ഡൽഹി: 19 എംഎൽഎമാരെ അയോഗ്യരാക്കി ബിജെപി സർക്കാർ ആം ആദ്മിയോടെ പ്രതികാരം ചെയ്യുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ നടപടി ലാഭകരമാക്കാനുള്ള ഒരുക്കത്തിലാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും. 19 ആം ആദ്മി എംഎൽഎമാരെ അയോഗ്യരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തപ്പോൾ തന്നെ കെജ്രിവാൾ സർക്കാരിന് നിരവധി പേർ സോഷ്യൽ മീഡിയയിൽ പിന്തുണ അറിയിച്ചിരുന്നു. ഈ അവസരം മുതലാക്കാനാണ് പാർട്ടിയുടെ തീരുമാനം.

ആം ആദ്മി സർക്കാരിനെ പിന്തുണക്കുന്നവർ നൂറു രുപ ടോക്കൺ ഡൊണേഷൻ നൽകാനാണ് കേജ്രിവാളിന്റെ ആഹ്വാനം. പാർട്ടിയുടെ ഈ നീക്കത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. സുതാര്യമായി മാത്രം ഫണ്ട് പിരിക്കുന്ന കെജ്രിവാൾ സർക്കാരിന് പൂർണ പിന്തുണയാണ് ജനങ്ങൾ നൽകുന്നത്. പതിനായിരങ്ങൾ ഇതിനോടകം ആപിന്റെ ഫണ്ട് സംഭാവനയുമായി ഇതിനോടകം സഹകരിച്ചു.

രാഷ്ട്രീയ പകപോക്കലുകൾക്ക് ഭരണഘടനാ സ്ഥാപനത്തെ ഉപയോഗിക്കരുതെന്നാണ് പൊതുവെ ഉയരുന്ന വികാരം. അയോഗ്യരാക്കിയ എംഎൽഎമാർക്ക് വിശദീകരണം നൽകാൻ പോലും കമ്മീഷൻ അവസരം നൽകിയില്ല. ഈ വിഷയത്തിൽ അരവിന്ദ് കെജ്രിവാളിനൊപ്പമാണ് നിൽക്കേണ്ടതെന്നാണ് സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ പ്രതികരണം.

ഇരട്ടപ്പദവി വഹിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് 19 എംഎൽഎമാരേയും അയോഗ്യരാക്കിയത്. 20 എംഎൽഎമാരെ അയോഗ്യരായെങ്കിലും 46 എംഎൽഎമാരുള്ള ആം ആദ്മി പാർട്ടിക്കും സർക്കാരിനും തൽകാലം അധികാരം നഷ്ടമാക്കും എന്ന ഭയം വേണ്ട. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ശുപാർശയിൽ അന്തിമ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെങ്കിലും ഈ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യുവാൻ എംഎൽഎമാർക്ക് അവകാശമുണ്ടാവും.

70 അംഗ നിയമസഭയിൽ 67 സീറ്റും ജയിച്ചാണ് 2015-ൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. മൂന്ന് സീറ്റ് മാത്രം ജയിച്ച ബിജെപിയായിരുന്നു ആപ്പിനെ കൂടാതെ നിയമസഭയിലെ മറ്റൊരു പാർട്ടി. ഇടക്കാലത്തുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി നേടി ബിജെപി തങ്ങളുടെ അംഗസഖ്യ നാലാക്കി ഉയർത്തിയിരുന്നു.