- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോർച്ചുഗീസ് സാമ്രാജ്യത്വത്തിനെതിരേ സന്ധിയില്ലാപ്പോരാട്ടം നടത്തി ലോകചരിത്രത്തിൽ സ്ഥാനംനേടിയ അറക്കൽ രാജവംശത്തിന്റെ 40-ാം ഭരണാധികാരി; അറക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരിയായും മികവ് കാട്ടിയ അറക്കൽ ബീവി; അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചു

കണ്ണുർ:അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ കുഞ്ഞി ബീവി) അന്തരിച്ചു. അറക്കൽ രാജവംശത്തിലെ 40 ാമത് ഭരണാധികാരിയായിരുന്നു. മദ്രാസ് പോർട്ട് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എ പി ആലിപ്പി എളയയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്. 39-ാമത്തെ ഭരണാധികാരി സുൽത്താൻ അറക്കൽ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടർന്നാണ് മറിയുമ്മ അധികാരമേറ്റത്
പോർച്ചുഗീസ് സാമ്രാജ്യത്വത്തിനെതിരേ സന്ധിയില്ലാപ്പോരാട്ടം നടത്തി ലോകചരിത്രത്തിൽ സ്ഥാനംനേടിയ അറക്കൽ രാജവംശത്തെ ഭരണാധികാരിയായത് 2019ലാണ്. അറക്കൽ ഭരണാധികാരി അറക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരികൂടിയായിരുന്നു. കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറക്കൽ. ആദ്യകാലം മുതൽക്കേ അറക്കൽ രാജവംശത്തിന്റെ അധികാരക്കൈമാറ്റം നടക്കുന്നത് ആൺ, പെൺ വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കൽ ബീവി എന്നുമാണ് സ്ഥാനപ്പേര്.
39-ാമത്തെ ഭരണാധികാരി സുൽത്താൻ അറക്കൽ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടർന്നാണ് മറിയുമ്മ ഭരണാധികാരിയായത്. പൂർവികർ പാലിച്ചതുപോലെത്തന്നെ നീതിപൂർവം പ്രവർത്തിക്കാനും മതസൗഹാർദം ഉയർത്തിപ്പിടിക്കാനും അവർക്ക് സാധിച്ചു. അറയ്ക്കൽ ചരിത്ര മ്യൂസിയത്തിന്റെ രക്ഷാധികാരിയായും സിറ്റി ജുമു അത്ത് പള്ളിയുൾപ്പെടെ നിരവധി പൈതൃകസ്ഥാപനങ്ങളുടെയും ഉന്നതാധികാരിയായി അവർ പ്രവർത്തിച്ചു. അറയ്ക്കൽ മ്യൂസിയം കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്രസ്മാരകമാക്കുന്നതിന് രക്ഷാധികാരിയെന്ന നിലയിലും വലിയ പങ്കുവഹിച്ചു.
കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആളാണ് പുരുഷനായാലും സ്ത്രീയായാലും രാജവംശത്തിന് നായകത്വം ഏൽക്കുക എന്നതും ഈ മുസ്ലിം രാജവംശത്തിന്റെ സവിശേഷതയായി നിലനിൽക്കുന്നു. ഇത്തരത്തിൽ അറയ്ക്കൽ രാജവംശത്തിന്റെ പല ഘട്ടങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിൽ ഭരണം തുടർന്നിരുന്നു. മൂത്ത അംഗം സ്ത്രീയണെങ്കിൽ പോലും അവർക്കാണ് രാജ്യാധികാര ചുമതല. അവരെ വലിയ ബീവി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1770 ൽ സുൽത്താന ജൂനുമ്മയായിരുന്നു അറയ്ക്കലിന്റെ ഭരണാധിപ. ഇംഗ്ലീഷ്-മൈസൂർ യുദ്ധകാലങ്ങളിൽ അവർ നിർണ്ണായക നേതൃത്വം വഹിച്ചിട്ടുണ്ട്.
സൈന്യങ്ങളുടെ നേതൃത്വവും ദൈനംദിന ഭരണവും അവരുടെ ഭർത്താവായ ആലിരാജാവിനായിരുന്നു. അറയ്ക്കൽ രാജവംശത്തിലെ സ്ഥാപകൻ മുഹമ്മദാലി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് ഉസ്സാൻ ആലി, ആലി മൂസ, കുഞ്ഞിമൂസ, എന്നിവരും പിൻതുടർച്ചാവകാശികളായി. പുരുഷനാണ് രാജാവാകുന്നതെങ്കിൽ ആലിരാജാവെന്നും സ്ത്രീയാണെങ്കിൽ അറയ്ക്കൽ ബീവി എന്നും വിളിക്കപ്പെടുന്നു.
4 ാം നൂറ്റാണ്ടിന്റെ ആദ്യ ദശയിലാണ് കണ്ണൂരിലെ അറക്കൽ രാജവംശം സ്ഥാപിതമായത്. കോലത്തിരിയുടെ കപ്പൽ പടയുടെ അധിപതി രാമൻന്തളി അരയൻ കുളങ്ങര നായർ തറവാട്ടിലെ ഒരു വ്യക്തി ഇസ്ലാം മതത്തിൽ ചേർന്ന് മുഹമ്മദാലി ആയിത്തീരുകയും ഒരിക്കൽ അദ്ദേഹം ഏഴിമല പുഴയിൽ കുളിച്ചു കൊണ്ടിരിക്കേ നടുപ്പുഴയിലെത്തിയ ഒരു കോലത്തിരി തമ്പുരാട്ടി മുങ്ങി താഴുന്നത് കണ്ടെന്നും പുഴയിൽ ചാടി തമ്പ്രാട്ടിയെ രക്ഷിക്കുകയും ചെയ്തു.
പുഴയിൽ മുങ്ങി കൊണ്ടിരിക്കുന്ന തന്നെ രക്ഷിച്ച യുവാവിന് തമ്പ്രാട്ടി വിവാഹം കഴിക്കാൻ നിർബന്ധം പിടിക്കുകയും കോലത്തിരി രാജാവ് തന്നെ മമ്മാലിക്ക് തമ്പ്രാട്ടിയെ വിവാഹം കഴിക്കാൻ അനുമതി നൽകുകയും ചെയ്തു. അങ്ങിനെ ഉത്ഭവിച്ചതാണ് അറക്കൽ രാജവംശം എന്നാണ് ഐതീഹ്യം.


