കണ്ണൂർ: മൂന്നാർ മോഡൽ സമരം ഭയന്ന് ആറളം ഫാമിലെ തൊഴിലാളി സമരത്തിൽ കൊടികളുടെ നിറം മറന്ന് നേതാക്കളും പാർട്ടികളും ഒറ്റക്കെട്ടായി. തങ്ങളുടെ തട്ടകത്തിൽ നിന്നും തൊഴിലാളികൾ ഒഴിഞ്ഞു പോകുമോ എന്ന ഭയം മൂലമാണ് തൊഴിലാളി സംഘടനകൾ കൈകോർത്ത് സമരത്തിനിറങ്ങിയത്.

കഴിഞ്ഞ ഒരു ദശവർഷക്കാലം 'മുട്ടുശാന്തി' സമരം നടത്തി വന്നിരുന്ന ട്രേഡ് യൂണിയനുകൾ ഇപ്പോൾ തൊഴിലാളികളുടെ അവകാശത്തിനു വേണ്ടി ഒന്നിച്ചു നിന്നത് സമരം വീക്ഷിക്കാനെത്തിയവർക്ക് ഹരമായി. പൊള്ളയായ അവകാശവാദങ്ങളും സ്വന്തം സംഘടനകളുടെ അപ്രമാദിത്യവും ഒന്നും പ്രകടിപ്പിക്കാതെ ഫാമിങ് കോർപ്പറേഷൻ മാനേജുമെന്റിനെതിരെ മാത്രമാണ് ഉദ്ഘാടകനായ സണ്ണി ജോസഫ് എംഎ‍ൽഎയും നേതാക്കളും പ്രതികരിച്ചത്.

ഏഷ്യയിലെ ഏറ്റവും മികച്ച കാർഷിക നഴ്‌സറി എന്ന പദവി അലങ്കരിക്കുന്ന ആറളം ഫാമിൽ ജീവനക്കാരായി ആയിരത്തോളം പേർ ജോലി നോക്കുന്നുണ്ട്. 600-ൽ പരം ആദിവാസികൾ ജോലിസ്ഥിരത ഇല്ലാതെ തൊഴിലെടുക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. അപ്പോഴെല്ലാം അണികളെ തങ്ങളോടൊപ്പം നിലനിർത്താനുള്ള പതിവു സമരവുമായാണ് തൊഴിലാളി സംഘടനകൾ ഇവിടെ പ്രവർത്തിച്ചു വന്നിരുന്നത്. എന്നാൽ മൂന്നാറിലെ സമരത്തോടെ ആറളം ഫാമിലെ തൊഴിലാളികളിലും സമരവീര്യം ഉണർന്നു. ഇതു മുതലെടുക്കാൻ മാവോയിസ്റ്റ് അനുകൂല സംഘടനയായ ആദിവാസി വിമോചനമുന്നണിയും അണിയറയിൽ നീക്കമാരംഭിച്ചിരുന്നതായി വിവരം പുറത്തു വന്നിരുന്നു. ആറളം ഫാമിലെ 10-ാം ബ്ലോക്കിലുൾപ്പെടെ മാവോയിസ്റ്റ് സാന്നിധ്യം നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഫാം മാനേജുമെന്റിനും ജില്ലാഭരണാധികാരികളിലും തൊഴിലാളിനേതാക്കളിലും ഈ ഭയം ഉടലെടുത്തതോടെയാണ് ഒന്നിച്ചു സമരം നടത്താൻ തീരുമാനമായത്.

1978 മുതൽ ആറളം ഫാമിൽ ജോലിചെയ്തു വരുന്ന തൊഴിലാളികൾക്ക് ഇപ്പോൾ ലഭിച്ചു വരുന്ന ശമ്പളം 8000 രൂപയിൽ താഴെയാണ്. 2012 മുതൽ ഫാമിങ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ആറളം ഫാം തൊഴിലാളികൾക്ക് പുതുക്കിയ ശമ്പളം ലഭിച്ചിരുന്നില്ല. അപ്പോഴൊന്നും ശക്തമായ സമരം നടത്താൻ ട്രേഡ് യൂണിയൻ സംഘടനകൾ ഒരുങ്ങിയിരുന്നുമില്ല. ഫാം മാനേജുമെന്റും തൊഴിലാളി നേതാക്കളും തമ്മിലുള്ള അവിശുദ്ധബന്ധത്തിലൂടെ തൊഴിലാളികൾക്ക് ലഭിക്കാനുള്ള ജോലി സ്ഥിരതയും മറ്റ് അവകാശങ്ങളും നിഷേധിക്കപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥ ദുർഭരണത്തിലൂടെ ഫാമിന് കോടിക്കണക്കിന് നഷ്ടമുണ്ടായെന്ന് ആക്ഷേപമുണ്ടായെങ്കിലും മാനേജുമെന്റിന്റേയും നേതാക്കളുടേയും കൂട്ടുകെട്ട് കാരണം അതിനു തടയിടുകയായിരുന്നു. ഫാം വൈവിധ്യവൽക്കരണത്തിന്റെ പേരിൽ കോടികൾ നഷ്ടപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം.

സർക്കാർ ഫാമാണെങ്കിലും ഇവിടെ നടക്കുന്നത് കെടുകാര്യസ്ഥതയാണ്. മാനേജുമെന്റുമായി തൊഴിൽ പ്രശ്ങ്ങൾ ചർച്ചചെയ്യുമ്പോഴൊക്കെ അത് നടപ്പാക്കാതെ ചർച്ച പൊളിക്കുന്ന പതിവുശൈലിയായിരുന്നു മാനേജ്‌മെന്റ് സ്വീകരിക്കാറ്. ചായ കുടിച്ചു പിരിയുക എന്നല്ലാതെ തൊഴിലാളി നേതാക്കൾ ശക്തമായ പ്രക്ഷോഭത്തിനു മുതിരാറുമില്ല. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്നു തവണ വേതനവർദ്ധനയും മറ്റ് ആനുകൂല്യങ്ങളും മുഖൃമന്ത്രി ഉമ്മൻ ചാണ്ടി തന്നെ തൊഴിലാളികൾക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ മാനേജ്‌മെന്റ് ഇതൊന്നും അനുവദിച്ചിരുന്നില്ല. ഫാം മാനേജ്‌മെന്റ് ധൂർത്തടിച്ച് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയപ്പോഴും എതിർ ശബ്ദമുയർത്താൻ ഒരു തൊഴിലാളി നേതാവും തയ്യാറായില്ല. ഫാം വൈവിധ്യവൽക്കരണത്തിന്റെ പേരിൽ വെളിച്ചണ്ണ നിർമ്മാണം, നീര ഉത്പാദനം, ഡയറി ഫാം, ഔഷധത്തോട്ടം എന്നീ പദ്ധതികൾ നടപ്പാക്കാനെന്ന പേരിലും അഴിമതി നടന്നപ്പോഴും ട്രേഡ് യൂണിയനുകൾക്ക് മിണ്ടാട്ടമില്ലായിരുന്നു.

മുന്നാറിലെ സമരത്തിന്റെ അലയൊലികൾ ആറളം ഫാമിലെ തൊഴിലാളികളിലും മന:പരിവർത്തനമുണ്ടാക്കി. സ്വന്തം നിലക്ക് കൊടികൾ മാറ്റി വച്ച് സമരത്തിനൊരുങ്ങുമ്പോഴേക്കും രാഷ്ട്രീയ നേതൃത്വം അപകടം മണത്തറിഞ്ഞു. പരസ്പരം പോര് നടത്തുന്ന നേതാക്കൾ കൈകോർത്ത്, മൂന്നാർ തൊഴിൽ സംഘടനകൾക്ക് നൽകിയ പാഠം സമരമാക്കി അണികളെ രംഗത്തിറക്കി പ്രക്ഷോഭത്തിനിറങ്ങിയിരിക്കയാണ് സിഐടി.യു, ഐ.എൻ.ടി.യു.സി. എന്നീ സംഘടനകൾ.