- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറന്മുള വള്ളസദ്യയിൽ സർക്കാർ വിളിക്കേണ്ട അവലോകന യോഗം ദേവസ്വം ബോർഡ് പ്രസിഡന്റ് വിളിച്ചു ചേർത്തതിൽ വിവാദം; എ പത്മകുമാർ വിളിച്ച യോഗത്തിൽ നിന്നും മന്ത്രിയും എംഎൽഎയുമടക്കം വിട്ടു നിന്നു; ബഹിഷ്കരിച്ച് പള്ളിയോട സേവാസംഘവും; വള്ളസദ്യ കരാറുകാരെ ഏൽപ്പിക്കാൻ സിപിഎം നടത്തിയ നീക്കമെന്ന് ആക്ഷേപം
പത്തനംതിട്ട: ആറന്മുള ക്ഷേത്രം തിരുവിതാംകുർ ദേവസ്വം ബോർഡിന്റെയാണ്. എന്നാൽ, അവിടെ നടക്കുന്ന വള്ളസദ്യം, വള്ളംകളി എന്നിവ പള്ളിയോട സേവാസംഘത്തിന്റെ അധീനതയിലും. ഈ ചരിത്രം പൊളിച്ച് പുതിയത് എഴുതാനുള്ള ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ നീക്കം പാളി. സ്വന്തം പാർട്ടിയിൽ നിന്നുള്ള എംഎൽഎ അടക്കം പത്മകുമാറിന്റെ നീക്കങ്ങളെ എതിർത്ത് രംഗത്തു വന്നു. സ്വന്തം തട്ടകത്തിൽ ചക്രവർത്തിയാകാൻ നടത്തിയ ശ്രമത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ ദേവസ്വം ബോർഡ് പ്രസിഡന്റിന് അടിതെറ്റിയത്. ആറന്മുള വള്ളംകളിയുടെയും വള്ള സദ്യയുടെയും നടത്തിപ്പിന് വർഷം തോറും നടത്തുന്ന അവലോകന യോഗം ഇക്കുറി സ്വയം വിളിച്ച്, സ്വന്തമായി തന്നെ അദ്ധ്യക്ഷനായി അവരോധിച്ചതോടെയാണ്് സ്വന്തം പാളയത്തിൽ നിന്നുൾപ്പെടെ തിരിച്ചടി നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം രാവിലെ പള്ളിയോട സേവാസംഘത്തിന്റെ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ മന്ത്രി മാത്യു ടി തോമസ്, വീണ ജോർജ് എംഎൽഎ എന്നിവരും പങ്കെടുക്കുമെന്ന് കാട്ടി ദേവസ്വം അസി കമ്മിഷണർ നൽകിയ വിവരത്തിന്റെ അടിസ്ഥ
പത്തനംതിട്ട: ആറന്മുള ക്ഷേത്രം തിരുവിതാംകുർ ദേവസ്വം ബോർഡിന്റെയാണ്. എന്നാൽ, അവിടെ നടക്കുന്ന വള്ളസദ്യം, വള്ളംകളി എന്നിവ പള്ളിയോട സേവാസംഘത്തിന്റെ അധീനതയിലും. ഈ ചരിത്രം പൊളിച്ച് പുതിയത് എഴുതാനുള്ള ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ നീക്കം പാളി. സ്വന്തം പാർട്ടിയിൽ നിന്നുള്ള എംഎൽഎ അടക്കം പത്മകുമാറിന്റെ നീക്കങ്ങളെ എതിർത്ത് രംഗത്തു വന്നു.
സ്വന്തം തട്ടകത്തിൽ ചക്രവർത്തിയാകാൻ നടത്തിയ ശ്രമത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ ദേവസ്വം ബോർഡ് പ്രസിഡന്റിന് അടിതെറ്റിയത്. ആറന്മുള വള്ളംകളിയുടെയും വള്ള സദ്യയുടെയും നടത്തിപ്പിന് വർഷം തോറും നടത്തുന്ന അവലോകന യോഗം ഇക്കുറി സ്വയം വിളിച്ച്, സ്വന്തമായി തന്നെ അദ്ധ്യക്ഷനായി അവരോധിച്ചതോടെയാണ്് സ്വന്തം പാളയത്തിൽ നിന്നുൾപ്പെടെ തിരിച്ചടി നേരിടേണ്ടി വന്നത്.
കഴിഞ്ഞ ദിവസം രാവിലെ പള്ളിയോട സേവാസംഘത്തിന്റെ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ മന്ത്രി മാത്യു ടി തോമസ്, വീണ ജോർജ് എംഎൽഎ എന്നിവരും പങ്കെടുക്കുമെന്ന് കാട്ടി ദേവസ്വം അസി കമ്മിഷണർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പബ്ലിക് റിലേഷൻസ് വകുപ്പ് മാധ്യമങ്ങൾക്ക് അറിയിപ്പും നൽകി. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ വിളിക്കേണ്ട പലരെയും വിളിക്കാൻ മറന്നു പോവുകയും ചെയ്തു.
യോഗത്തിന്റെ കത്ത് കിട്ടിയ എംഎൽഎയും ജില്ലാ കലക്ടറും എഡിഎമ്മും ഞെട്ടി. സാധാരണയായി എംഎൽഎയുടെ നിർദ്ദേശ പ്രകാരം ജില്ലാ കലക്ടറോ എഡിഎമ്മോ ആണ് വർഷങ്ങളായി ഔദ്യോഗിക യോഗം വിളിക്കുന്നത്. ഇക്കാര്യത്തില് പുതിയ മാറ്റം എന്തിനെന്ന് ആർക്കും മനസ്സിലായില്ല. വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച വീണ ജോർജ് എംഎൽഎ സിപിഎം നേതൃത്വത്തെയും വിവരം അറിയിച്ചു. കൂടാതെ കത്ത് കിട്ടിയപ്പോൾ മാത്രമാണ് യോഗ വിവരം അറിഞ്ഞതെന്നും തന്നോട് ആലോചിച്ചില്ലെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യോഗത്തിന് ആധികാരികതയില്ലെന്ന് ബോധ്യപ്പെട്ട പള്ളിയോട സേവാസംഘം ഭാരവാഹികൾ ഞായറാഴ്ച അടിയന്തര യോഗം ചേർന്ന് യോഗം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. മുൻ പ്രസിഡന്റ് കൂടിയായ ഡോ കെ ജി ശശിധരൻപിള്ള ദേവസ്വം ബോർഡ് നീക്കം വള്ളസദ്യ പിടിച്ചടക്കാനുള്ള നടപടിയുടെ ഭാഗമാണെന്ന് യോഗത്തിൽ തുറന്നടിച്ചു.
തിങ്കളാഴ്ച പത്മകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇപ്പോഴത്തെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി ഏകപക്ഷീയമായി ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവുമായി എന്തെങ്കിലു യോഗം ചേരാൻ മറ്റ് വകുപ്പുകളുടെ അധികാരികൾ പങ്കെടുക്കുന്ന യോഗം ആവശ്യമില്ലെന്ന് അറിയിച്ചു. മാത്രമല്ല എംഎൽഎയോ മന്ത്രിയോ ജില്ലാ കലക്ടറോ ഇല്ലാത്ത യോഗത്തിന് എന്ത് ആധികാരികതയാണുള്ളതെന്ന് ചോദിച്ചു.
ഇതോടെ പത്മകുമാർ തല്ക്കാലം മാപ്പ് പറഞ്ഞു തലയൂരിയെങ്കിലും ഉടൻ തന്നെ പത്ര സമ്മേളനം വിളിച്ച് ആറന്മുള ക്ഷേത്രത്തിന്റെ അധികാരി ദേവസ്വം ബോർഡാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പള്ളിയോടങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ഗ്രാന്റ് നല്കാനാണ് യോഗം വിളിച്ചതെന്നും അറിയിച്ചു.
എന്നാൽ ഇതിന് ശേഷം ആറന്മുളയിലെ മുൻകാലങ്ങളിലെ ചില കുത്തക സദ്യക്കാരുടെ യോഗം വിളിച്ചത് വള്ളസദ്യ അട്ടിമറിക്കാനാണെന്ന് അഭ്യൂഹം പരന്നു. നിലവിൽ 15 സദ്യ കരാറുകാരുണ്ടായിട്ടും നാല് വൻകിട സദ്യക്കാരോട് ദേവസ്വം ബോർഡ് പ്രസിഡന്റ് ചില ഉറപ്പുകൾ നല്കിയതായി കരകളിലും വിവരങ്ങൾ പരന്നു. ഭൂരിപക്ഷം പള്ളിയോടകരകളും എന്എസ്എസ് അധീനതയിലായതിനാൽ വിഷയത്തിൽ എൻഎസ്എസും ഇടപെട്ടതായാണ് അറിയുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്എസ്എസിനെ പിണക്കാൻ തയ്യാറല്ലാത്തതിനാൽ സിപിഎം നേതൃത്വവും വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. 17 പള്ളിയോട കരകളാണ് ചെങ്ങന്നൂർ അസംബ്ളി മണ്ഡലത്തിലുള്ളത്.
ഇതിനിടെ പള്ളിയോടങ്ങൾക്ക് നടത്തുന്ന വള്ള സദ്യകൾ ആറന്മുള ക്ഷേത്രമതിൽക്കെട്ടിൽ നിന്ന് ഒഴിവാക്കണമെന്ന ദേവ പ്രശ്നവിധി നടപ്പാക്കണമെന്ന് ഒരു വിഭാഗം ഭക്തർ ആവശ്യപ്പെടുമ്പോൾ മൂന്ന് നിലയിലായി സദ്യാലയം പണിത് ലാഭകരമാക്കാനുള്ള ആലോചനയിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ്. മുൻപ് പള്ളിയോടങ്ങൾക്കുള്ള വള്ള സദ്യകൾ അതാത് കരകളിലാണ് നടന്ന് വന്നിരുന്നത്. 1991 മുതലാണ് വള്ളസദ്യകൾ ആറന്മുള ക്ഷേത്ര മതിലകത്ത് നടത്തിത്തുടങ്ങിയത്. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകളുമായി ബന്ധമില്ലാത്ത ആചാരമാണ് പള്ളിയോടങ്ങളും വള്ളസദ്യയുമായി ബന്ധപ്പെട്ടുള്ളത്.
അതേ സമയം പള്ളിയോട സേവാസംഘം പിടിച്ചടക്കാൻ സർക്കാർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ഹിന്ദുസംഘടനാ നേതാക്കൾ ആരോപിക്കുന്നു. സദ്യയുമായി ബന്ധപ്പെട്ട പരാതികൾ ഭൂരിഭാഗവും പരിഹരിച്ച് രണ്ട് വർഷമായി പരാതികൾ ഗണ്യമായി കുറക്കാൻ കഴിഞ്ഞത് ദേവസ്വം ബോർഡ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഇവർ പറയുന്നു.