- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്നത് വീണ്ടും വീണ്ടും പറയേണ്ടി വന്നു; തുടരെ അപമാനിക്കപ്പെടുന്ന പോലെ തോന്നി; ഒപ്പമുണ്ടായിരുന്ന പൊലീസുകാരിയും വഴക്ക് പറഞ്ഞു; എല്ലാവരും കുറ്റപ്പെടുത്തിയതോടെ ഇനി ജീവിക്കണ്ട എന്നുറപ്പിച്ചു; ആശുപത്രി മുറിയിലെ ഫാനിൽ കുടുക്കിട്ടത് ജനാലയിലൂടെ ആരോ കണ്ടു; അവരെന്നെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തി; ആറന്മുളയിലെ പീഡന ഇരയ്ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന സത്യങ്ങൾ
പത്തനംതിട്ട: കോവിഡ് മൂർഛിച്ചു. മാനസിക സമ്മർദം വർധിച്ചതിനെത്തുടർന്നാവാം പ്രമേഹവും പിടിപെട്ടു. ഒപ്പം നിൽക്കാൻ ആരുമില്ല. ഇത്രയൊക്കെ തെളിവുകൾ കൈയിൽ ഉണ്ടായിട്ടും എല്ലാവരും കുറ്റപ്പെടുത്തിയതോടെ ഇനി ജീവിക്കണ്ട എന്നുറപ്പിച്ചു. അങ്ങനെ ആശുപത്രി മുറിയിലെ ഫാനിൽ കുടുക്കിട്ടു. പക്ഷേ, മുറിയിലെ ജനാലയിലൂടെ ആരോ ഇതു കണ്ടു. അവരെന്നെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തി- കോവിഡ് കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ പീഡനത്തിന് ഇരയായ പെൺകുട്ടി തന്റെ മനസ്സ് തുറക്കുകായണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ഈ പെൺകുട്ടി തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി അതിജീവനത്തിന്റേയും പോരാട്ടത്തിന്റേയും ദിനങ്ങൾ. കുറ്റവാളിക്ക് ശിക്ഷ വാങ്ങി കൊടുക്കുമെന്നും പെൺകുട്ടി പറയുന്നു. മാതൃഭൂമി മാസികയായ ഗൃഹലക്ഷ്മിയോടാണ് പെൺകുട്ടി തന്റെ വേദനയും അനുഭവവും പങ്കുവയ്ക്കുന്നത്.
ഗൃഹലക്ഷ്മിയിൽ വന്ന അഭിമുഖത്തിന്റെ പ്രസക്ത ഭാഗം
''ആ സംഭവത്തിനുശേഷം ഞാൻ ആത്മഹത്യ ചെയ്യാനുറപ്പിച്ചിരുന്നു. പക്ഷേ അവിടെയും തോറ്റു. ആരൊക്കെയോ ചേർന്ന് ഒരു ഇടുങ്ങിയ കൂട്ടിലെന്നെ അടച്ചുപൂട്ടിയതുപോലെ എനിക്ക് തോന്നി. പക്ഷേ, എനിക്ക് കടക്കണമായിരുന്നു. ആ കൂട് തുറന്ന് ഞാൻ പുറത്തേക്കു പറന്നു. മരണത്തിലേക്കല്ല ജീവിതത്തിലേക്ക്. തെറ്റ് ചെയ്തത് ഞാനല്ല. എനിക്കൊന്നും നഷ്ടപ്പെട്ടിട്ടുമില്ല. ഇന്നെനിക്ക് ലക്ഷ്യങ്ങളുണ്ട്. നന്നായി ജീവിക്കണം. അക്രമി ശിക്ഷിക്കപ്പെടുന്നത് എനിക്ക് കാണണം. എനിക്ക് സംഭവിച്ചത് ഇനിയൊരു പെൺകുട്ടിയുടെയും ജീവിതത്തിൽ ആവർത്തിക്കപ്പെടരുത്.
ആരെങ്കിലും എന്റെ ദേഹത്ത് അറിയാതൊന്നു തൊട്ടാൽപോലും പ്രതികരിക്കുന്ന ആളായിരുന്നു ഞാൻ. അയാളെ വെറുതെ വിട്ടല്ലോ എന്നായിരുന്നു അപ്പോഴത്തെ വിഷമം. അങ്ങനെ കേസായി. എഫ്.ഐ.ആർ. തയ്യാറാക്കി. അമ്മ നിർത്താതെ കരയുകയാണ്. പിറ്റേന്ന് രാവിലെ മുതൽ പൊടിപ്പും തൊങ്ങലും വച്ച കഥകൾ കേട്ടു തുടങ്ങി. തെളിവെടുപ്പിന്റെ ഭാഗമായ ശാരീരിക പരിശോധനയായിരുന്നു ഏറ്റവും വേദനിപ്പിച്ചത്. ആരും എന്നോട് ദയ കാട്ടിയില്ല. നടന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു പറയേണ്ടി വന്നു. ദേഹപരിശോധനയ്ക്ക് വഴങ്ങാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല. അതിനും കേട്ടു ഒരുപാട് പഴി. ശരീരം അനക്കാൻ വയ്യാത്ത അവസ്ഥയിൽ തുടരെ അപമാനിക്കപ്പെടുന്നപോലെ എനിക്കു തോന്നി. ഒപ്പമുണ്ടായിരുന്ന പൊലീസുകാരിപോലും എന്നെ വഴക്ക് പറഞ്ഞു. പരിശോധനയ്ക്ക് തയ്യാറാവാൻ വേണ്ടി അവർ ബലം പ്രയോഗിച്ചു. ഒടുവിൽ ഏതോ ഒരു പൊലീസുദ്യോഗസ്ഥൻ എന്നെ ഫോണിൽ വിളിച്ചു. അദ്ദേഹം കരുതലോടെയാണ് സംസാരിച്ചത്. മോളേ, കേസ് നിലനിൽക്കണമെങ്കിൽ തെളിവ് വേണം. അതിന് ഇതേയുള്ളൂ വഴി എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാനതിന് തയ്യാറായി.
അതിനിടെ വാർത്ത പുറത്തെല്ലാമറിഞ്ഞു. പലരും സംശയത്തോടെ എന്റെ നേരെ വിരൽ ചൂണ്ടി. എന്തുവന്നാലും ഒപ്പം കാണുമെന്ന് വിചാരിച്ചവർപോലും കൈയൊഴിഞ്ഞതോടെ ഞാൻ തളർന്നു. പീഡിപ്പിച്ചവനെ എനിക്ക് മുമ്പേ അറിയാമായിരുന്നെന്നും ഞാനും അയാളും തമ്മിൽ അടുപ്പത്തിൽ ആയിരുന്നെന്നുമൊക്കെ ആരൊക്കെയോ കഥകൾ പ്രചരിപ്പിച്ചു. ഇതേകാര്യം പറഞ്ഞ് അയാളുടെ പാർട്ടിക്കാരെന്ന് സ്വയം പരിചയപ്പെടുത്തി ചിലർ വിളിച്ചുകൊണ്ടേയിരുന്നു.
പിന്നെ തുടർചികിത്സയ്ക്കായി അമ്മയ്ക്കും അനിയത്തിക്കും ചേച്ചിക്കുമൊപ്പം കോട്ടയം മെഡിക്കൽകോളേജിൽ എത്തി. പലയിടത്തുനിന്നും കുറ്റപ്പെടുത്തൽ. ഞാൻ കാരണം എല്ലാവർക്കും നാണക്കേടായെന്ന് ഒപ്പമുള്ളവർകൂടി പറഞ്ഞതോടെ എനിക്ക് നിലതെറ്റി. കോവിഡ് മൂർഛിച്ചു. മാനസിക സമ്മർദം വർധിച്ചതിനെത്തുടർന്നാവാം പ്രമേഹവും പിടിപെട്ടു. ഒപ്പം നിൽക്കാൻ ആരുമില്ല. ഇത്രയൊക്കെ തെളിവുകൾ കൈയിൽ ഉണ്ടായിട്ടും എല്ലാവരും കുറ്റപ്പെടുത്തിയതോടെ ഇനി ജീവിക്കണ്ട എന്നുറപ്പിച്ചു. അങ്ങനെ ആശുപത്രി മുറിയിലെ ഫാനിൽ കുടുക്കിട്ടു. പക്ഷേ, മുറിയിലെ ജനാലയിലൂടെ ആരോ ഇതു കണ്ടു. അവരെന്നെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തി-പെൺകുട്ടി പറയുന്നു.
പീഡനത്തിന് കാരണം സർക്കാർ സംവിധാനത്തിലെ വീഴ്ച
ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിന് കാരണം രാത്രി യാത്ര ഒരുക്കിയ സർക്കാർ സംവിധാനമെന്ന ചർച്ച സജീവമായിരുന്നു. ആരോഗ്യ വകുപ്പിന്റെ 'കനിവ്' പദ്ധതിയുടെ ഭാഗമായ '108' ആംബുലൻസിന്റെ ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലായിരുന്നു പീഡകൻ. കിമിനൽ കേസ് പ്രതിക്കൊപ്പം ആരോഗ്യ വകുപ്പ് പ്രതിനിധികൾ ആരുമില്ലാതെ അയച്ചത് ആരോഗ്യ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണെന്നും ആരോപണം ഉയർന്നു.
ഡ്രൈവർ ക്രൂരമായി പീഡിപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് പറയുന്നു. ആറന്മുളയിൽ വിജനസ്ഥലത്തു അർധരാത്രിയായിരുന്നു പീഡനം നടന്നത്. ഇയാൾ മുൻപു വധശ്രമക്കേസിൽ പ്രതിയാണ്. അമ്മ ഉൾപ്പെടെയുള്ളവർക്കു കോവിഡ് സ്ഥിരീകരിച്ചതിനാൽ ബന്ധുവീട്ടിൽ കഴിയവെയാണു പെൺകുട്ടിയും കോവിഡ് പോസിറ്റീവായത്. രാത്രി പത്തോടെ ആംബുലൻസിൽ കയറ്റിയെങ്കിലും 10 മിനിറ്റിനകം എത്താവുന്ന ആശുപത്രിയിലേക്കു പോയില്ല. അടൂർ ജനറൽ ആശുപത്രിയിൽനിന്നു മറ്റൊരു ആംബുലൻസിൽ കയറ്റി. നേരത്തെ എടുത്ത ആംബുലൻസിൽ ഡീസൽ തീർന്നതു കൊണ്ടായിരുന്നു ഇത്. അങ്ങനെയാണ് നൗഫലിന്റെ ആംബുലൻസിൽ പെൺകുട്ടി കയറുന്നത്.
ഇതിലുണ്ടായിരുന്ന കോവിഡ് പോസിറ്റീവായ സ്ത്രീയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി പന്തളത്തേക്കു മടങ്ങുമ്പോഴായിരുന്നു പീഡനം. സ്ത്രീകളായ കോവിഡ് രോഗികൾക്കൊപ്പം ആംബുലൻസിൽ വനിതാ ആരോഗ്യപ്രവർത്തകർ വേണമെന്ന നിബന്ധന പാലിച്ചിരുന്നില്ല. ആറന്മുളയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്. പ്രതി നൗഫൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. വധശ്രമക്കേസിൽ ഉൾപ്പെടെ പ്രതിയുമാണ്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്. പീഡനത്തിന് ശേഷം പ്രതി കുറ്റസമ്മതം നടത്തിയത് പെൺകുട്ടി മൊബൈൽഫോണിൽ പകർത്തി.
ചെയ്തതു തെറ്റാണെന്നു പ്രതി സമ്മതിക്കുന്ന വിഡിയോ പെൺകുട്ടി ഫോണിൽ പകർത്തിയിരുന്നു. ഇതു നിർണായക തെളിവാകുമെന്നു എസ്‌പി കെ.ജി. സൈമൺ അറിയിച്ചു. സാരമായി പരുക്കേറ്റ പെൺകുട്ടി, കോവിഡ് ആശുപത്രിയിലെത്തിയ ഉടൻ നിലവിളിച്ചുകൊണ്ട് ഓടിക്കയറുകയായിരുന്നു. ആംബുലൻസുമായി കടന്ന ഡ്രൈവർ പെൺകുട്ടിയെ ഫോണിൽ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പും പൊലീസിനു കിട്ടിയിരുന്നു.
മറുനാടന് ഡെസ്ക്