- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളത്ത് വനം വകുപ്പ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിന് തിരിച്ചടി: കർണാടക വനത്തിലേക്ക് ഓടിച്ചു വിട്ട കാട്ടാനകൾ തിരികെ ആറളം ഫാമിലെത്തി
കൊട്ടിയൂർ: വനം വകുപ്പ് നടത്തിയ കാട്ടാനകളെ തുരത്തൽ സ്‌പെഷ്യൽ ഡ്രൈവിന് കനത്ത തിരിച്ചടി. ആറളം ഫാമിൽനിന്നും കർണാടകവനത്തിലേക്ക് തുരത്തിയ കാട്ടാനക്കൂട്ടത്തിൽ ചിലത് ഫാമിൽ തന്നെ തിരികേ എത്തിയത് കർഷകരെ നിരാശപ്പെടുത്തി.
ഒൻപതാംബ്ലോക്ക് പൂക്കുണ്ടിലെ ആനമതിൽ രണ്ടിടത്തു തകർത്താണ് കാട്ടാനകൾ വീണ്ടും ഫാമിലെത്തിയത്. ഫാമിൽ തമ്പടിച്ചിരുന്ന കാട്ടാനകളിൽ 24 എണ്ണത്തെ രണ്ടു ദിവസത്തെ കഠിനപരിശ്രമത്തിലൂടെ വനത്തിലേക്ക് തുരത്തിയെന്നാണ് വനംവകുപ്പിപ്പ് അറിയിച്ചിരുന്നത്. ഇതിനിടെയാണ് കാട്ടാനകൾ വീണ്ടും ഫാമിലെത്തിയിരിക്കുന്നത്.
തുരത്തലിന്റെ രണ്ടാംദിനം പുലർച്ചെ കീഴ്പള്ളി വട്ടപ്പറമ്പിൽ ജനവാസകേന്ദ്രത്തിലെത്തി കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസവും വനപാലകസംഘം ആനയെ തുരത്തൽ തുടർന്നു. ഒന്ന്, രണ്ട് ബ്ലോക്കുകളിലായി തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഫാം സ്‌കൂളിന് സമീപം വരെ എത്തിച്ചെങ്കിലും വീണ്ടും ഇവ തിരികെയോടി. ഫാമിൽ മാത്രം 30 ൽ അധികം ആനകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ആറളം, കൊട്ടിയൂർ റേഞ്ചുകളിലെ ആർആർടിയും ഫാം ജീവനക്കാരും ഉൾപ്പെടെ 90 പേരാണ് ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മുന്പ് തകർത്ത ആനമതിലും ഫെൻസിംഗും പുനഃസ്ഥാപിച്ചാണ് ആനയെ വനത്തിലേക്ക് കടത്തിവിടാനുള്ള നടപടി തുടങ്ങിയത്. എന്നാൽ വീണ്ടും ഇവ ആനകൾ തകർക്കുന്നത് പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
ആറളം ഫാമിലെ കാർഷികവിളകളിൽ ഭൂരിഭാഗവും കാട്ടാനകൾ നശിപ്പിച്ചുകഴിഞ്ഞു. സമീപപ്രദേശങ്ങളിലെ ജനവാസകേന്ദ്രത്തിലും കാട്ടാനശല്യം രൂക്ഷമായതോടെയാണ് ഫാമിൽ തന്പടിച്ചിരിക്കുന്ന ആനകളെ വനത്തിലേക്ക് തുരത്തിവിടാനുള്ള നടപടി വനംവകുപ്പ് ആരംഭിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ എട്ട് മനുഷ്യജീവനുകളും ഇവിടെ പൊലിഞ്ഞിട്ടുണ്ട്.
ഫാമിൽ തമ്പടിച്ച മുഴുവൻ ആനകളെയും വനത്തിലേക്ക് തുരത്തിവിടാനുള്ള ശ്രമം വരുംദിവസങ്ങളിലും തുടരാനാണ് വനംവകുപ്പ് അധികൃതരുടെ തീരുമാനം.എന്നാൽ കർണാടക വനത്തിലേക്ക് പോകാതെ കാട്ടാനക്കൂട്ടം തിരിച്ച് ആറളം ഫാമിലേക്ക് വരുന്നതാണ് തലവേദനയാകുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്