പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ആറന്മുള സ്റ്റേഷനിലെ ടെലിവിഷൻ സെറ്റ് എസ്.ഐ. അശ്വിത് എസ്. കാരാണ്മയിൽ അടിച്ചു തകർത്തു. തന്റെ സംരക്ഷകനായ ശിവദാസൻ നായർ എംഎ‍ൽഎ തോറ്റതിന്റെ അരിശത്തിനാണ് എസ്.ഐ. ടി.വി. ഉടച്ചതെന്ന് സിപിഎമ്മുകാർ പറയുന്നു. എന്നാൽ, ഡ്യൂട്ടി നൽകി വിവിധ സ്ഥലങ്ങളിലേക്ക് അയച്ച പൊലീസുകാർ ടി.വി.യും കണ്ട് സ്റ്റേഷനിൽത്തന്നെ കുത്തിയിരുന്നതാണ് ടി.വി. ഉടയ്ക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് എസ്.ഐയുടെ പക്ഷം.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് എസ്.ഐ. ടി.വി. തല്ലിപ്പൊട്ടിച്ചതെന്ന് പാർട്ടി മുഖപത്രത്തിലെ വാർത്തയിൽ പറയുന്നു. ശിവദാസൻ നായർ ഇനി ജയിക്കില്ലെന്ന് മനസിലായതോടെയാണത്രേ കുപിതനായ എസ്.ഐ ടി.വി. തല്ലിപ്പൊട്ടിച്ചത്. അവിടെയുണ്ടായിരുന്ന പൊലീസുകാരെ തെറിപറയുകയും ചെയ്തുവത്രേ.

അതേസമയം, ടി.വി. പൊട്ടിച്ചകാര്യം എസ്.ഐ നിഷേധിക്കുന്നില്ല. സിപിഎമ്മുകാർ പറയുന്നതു പോലെ രാവിലെ 11 ന് അല്ല, പൊട്ടിക്കൽ നടന്നത്. ഒമ്പതു മണിക്കാണ്. വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനുമായി സുരക്ഷ ഒരുക്കേണ്ടവരെ വിന്യസിച്ച്, ഡ്യൂട്ടിക്ക് വിട്ടതിനു ശേഷം എസ്.ഐയും പുറത്തേക്ക് പോയി. എന്നാൽ, ഡ്യൂട്ടി കിട്ടിയവർ പോകാതെ സ്റ്റേഷന്റെ ഒന്നാം നിലയിൽ സ്ഥാപിച്ചിട്ടുള്ള ടി.വിക്കു മുന്നിൽ കുത്തിയിരുന്നു. ഈ സമയം സ്റ്റേഷനിൽ വന്ന സി.ഐയെ ഒന്നു ബഹുമാനിക്കാൻ പോലും ഇവർ തയാറായില്ലത്രേ. തുടർന്ന് സി.ഐ, എസ്.ഐയെ വിളിച്ച് ശാസിച്ചു. ഇതുകേട്ട് ക്രുദ്ധനായി സ്റ്റേഷനിലേക്ക് വന്ന എസ്.ഐ ടി.വി. തല്ലിപ്പൊട്ടിക്കുകയായിരുന്നു.

പൊലീസ് അസോസിയേഷൻ പിരിവെടുത്ത് വാങ്ങിയതാണ് ടിവി. എസ്.ഐയുടെ നടപടി പൊലീസുകാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. സംഗതി കുഴപ്പമാകുമെന്ന് കണ്ടതോടെ പൊലീസുകാരെയും എസ്.ഐ വിരട്ടിയത്രേ. നിരപരാധികളെ മർദിച്ചതും ചീത്ത വിളിച്ചും അടക്കം നിരവധി കേസുകളിൽ പ്രതിയാണ് എസ്.ഐ. അശ്വിത്. മനുഷ്യാവകാശ കമ്മിഷൻ ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കാൻ ഡി.ജി.പിയോട് നേരത്തേ ശിപാർശ ചെയ്തിട്ടുണ്ട്. വഴിയേ പോകുന്നവരെ ചുമ്മാതെ മർദിക്കുന്നതും ചീത്ത വിളിക്കുന്നതും ഇദ്ദേഹത്തിന്റെ ഹോബിയാണ്. നിരവധി പരാതികളിന്മേൽ പി.ആർ. നേരിട്ടു കൊണ്ടിരിക്കുകയുമാണ്. ശിവദാസൻ നായരുടെ താൽപര്യപ്രകാരമാണ് അശ്വിത്തിനെ ആറന്മുളയിൽ നിയമിച്ചത്. നിരവധി പരാതികൾ ഇവിടെയും ഇയാൾക്കെതിരേ ഉണ്ടായിട്ടും എംഎ‍ൽഎ സംരക്ഷിച്ചുപോരുകയായിരുന്നുവത്രേ.