാർ ഹറമിലെത്തും. തുടർന്ന് ത്വവാഫുൽ ഇഫാദയും സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും പൂർത്തിയാക്കി മിനയിലേക്കു തന്നെ മടങ്ങും. തുടർന്നുള്ള മൂന്നു ദിവസം തമ്പുകളുടെ നഗരത്തിലാണു ഹാജിമാരുടെ താമസം. പ്രാർത്ഥനാ നിർഭരമായ മനസ്സുമായി ഹാജിമാർ തമ്പുകളെ ധന്യമാക്കും. മൂന്നു ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. ദുൽഹജ്ജ് 13ന് വിടവാങ്ങൽ ത്വവാഫ് നിർവ്വഹിച്ചു ഹാജി മാർ മക്കയോടു വിടപറയും.
ആഗോള വ്യാപകമായി പടർന്ന് പിടിച്ച കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് പത്ത് ലക്ഷം ആളുകളെ പങ്കെടുപ്പിച്ചുള്ള ഹജ്ജ് നടക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് എട്ടര ലക്ഷം പേരും ,സഊദിയിൽ നിന്ന് ഒന്നരലക്ഷം തീർത്ഥാടകരടകരുമാണ് പുണ്യകർമങ്ങളിൽ പങ്കെടുക്കുന്നത്. ഇന്ത്യയിൽ നിന്ന് ഈ വർഷം 79,237 തീർത്ഥാടകരാണു ഹജ് നിർവഹിക്കുന്നത്. ഇതിൽ 56,637 പേർ ഹജ് കമ്മിറ്റി വഴിയും അവശേഷിക്കുന്നവർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് എത്തിയിട്ടുള്ളത്. കേരളത്തിൽ നിന്നു ഹജ് കമ്മിറ്റി വഴി 5758 പേർ എത്തിയിട്ടുണ്ട്.
അതികഠിനമായ അന്തരീക്ഷ താപമാണ് പുണ്യ നഗരങ്ങളിൽ അനുഭവപ്പെടുന്നത്. ഹജ്ജ് സമയങ്ങളിൽ അന്തരീക്ഷ താപം 42 മുതൽ 44 വരെ ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. മനസ്സും ശരീരവും നാഥനിലേക്ക് സമർപ്പിച്ച ഹാജിമാർ പക്ഷേ ഈ ചൂടൊന്നും കാര്യമാക്കുന്നില്ല. മനസ്സിന്റെ ആത്മീയ അനുഭൂതിയിലൂടെ തണുപ്പിച്ച് സ്ഫുടം ചെയ്യുകയെന്ന ഒറ്റലക്ഷ്യമേ അവർക്കുള്ളൂ.
മറുനാടന് മലയാളി ബ്യൂറോ