പത്തനംതിട്ട: പള്ളിയോടങ്ങളുടെ നാടാണ് ആറന്മുള. ഇതുകൊണ്ടാകണം രണ്ടു വള്ളത്തിൽ ഒരേ സമയം ചവിട്ടി നിൽക്കാൻ മാർത്തോമ്മാ സഭ ശ്രമം നടത്തുന്നത്. ആറന്മുള നിയോജക മണ്ഡലത്തിലേക്ക് രണ്ടു പാർട്ടികളോട് തങ്ങളുടെ സമുദായാംഗങ്ങൾക്ക് സീറ്റ് ചോദിച്ച് മാർത്തോമ്മാ സഭ പാർട്ടിക്കാരെയും ജനങ്ങളെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.

സിപിഎമ്മിനോടും എൻ.ഡി.എയ്ക്ക് നേതൃത്വം നൽകുന്ന ബിജെപിയോടുമാണ് മാർത്തോമ്മാ സഭ തങ്ങളുടെ സമുദായത്തിൽപ്പെട്ട പ്രവർത്തകർക്ക് മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എൽ.ഡി.എഫിലേക്ക് പ്രഫ. ജേക്കബ് ജോർജ്, എൻ.ഡി.എയിലേക്ക് അഡ്വ. മാത്യു പി എന്നിവർക്കു വേണ്ടിയാണ് സഭാനേതൃത്വം ആറന്മുള സീറ്റ് ചോദിച്ച് കത്തു നൽകിയത്. പ്രഫ. ജേക്കബ് ജോർജ് സിപിഎമ്മിന്റെ സ്ഥാനാർത്ഥിപ്പട്ടികയിൽ പ്രഥമസ്ഥാനത്ത് ഇടം പിടിക്കുകയും ചെയ്തു.

സഭ എൻ.ഡി.എയോട് സീറ്റ് ചോദിച്ചിരിക്കുന്നത് ജില്ലാ പഞ്ചായത്തിലേക്ക് കോഴഞ്ചേരി ഡിവിഷനിൽ നിന്ന് മത്സരിച്ച അഡ്വ. മാത്യു. പിക്കു വേണ്ടിയാണ്. കേരളാ കോൺഗ്രസ് (പി.സി. തോമസ്) സംസ്ഥാന നേതാവ് കൂടിയാണ് അഡ്വ. മാത്യു പി. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച മാത്യു എൻ.ഡി.എ മുന്നണിയിൽനിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടിയവരിൽ ജില്ലയിൽ രണ്ടാമതെത്തുകയും ചെയ്തു. എന്നാൽ ആറന്മുളയിൽ ബിജെപിക്ക് മത്സരിക്കാനാണ് താൽപ്പര്യം. കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, എംടി രമേശ് എന്നിവരിൽ ഒരാളാകും ആറന്മുളയിലെ സ്ഥാനാർത്ഥിയെന്നാണ് സൂചന.

എന്നാൽ മാർത്തോമ സഭയുടെ ആവശ്യം സിപിഐ(എം) അംഗീകരിക്കുമെന്നാണ് സൂചന. ജേക്കബ് ജോർജിന്റെ പേര് സിപിഎമ്മിന്റെ പട്ടികയിൽ എങ്ങനെ വന്നുവെന്ന് ജില്ലാ നേതാക്കൾക്കും അറിയില്ല. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾ കൊണ്ടുവന്ന പട്ടിക വായിക്കുക മാത്രമാണ് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ചെയ്തത്. മാർത്തോമ്മാ സഭ സംസ്ഥാന നേതൃത്വത്തിൽ ചെലുത്തിയ സ്വാധീനമാണ് ജേക്കബ് ജോർജിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെന്ന് വ്യക്തം.

ഇടക്കാലത്ത് പാർട്ടിയുടെ സജീവ അംഗത്വത്തിൽ നിന്ന് പിന്നാക്കം വലിഞ്ഞയാളാണ് ജേക്കബ് ജോർജ്. സ്വന്തം ഇടവകയുടെ ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പാർട്ടി അംഗത്വം വേണ്ടെന്നു വച്ചയാളാണ് ജേക്കബ് ജോർജെന്നും പാർട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
ജില്ലയിൽ സിപിഐ(എം) സ്ഥാനാർത്ഥികളുടെ പട്ടിക പുർത്തിയായിട്ടുണ്ട്. മൂന്നു സീറ്റിലാണ് പാർട്ടി മത്സരിക്കുന്നത്. ആറന്മുള, കോന്നി സീറ്റുകൾ പുതുമുഖങ്ങൾക്കായി മാറ്റി വച്ചപ്പോൾ റാന്നിയിൽ രാജു ഏബ്രഹാമിന് ഒരു തവണ കൂടി അവസരം നൽകും.

ആറന്മുളയിൽ പ്രഫ. ഡോ. ജേക്കബ് ജോർജ്, ബാബു കോയിക്കലേത്ത്, അഡ്വ. ടി. സക്കീർ ഹുസൈൻ, അഡ്വ. ചെറിയാൻ വർഗീസ്, കോന്നിയിൽ അഡ്വ. ആർ. സനൽകുമാർ എന്നിവരാണ് സ്ഥാനാർത്ഥിപ്പട്ടികയിലുള്ളത്. ജില്ലയിലെ സിപിഎമ്മിനുള്ളിലെ സീറ്റ് മോഹികളെ ഞെട്ടിച്ചു കൊണ്ടാണ് ആറന്മുളയിൽ മല്ലപ്പള്ളി സ്വദേശിയായ ജേക്കബ് ജോർജ് സാധ്യതാ പട്ടികയിൽ ഒന്നാമതെത്തിയത്. മാർത്തോമ്മാ സഭാംഗമായ പ്രഫ. ജേക്കബ് ജോർജ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പലായി വിരമിച്ചയാളാണ്. നിലവിൽ മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐ(എം) മല്ലപ്പള്ളി ഏരിയാ കമ്മറ്റിയംഗവുമാണ്.

ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവാണ് ജേക്കബ് ജോർജിന്റെ പേര് ആറന്മുളയിലേക്ക് നിർദ്ദേശിച്ചത്. മണ്ഡലത്തിലെ മാർത്തോമ്മ വോട്ടുകൾ ജേക്കബ് ജോർജിന് ലഭിക്കുമെന്നാണ് സിപിഐ(എം) കരുതുന്നത്. സംസ്ഥാന കമ്മറ്റി നിർദ്ദേശപ്രകാരമാണ് ജേക്കബ് ജോർജിനെ ആറന്മുളയിലേക്ക് നിശ്ചയിച്ചതെന്നും അറിയുന്നു. എന്നാൽ, കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന നിലപാട് സിപിഎമ്മിലെ ഒരു വിഭാഗം വ്യക്തമാക്കി കഴിഞ്ഞു. ആറന്മുള മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥികളാകാൻ യോഗ്യതയുള്ള നിരവധി പേരുണ്ടായിട്ടും ജേക്കബ് ജോർജിന് സീറ്റ് നൽകാനുള്ള ധാരണ പാർട്ടി പ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്.

കോന്നിയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ സനൽകുമാറിന് നറുക്കു വീണു. മറ്റാരും ഇവിടെ മത്സരിക്കാൻ താൽപര്യം കാണിക്കാതിരുന്നതാണ് സനലിന് സീറ്റ് ലഭിക്കാൻ കാരണമെന്ന് പറയുന്നു. യു.ഡി.എഫിന്റെ കോട്ടയായിരുന്ന റാന്നി പിടിച്ചെടുക്കുകയും കഴിഞ്ഞ മൂന്നു തവണയായി അത് നിലനിർത്തിപ്പോരുകയും ചെയ്യുന്ന രാജു ഏബ്രഹാമിനെ നിലവിൽ ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തിയത്.

ഇവിടേക്ക് പുതിയ സ്ഥാനാർത്ഥിയെ കൊണ്ടു വരുന്നത് ഞാണിന്മേൽ കളിയാകുമെന്നും നേതൃത്വം കരുതുന്നു. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനം രാജുവിന് തുണയാകുമെന്നും യോഗം വിലയിരുത്തി.