- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി നൽകാൻ വേണ്ടത് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്; നൽകിയത് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി നൽകിയ അപേക്ഷയും; ഇതും കിട്ടിയിട്ടില്ലെന്ന് പൊലീസും; ആറന്മുള പീഡനത്തിലും നിറയുന്നത് ഏജൻസി നിയമനങ്ങളിലെ കള്ളക്കളികൾ; 108 ആംബുലൻസിന്റെ വളയം ജിവികെ ഇഎംആർഐ ഏൽപ്പിച്ചത് കഞ്ചാവു കടത്തുമായി ബന്ധപ്പെട്ട വധശ്രമക്കേസ് പ്രതിയെ; ആറന്മുളയിലെ പിഡനത്തിൽ അകത്തായത് മുമ്പും ജയിലിൽ കിടന്നിട്ടുള്ള കായംകുളംകാരൻ; നൗഫലിന്റെ നിയമനത്തിൽ നിറയുന്നതും അസ്വാഭാവികതകൾ
പത്തനംതിട്ട: കോവിഡ് പീഡനത്തിലും നിറയുന്നത് ആംബുലൻസ് ഡ്രൈവർ നിയമനത്തിലെ കള്ളക്കളികൾ. സ്വപ്നാ സുരേഷിനെ കൺസൾട്ടൻസി ഏജൻസി വഴി നിയമിച്ചത് ഏറെ നിർണ്ണായകമായിരുന്നു. അന്ന് വ്യാജ സർട്ടിഫിക്കറ്റാണ് സ്വപ്ന നൽകിയത്. ഇതിന് സമാനമായിട്ടാണ് ആറന്മുളയിലെ കോവിഡ് പീഡനത്തിലെ പ്രതിയും സർക്കാർ ആംബുലൻസിന്റെ വളയം സ്വന്തമാക്കിയത്. ഇതാണ് പെൺകുട്ടിക്ക് പീഡനം അനുഭവിക്കേണ്ടി വന്നതിന് കാരണവും. ആരോഗ്യ വകുപ്പിന്റെ 'കനിവ്' പദ്ധതിയുടെ ഭാഗമായ '108' ആംബുലൻസിന്റെ ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനെയാണ് (29) പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്.
108 ആംബുലൻസ് ഡ്രൈവർമാർക്കു വേണ്ട പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനു പകരം പീഡനക്കേസ് പ്രതി വി. നൗഫൽ ഹാജരാക്കിയത് സർട്ടിഫിക്കറ്റിനായി കായംകുളം പൊലീസ് സ്റ്റേഷനിൽ നൽകിയ അപേക്ഷയുടെ പകർപ്പായിരുന്നു. പൊലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുമില്ല. അതായത് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പകരം പകർപ്പ് കൊടുത്താലും ജോലി കിട്ടും. പ്രതി സിപിഎം ബന്ധമുള്ളയാളാണെന്ന ആരോപണവും ശക്തമാണ്. ഇതോടെ ഏജൻസി നിയമനങ്ങളിൽ സർവ്വത്ര തട്ടിപ്പുണ്ടെന്ന വസ്തുതയാണ് തെളിയുന്നത്. നൗഫലിൽ നിന്ന് ഇത്തരമൊരു അപേക്ഷ ലഭിച്ചിട്ടില്ലെന്നു കായംകുളം പൊലീസ് പറയുന്നു. അതായത് അപേക്ഷ പോലും വ്യാജമാണെന്നതാണ് പൊലീസിന്റെ വെളിപ്പെടുത്തൽ ചർച്ചയാക്കുന്നത്.
ഇതോടെ ഇയാളുടെ നിയമനം കൂടുതൽ ദുരൂഹമായി. നൗഫലിനു ചില സിപിഎമ്മുമായി അടുത്ത ബന്ധമുള്ളതായും കോൺഗ്രസ് നേതാവ് പഴകുളം മധു ആരോപിക്കുന്നു. സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കാമെന്നു നൗഫൽ എഴുതി നൽകിയതിനാൽ ജോലിയിൽ തുടരാൻ അനുവദിച്ചതെന്നാന്ന് ആരോഗ്യ വകുപ്പിന്റെ കനിവ് പദ്ധതിയുടെ ഭാഗമായ 108 ആംബുലൻസിന്റെ നടത്തിപ്പു ചുമതലയുള്ള കമ്പനി ജിവികെ ഇഎംആർഐയുടെ വിശദീകരണം. ഇയാളെ പിരിച്ചുവിട്ടെന്നും അറിയിച്ചു. എല്ലാത്തിനും ഉത്തരവാദി ജിവികെ ഇഎംആർഐയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. 2014-2015 ൽ ആലപ്പുഴയിൽ 108 ആംബുലൻസിൽ ജോലി ചെയ്ത പരിചയവും പരിഗണിച്ചത്രെ. മുൻപു റാന്നിയിൽ ജോലി ചെയ്തിരുന്ന ഇയാൾ ഒരു മാസം മുൻപാണ് അടൂർ ജനറൽ ആശുപത്രിയിൽ ജോലിക്കെത്തിയത്.
കോവിഡ് രോഗിക്കൊപ്പം ആംബുലൻസിൽ സ്റ്റാഫ് നഴ്സിനെയും അയയ്ക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല. 108 ആംബുലൻസ് ഏജൻസിയാണ് സ്റ്റാഫ് നഴ്സിനെ നിയമിക്കേണ്ടതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പ്രതി നൗഫൽ 2009ൽ കായംകുളത്തു വധശ്രമക്കേസിൽ റിമാൻഡിലായിരുന്നു. കഞ്ചാവു വിഷയവുമായി ബന്ധപ്പെട്ട് ഒരാളെ സംഘം ചേർന്ന് മർദിച്ചെന്നാണു കേസ്. കായംകുളത്ത് സ്വകാര്യ ആംബുലൻസുകളിലെ ഡ്രൈവറായിരുന്നു. ഒരു വർഷം മുൻപാണ് 108 ആംബുലൻസ് ഡ്രൈവറായത്. കേസിൽ പെട്ടതിനാൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടുക അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് അപേക്ഷ കൊടുത്തെന്ന് വരുത്തുന്ന കടലാസ് കൊടുത്ത് ജോലിക്ക് കയറിയത്.
മെഡിക്കൽ സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാത്തവർ ഉടൻ ഹാജരാക്കണമെന്നും ഇല്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ഫെബ്രുവരി 25നു കമ്പനി സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, തുടർനടപടികൾ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചു. ഇപ്പോഴത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, നിലവിലുള്ള മുഴുവൻ ജീവനക്കാരും ഉടനടി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണു ജിവികെ. മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർമാർക്കെതിരെ പരാതികളുണ്ടായപ്പോൾ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരുന്നു.
റോഡ് അപകടത്തിൽ പരുക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സൗജന്യ ആംബുലൻസ് ശൃംഖലയാണ് കനിവ് പദ്ധതി. 108 ൽ വിളിച്ചാൽ ആംബുലൻസ് ലഭ്യമാക്കുന്നതിനൊപ്പം തൊട്ടടുത്തുള്ള ആശുപത്രിയിൽ വിവരമറിയിച്ചു സൗകര്യമൊരുക്കും. 14 ജില്ലകളിലായി 316 ആംബുലൻസുകളാണുള്ളത്. ഈ പദ്ധതിയുടെ 293 ആംബുലൻസുകളും ആയിരത്തിലേറെ ജീവനക്കാരുമാണ് ഇപ്പോൾ കോവിഡ് സേവനത്തിനുള്ളത്.
ശനിയാഴ്ച രാത്രി 12 മണിയോടെ ആറന്മുള നാൽക്കാലിക്കൽ പാലത്തിനുസമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലായിരുന്നു പീഡനം. ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രാഥമിക ചികിത്സാകേന്ദ്രത്തിലാക്കാനാണ് ആരോഗ്യവകുപ്പ് 108 ആംബുലൻസ് അയച്ചത്. കോഴഞ്ചേരി കോവിഡ് ആശുപത്രിയിലെത്തിക്കേണ്ട രോഗിയായ മറ്റൊരു സ്ത്രീയെയും കൂട്ടിയാണ് ആംബുലൻസ് രാത്രി 11-നു ശേഷം പുറപ്പെട്ടത്. യുവതിയെ ഇറക്കേണ്ടതിനുപകരം കോഴഞ്ചേരിയിലേക്കുപോയി. സ്ത്രീയെ ഇറക്കിയശേഷം വരുംവഴി വിജനമായ സ്ഥലത്തുവച്ചാണ് പീഡിപ്പിച്ചത്.
കോവിഡ് കേന്ദ്രത്തിലെത്തിയ പെൺകുട്ടി അധികൃതരോട് വിവരംപറഞ്ഞു. ആരോഗ്യപ്രവർത്തകർ പൊലീസിൽ അറിയിച്ചു. ഇതിനിടെ ആംബുലൻസുമായി അടൂരിലെത്തിയ നൗഫലിനെ അടൂർ എസ്ഐ. ശ്രീജിത്തും സംഘവും കസ്റ്റഡിയിലെടുത്ത് പന്തളം പൊലീസിന് കൈമാറി. പെൺകുട്ടിയുടെ അമ്മയും രണ്ട് സഹോദരിമാരും കോവിഡ് ചികിത്സയിലാണ്. ആരോഗ്യമന്ത്രിയുെട നിർദേശത്തെത്തുടർന്ന് നൗഫലിനെ പിരിച്ചുവിട്ടെന്ന് 108 ആംബുലൻസിന്റെ നടത്തിപ്പ് ഏജൻസിയായ ജി.വി.കെ.ഇ.എം.ആർ.ഐ. അറിയിച്ചു.
സംഭവത്തിനുപിന്നിൽ പ്രതിയുടെ കൃത്യമായ ആസൂത്രണമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്നും പ്രതി പറയുന്നത് പെൺകുട്ടി ഫോണിൽ റെക്കോഡ് ചെയ്തിട്ടുണ്ട്. ഇത് നിർണായക തെളിവാണെന്ന് എസ്പി. പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളിലാണ് കേസ്. യുവതിയെയും പ്രതിയെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.