- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി വിധിയും പഞ്ചായത്ത് വകുപ്പ് ഉത്തരവും ലംഘിച്ച് നിർമ്മിച്ച റിസോർട്ടിന്റെ പെർമിറ്റ് റദ്ദ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിനിമേൽ നടപടിയില്ല; കോടതി അലക്ഷ്യ നടപടിയുമായി മുമ്പോട്ട് പോകാൻ പരാതിക്കാരൻ; ആരണ്യകാ റിസോർട്ടിൽ ഒളിച്ചു കളിച്ച് അധികാരികൾ; എല്ലാം മുൻവൈരാഗ്യത്തിന്റെ പേരിലെ കള്ള ആരോപണമെന്ന് റിസോർട്ട് ഉടമയും
മൂന്നാർ; ഹൈക്കോടതി വിധിയും പഞ്ചായത്ത് വകുപ്പ് ഉത്തരവും ലംഘിച്ച് നിർമ്മിച്ച റിസോർട്ടിന്റെ പെർമിറ്റ് റദ്ദ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിനിമേൽ നടപടിയില്ല.പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമനടപടിസ്വീകരിക്കുമെന്ന് പരാതിക്കാരൻ.
പള്ളിവാസൽ പഞ്ചായത്തിൽ ഈ വിഷയത്തിൽ നൽകിയ പരാതിയിൽ ഇതുവരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ലന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.ആവശ്യമായ രേഖകൾ സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ഇതുവരെ നടപടിയായിട്ടില്ലന്നും ഇക്കാര്യത്തിൽ വൻ അട്ടിമറിയാണ് നടന്നിട്ടുള്ളതെന്നുമാണ് പരാതിക്കാരനായ പള്ളിവാസൽ എസ്റ്റേറ്റ് സ്വദേശി പ്രവീണിന്റെ ആരോപണം.
സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ആറ്റുകാട് റോഡിൽ സ്ഥിതിചെയ്യുന്നതും ജ്യോതി പാർവതി, പൂർണിമ എന്നിവരുടെ ഉടമസ്ഥതയിലുള്ളതുമായ ആരണ്യക റിസോർട്ടിന്റെ നിർമ്മാണത്തിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പ്രവീൺ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി സമർപ്പിച്ചിട്ടുള്ളത്.കെട്ടിടനിർമ്മാണം സംബന്ധിച്ചുള്ള വിവരങ്ങളാരാഞ്ഞ് വിവരാവകാശപ്രകാരം പ്രവീൺ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു.ഇതിനുള്ള മറുപിടിയിൽ റിസോർട്ട് നിർമ്മാണത്തിന് റവന്യൂവകുപ്പിന്റെ എൻഒസിയില്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
പ്രവിണിന്റെ പരാതി പഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നെന്നും ഇതുസംബന്ധിച്ച് സർക്കാർ തീരുമാനം എന്തെങ്കിലും വരികയാണെങ്കിൽ അപ്പോൾ വേണ്ട നടപടി സ്വീകരിക്കാം എന്നാണ് കമ്മറ്റി തീരുമാനിച്ചിട്ടുള്ളതെന്നും സെക്രട്ടറി പ്രതികരിച്ചു.പ്രവിണിന്റെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതിയറിയാൻ വിളിച്ച് വിവരങ്ങളാരാഞ്ഞപ്പോഴാണ് സെക്രട്ടറി ഇക്കാര്യം മറുനാടനോട് വ്യക്തമാക്കിയത്.
കേരള ഹൈക്കോടതിയുടെ ഡബ്ളിയു പി സി 1801/2010 വിധിപ്രകാരം മൂന്നാറിലും പരിസരപ്രദേശങ്ങളിലും നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിന് റവന്യൂ എൻഒസി നിർബന്ധമാക്കിയിട്ടുള്ളതാണ്.ഈ വിധി പഞ്ചായത്തുകൾ കർശനമായി നടപ്പിലാക്കണമെന്ന ഉത്തരവും നിലവിലുണ്ട്.2010-ൽ ഹൈക്കോടതി വിധി വന്ന ശേഷം റവന്യൂ എൻഒസി ഇല്ലാതെ നടത്തുന്ന ഏതൊരു നിർമ്മാണപ്രവർത്തനവും നിയമവിരുദ്ധമായിട്ടാണ് പരിഗണിക്കുന്നത്.പരാതി ലഭിച്ചാൽ മാത്രമാണ് ഇത്തരത്തിലുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ പരിശോധനപോലും നടത്താൻ പഞ്ചായത്ത് -റവന്യൂ ഉദ്യോഗസ്ഥർ തയ്യാറാകുന്നത്.
ഇതിനിടെയാണ് എൻഒസി ഇല്ലന്ന് കണ്ടെത്തിയിട്ടും റിസോർട്ടിന്റെ കാര്യത്തിൽ പഞ്ചായത്ത് നടപടി സ്വീകരിക്കാൻ തയ്യാറാവാത്തത്.ഈ വർഷം മാർച്ച് 3-നാണ് പരാതി നൽകിയത്.കോടതി ഉത്തരവുപ്രകാരം നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാതെ പഞ്ചായത്ത് സെക്രട്ടറി ഈ വിഷയത്തിൽ ഒളിച്ചുകളിക്കുകയാണ്.ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഈ ഉദ്യോഗസ്ഥൻ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.അതിനാൽ കോടതിയലക്ഷ്യ ഹർജി ഉൾപ്പടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകും.പ്രവീൺ വിശദമാക്കി.
റിസോർട്ടിൽ അടുത്തകാലത്ത് നിർമ്മിച്ച പത്തിലധികം മുറികളുള്ള ഒരു കെട്ടിടം നിയമപ്രകാരമുള്ള അനുമതി വാങ്ങിയാണോ നിർമ്മിച്ചിട്ടുള്ളതെന്നന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല എന്ന ആക്ഷപവും പരാതിക്കാരൻ ഉന്നയിക്കുന്നുണ്ട്.ഒരു കെട്ടിട നമ്പറിന്റെ മറവിൽ പല കെട്ടിടങ്ങളും പണിയുകയും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്ന ഭൂമാഫിയ തന്ത്രം ആണോ ഇവിടെയും നടന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കണം എന്ന ആവശ്യവും പ്രവീൺ ഉന്നയിക്കുന്നുണ്ട്.
പരാതിയിൽ പറയുന്ന കെട്ടിടം നിർമ്മിച്ചതും ലൈസൻസ് നൽകിയതുമൊന്നും താൻ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയിൽ എത്തിയ ശേഷമല്ലന്നും അതുകൊണ്ട് പരാതിയിൽ പറയുന്ന നിയമവിരുദ്ധമായ നിർമ്മാണത്തിനെതിരെ നടപടി സ്വീകരിക്കാൻ താൻ ബാദ്ധ്യസ്ഥനല്ലന്നും മറ്റുമുള്ള ന്യായീകരണമാണ് സെക്രട്ടറിയുടെ ഭാഗത്തുനിന്നും തനിക്ക് ലഭിച്ചതെന്നും പ്രവീൺ കൂട്ടിച്ചേർത്തു.
കോടതി വിധി ലംഘിച്ച് നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കേണ്ട പഞ്ചായത്ത് റവന്യൂ -ഉദ്യോഗസ്ഥർ കൈക്കുലി വാങ്ങി നിർമ്മാണത്തിന് മൗനാനുവാദം നൽകുകയാണെന്നും ഇതെക്കുറിച്ചെന്തെങ്കിലും പരാതി വന്നാൽ പരാതിക്കാരന്റെ വിവരങ്ങൾ കെട്ടിട ഉടമയ്ക്ക് ഉദ്യോഗസ്ഥർ ചോർത്തി നൽകുകയാണെന്നും പിന്നീട് പണം നൽകിയോ ഭീഷണിപ്പെടുത്തിയോ ഇത് പിൻവലിപ്പിക്കുന്നതിനുള്ള നീക്കമാണ് റിസോർട്ട് മാഫിയ നടത്തുന്നതെന്നും പ്രവീൺ ആരോപിച്ചു.
മുൻ വൈരാഗ്യമെന്ന് റിസോർട്ട് ഉടമ
എന്നാൽ പ്രവീണിന്റെ പരാതിയിൽ കഴമ്പില്ലന്നും ഇത് മുൻവൈരാഗ്യത്തിന്റെ പേരിൽ കെട്ടിച്ചമച്ചതാണെന്നുമാണ് റിസോർട്ട് ഉടമകളിൽ ഒരാളായ പൂർണ്ണിമ അരുണിന്റെ വെളിപ്പെടുത്തൽ.
ഞങ്ങൾ( എന്റെ കുടുംബങ്ങൾ ) 50 വർഷത്തിലേറെയായി ആറ്റുകാട് താമസിച്ചുവരികയാണ്.ഈ സ്ഥലത്തിനോട് ചേർന്നാണ് റിസോർട്ട് പ്രവർത്തിക്കുന്നത് പലഘട്ടമായിട്ടാണ് ഇത് നിർമ്മിച്ചത്.കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ യ ചീഫ് ജസ്റ്റീസ് എം എസ് മേനോനന്റെ പേരിലുണ്ടായിരുന്നതും വിൽപത്ര പ്രകാരം കൈ മാറുകയും ചെയ്തിട്ടുള്ള വസ്തുവാണിത്. നിയപരമല്ലതെ ഒരു കാര്യവും ചെയ്യാത്ത വ്യക്തി ആയിരുന്നു അദ്ദേഹം.ഞങ്ങളെയും പരിശീലിപ്പിച്ചതും അതുതന്നെയാണ്.ഞങ്ങളുടെ റിസോർട്ടിന് താഴെ ഉള്ള റവന്യൂ ഭൂമി കയ്യേറി സുഭാഷ് എന്നൊരാൾ നടത്തിയിരുന്ന നിയമവിരുദ്ധ നിർമ്മാണപ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്തു കൊണ്ടിരുന്ന വ്യക്തിയാണ് പരാതിക്കാരൻ.
ഇതിനെതിരെ ഞങ്ങൾ കേസ് കൊടുക്കുകയും കോടതി ഇത് സ്റ്റേചെയ്യുകയും ചെയ്തിരുന്നു.ഇതിന്മേൽ ഉള്ള വൈരാഗ്യമാണ് പരാതിക്കുപിന്നിലെന്നാണ് മനസ്സിലാവുന്നത്.സ്ഥലത്തിന്റെ 1952 മുതലുള്ള രേഖകളും റിസോർട്ട് നിർമ്മാണതിന്റെ എല്ലാ രേഖകളും ഞങ്ങളുടെ കൈവശം ഉണ്ട്. അന്നത്തെ നിയമ പ്രകാരം നിജസ്ഥിതി സാക്ഷ്യപത്രം വാങ്ങിയിട്ടാണ് ഞങ്ങൾ റിസോർട്ട് നിർമ്മാണം ആരംഭിച്ചത്.നിയമങ്ങൾക്ക് വിരുദ്ധമായി ഒരു തരത്തിലുള്ള പ്രവൃത്തികളും ഞങ്ങൾ ചെയ്തിട്ടില്ല,ചെയ്യുകയുമില്ല.സ്ഥലം സംബന്ധിച്ച രേഖകളെല്ലാം ഞങ്ങളുടെ കൈയിലുണ്ട്.ധാരാളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ഈ പരാതിക്കാരൻ.ഇയാൾ വാടകയ്ക്കെടുത്ത കെട്ടിടത്തിൽ വഴിവിട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നതായി പലരും പറഞ്ഞുകേട്ടിട്ടുണ്ട്.ഞങ്ങൾ ഇക്കാലമത്രയും ആരോടും ഒരു നിയമ നടപടിക്ക് പോയിട്ടില്ല.ഒരു നിയമ നടപടിയും ഞങ്ങൾക്കെതിരെ ഇതുവരെയില്ല.
എന്റെ പ്രായമായ അച്ഛനമ്മമാർ താമസിക്കുന്ന വീട്ടു പരിസരത്ത് വന്ന് അസഭ്യം പറയുകയും ചീത്ത വിളിക്കുകയും ചെയ്തതിനാൽ അവരുടെ സുരക്ഷയെക്കരുതി മാത്രാണ് ഞങ്ങൾ നിയമ നടപടിക്ക് ഇറങ്ങിയത്.സ്റ്റേ ഓർഡർവന്നതിനുശേഷം പ്രവിണും കൂട്ടരും പല വിധത്തിലുള്ള ശല്യങ്ങൾ ഉണ്ടാക്കിയിരുന്നു.ഞങ്ങളുടെ സ്ഥാപനത്തിൽ ജോലിക്ക് വരുന്നവരെ ഭീഷിണിപ്പെടുത്തുക, ചീത്ത വിളിക്കുക,സ്ഥാപനത്തിന്റെ പരിസരത്ത് നിന്ന് ഞങ്ങളെ ചീത്ത വിളിക്കുക തുടങ്ങി പലവിധത്തിലുള്ള ശല്യങ്ങൾ പ്രവിണിന്റെയും ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.ഇതിൽ ഒന്നാണ്.ഈ പരാതിയും.അവർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ലേഖകന്.