പത്തനംതിട്ട: ഒടുവിൽ ജില്ലയിലെ സിപിഐ(എം) നേതൃത്വം മനസിലാക്കി. ആറന്മുള വിമാനത്താവള വിരുദ്ധസമരം തിരിച്ചടിക്കും. ഏറെ വിവാദങ്ങൾക്കുശേഷം പാർട്ടി കെട്ടിയിറക്കിയ സ്ഥാനാർത്ഥിക്ക് സമരം ദോഷകരമായി ബാധിക്കുമെന്ന് കണ്ട നേതൃത്വം ആറന്മുളയെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്നാണ് പ്രവർത്തകർക്കും നേതാക്കൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം, വിമാനത്താവളം തന്നെയാണ് തന്റെ പ്രചാരണ വിഷയമെന്നും ധൈര്യമുണ്ടെങ്കിൽ തന്നെ തോൽപിക്കാനും കെ. ശിവദാസൻ നായർ എംഎ‍ൽഎ സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ചു.

വിമാനത്താവള സമരം തിരിച്ചടിയായെന്ന് സിപിഎമ്മിന്റെ ജില്ലാ നേതാവ് മറുനാടനോട് തുറന്നു സമ്മതിച്ചു. സമരം കൊണ്ട് ഒരു പ്രയോജനവും പാർട്ടിക്കുണ്ടായില്ലെന്ന് മാത്രമല്ല, സിപിഐ(എം)-ബിജെപി കൂട്ടുകെട്ട് എന്ന പേരുദോഷവും കിട്ടി. വിമാനത്താവള വിരുദ്ധ സമരക്കാർക്ക് ഒറ്റവോട്ടു പോലും കൂടുതൽ കിട്ടില്ലെന്ന് മാത്രമല്ല, അതിനെ അനുകൂലിച്ച ശിവദാസൻ നായർക്ക് പദ്ധതി പ്രദേശം ഉൾപ്പെടുന്ന മല്ലപ്പുഴശേരി, ആറന്മുള, മെഴുവേലി പഞ്ചായത്തുകളിൽ നിന്ന് വൻഭൂരിപക്ഷം ലഭിക്കുമെന്നും ഉറപ്പായി. സമരത്തിന്റെ പേര് പറഞ്ഞ് വോട്ട് തേടിയിറങ്ങിയപ്പോഴാണ് ഇക്കാര്യം മനസിലാകുന്നത്.

വോട്ടർമാർക്കിടയിൽ വിമാനത്താവളം വേണമെന്ന നിലപാടാണ് ഉള്ളതെന്ന് മനസിലാക്കിയ നേതൃത്വം ഈ വിഷയത്തിൽ മൗനം പാലിക്കാൻ പാർട്ടി സ്ഥാനാർത്ഥികളോടും അണികളോടും നിർദേശിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് പ്രസ് ക്ലബിൽ നടന്ന സ്ഥാനാർത്ഥി സംഗമത്തിൽ സിപിഐ(എം) സ്ഥാനാർത്ഥി വീണാ ജോർജും ബിജെപി സ്ഥാനാർത്ഥി എം ടി. രമേശും വിമാനത്താവളം അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇതിനെ എതിർത്ത ശിവദാസൻ നായർ വിമാനത്താവളം താൻ യാഥാർഥ്യമാക്കുമെന്ന് തുറന്നു പറഞ്ഞു. ഇതിന്റെ പേരിൽ തന്നെ തോൽപിക്കാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ജില്ലയിലെ അഞ്ചു മണ്ഡലങ്ങളെയും വിമാനത്താവള വിരുദ്ധസമരം ബാധിക്കുമെന്ന ഭയവും സിപിഎമ്മിനുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ പേര് പറഞ്ഞ് വോട്ട് തേടിയ എം ടി. രമേശിനും എൽ.ഡി.എഫ് സ്ഥാനാർത്ഥി പീലിപ്പോസ് തോമസിനും കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. യഥാർഥത്തിൽ വിമാനത്താവളത്തിന്റെ സൃഷ്ടാവ് സിപിഐ(എം) തന്നെയാണ്. വി എസ്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ വിശ്വസ്തനും ആറന്മുള എംഎ‍ൽഎയുമായിരുന്ന കെ.സി. രാജഗോപാലാണ് വിമാനത്താവള പദ്ധതിയുമായി രംഗത്തുവന്നത്.

മൗണ്ട് സിയോൺ ട്രസ്റ്റിന്റെ പേരിൽ ഏബ്രഹാം കലമണ്ണിൽ ആറന്മുള, മല്ലപ്പുഴശേരി, മെഴുവേലി പഞ്ചായത്തുകളിലായി ഏക്കർ കണക്കിന് തരിശുനിലം ചുളുവിലയ്ക്ക് വാങ്ങി മണ്ണിട്ടു നികത്തുകയായിരുന്നു. അന്ന് എതിർക്കാതിരിക്കുകയും വിമാനത്താവളം കൊണ്ടുവരാൻ മുന്നിട്ടിറങ്ങുകയും ചെയ്ത സിപിഎമ്മും പോഷകസംഘടനകളും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയം ആക്കിയതും തങ്ങൾ വിമാനത്താവളം കൊണ്ടുവന്നുവെന്ന വാഗ്ദാനമായിരുന്നു.

അതിനു ശേഷം ഏബ്രഹാം കലമണ്ണിൽ കെ.ജി.എസ് ഗ്രൂപ്പിന് പദ്ധതി പ്രദേശം വിൽക്കുകയും ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിന് ചിറകു മുളയ്ക്കുകയും ചെയ്തതോടെ പരിസ്ഥിതിയുടെ പേര് പറഞ്ഞ് സഖാക്കൾ സമരം തുടങ്ങി. ഇതിന് നേതൃത്വം നൽകിയ മുൻ എംഎ‍ൽഎ എ. പത്മകുമാറിന്റെ ലക്ഷ്യം മറുപക്ഷത്തെ കെ.സി. രാജഗോപാലിനെ വെട്ടിനിരത്തുക എന്നതായിരുന്നു. ആദ്യം വിമാനത്താവളത്തിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി കൂടി പിന്നീട് എതിരായി വന്നതോടെയാണ് സമരം ശക്തമായത്.

പിന്നീടുള്ളതെല്ലാം ചരിത്രം. പദ്ധതിക്ക് വഴിമരുന്നിട്ട കെ.സി. രാജഗോപാൽ ഇപ്പോഴും അത് യാഥാർഥ്യമാകുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുണ്ട്. പാർട്ടി നേതൃത്വത്തെ ഭയന്ന് അദ്ദേഹം മിണ്ടാതിരിക്കുന്നുവെന്ന് മാത്രം. അതിനിടെ ചോദിക്കുന്നവരോട് മാത്രം ജില്ലയിൽ വിമാനത്താവളം വേണമെന്ന് സിപിഐ(എം) നേതാക്കൾ പറയുന്നുണ്ട്. അതിന് ആറന്മുളയിൽ തന്നെ വേണമെന്ന് പറയേണ്ടി വരുന്ന കാലവും വിദൂരമല്ല.