കോട്ടയം: മുണ്ടക്കയത്തെ സ്വകാര്യ എസ്‌റ്റേറ്റിലെ റൈറ്ററായിരുന്ന അരവിന്ദാക്ഷനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റു ചെയ്‌തെങ്കിലും തെളിവു തേടി പൊലീസിന്റെ അന്വേഷണം. ഇളംപ്രാമല എസ്റ്റേറ്റ് ജീവനക്കാരൻ വണ്ടൻപതാൽ തട്ടാശേരിൽ അരവിന്ദാക്ഷനെ (അരവിന്ദൻ-52) മദ്യലഹരിയിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തി തോട്ടത്തിലെ ചാണകക്കുഴിയിൽ കുഴിച്ചുമൂടുകയും, ഒന്നരമാസത്തിനുശേഷം ദൃക്‌സാക്ഷി ഇളംപ്രാമല മടക്കതടത്തിൽ സൈമന്റെ വെളിപ്പെടുത്തലിനെ തുടർന്നു ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ വണ്ടൻപതാൽ വരകുകാലായിൽ വർക്കിയെ ആണ് ഇന്നലെ ഭാര്യവീട്ടിൽ എത്തിച്ചു തെളിവെടുപ്പു നടത്തിയത്.

കൊലപാതകത്തിനു ശേഷം അരവിന്ദാക്ഷന്റെ മൊബൈൽ ഫോൺ വീട്ടിൽ കൊണ്ടുപോയി കത്തിച്ചുകളഞ്ഞെന്ന മൊഴിയെ തുടർന്നായിരുന്നു വീണ്ടും തെളിവെടുപ്പ്. വീട്ടിലെ തടിമേശയുടെ ഡ്രോയിൽ നിന്നു മൊബൈൽ ഫോണിന്റെ ബാറ്ററി കണ്ടെത്തി. ഫോണിന്റെ മറ്റു ഭാഗങ്ങൾ അടുപ്പിലിട്ട് കത്തിച്ചെന്നും ബാറ്ററി പൊട്ടിത്തെറിക്കുമെന്നു പേടിച്ച് കത്തിച്ചില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

പാലാ വിളക്കുമാടം സ്വദേശിയായ ഇയാൾ ഒരു വർഷമായി വണ്ടൻപതാലിൽ താമസിക്കുകയാണ്. കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസിന്റെ നേതൃത്വത്തിലാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. മുണ്ടക്കയത്തെ സ്വകാര്യ എസ്റ്റേറ്റിലെ റൈറ്ററായിരുന്നു മുണ്ടക്കയം വണ്ടൻപതാൽ തട്ടാശ്ശേരിൽ അരവിന്ദാക്ഷന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നത് ഒന്നരമാസത്തിന് ശേഷം. കാണാതായെന്ന് കരുതിയ അരവിന്ദാക്ഷൻ കൊല്ലപ്പെട്ടതാണെന്ന വിവരം അറിഞ്ഞ് മുണ്ടക്കയത്തുകാർ ഞെട്ടി. ഒന്നര മാസം മുമ്പ് കാണാതായ അരവിന്ദനെ എസ്റ്റേറ്റിലെ തന്നെ ജീവനക്കാരനായ മാത്യു കൊന്ന് ചാണകക്കുഴിയിൽ താഴ്‌ത്തുകയായിരുന്നു. മുണ്ടക്കയത്തെ സ്വകാര്യ എസ്റ്റേറ്റിലെ മുതലാളിയുടെ വിശ്വസ്തനാകാനായിരുന്നു മാത്യു കൊല നടത്തിയത്. സംഭവത്തിന് ദൃക്‌സാക്ഷിയായ സൈമൺ ആദ്യം ആരോടും ഒന്നും പറഞ്ഞില്ലെങ്കിലും ദിവസങ്ങൾ കഴിയുന്തോറും വിഭ്രാന്തിയുടെ വക്കോളമെത്തി. ഇതോടെയാണ് എല്ലാം പൊലീസ് അറിഞ്ഞത്.

അരവിന്ദന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മാത്യുവിനെ പൊലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നു. അന്നൊക്കെ തനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു മാത്യുവിന്റെ മൊഴി. എന്നാൽ സൈമണിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മാത്യുവിനെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. സുഹൃത്ത് സൈമൺ എല്ലാം പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞിട്ടും സമ്മതിക്കാൻ ആദ്യം മാത്യു തയ്യാറായില്ല ., സൈമണിന് മാനസിക രോഗമാണെന്നു വരെ പറഞ്ഞു. നടന്ന കാര്യങ്ങളെല്ലാം വള്ളി പുള്ളി തെറ്റാതെ പൊലീസ് മാത്യുവിന് മുന്നിൽ അവതരിപ്പിക്കുകയും നീണ്ട രണ്ടു മണിക്കൂർ ചോദ്യം ചെയ്തിട്ടും മാത്യു നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതിനിടയിൽ തനിക്ക് ശ്വാസം മുട്ടുലുണ്ടെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞ് വീണ് അഭിനയിക്കുകയും ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷവും പൊലീസ് ചോദ്യം ചെയ്തു. ഇതോടെ എല്ലാം സമ്മതിച്ചു.

വിദേശത്തുള്ള എസ്റ്റേറ്റ് ഉടമ എല്ലാകാര്യവും നോക്കാൻ ഏൽപ്പിച്ചിരുന്നത് അരവിന്ദനെയാണ്. പണിക്കാരെ വിളിക്കുന്നതും പണിക്കൂലി നൽകുന്നതുമെല്ലാം അരവിന്ദൻ തന്നെയായിരുന്നു. ഇതിനിടെയാണ് മാത്യു എസ്റ്റേറ്റിലെത്തുന്നത്. അരവിന്ദന്റെ ഇടപാടുകളും മുതലാളിയുമായുള്ള അടുപ്പവുമൊന്നും തുടക്കം മുതലേ മാത്യുവിന് അത്ര ഇഷ്ടമായിരുന്നില്ല. ഇതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. അരവിന്ദൻ പുറത്തായാൽ ആ സ്ഥാനം തനിക്ക് ലഭിക്കുമെന്നും മാത്യു കരുതി. പണി കുറവുള്ളപ്പോഴും കൂടുതൽ പണിക്കാരെ വരുത്തുന്നത് പണം തട്ടാനാണെന്ന് മാത്യു തുറന്നടിച്ചതോടെ ഇരുവരും വാക്കു തർക്കത്തിലായി. പിന്നീട് പലതും പറഞ്ഞ് തർക്കങ്ങൾ പതിവായി. ഒടുവിൽ ധാരുണമായ കൊലപാതകവും.

അരവിന്ദനും മാത്യുവും കൂട്ടുകാരനായ സൈമണും മദ്യപിക്കാൻ ഒരുമിച്ച് കൂടിയത് ഒന്നരമാസം മുമ്പായിരുന്നു. എസ്റ്റേറ്റിനുള്ളിലെ കാടുകയറിയ സ്ഥലത്തിരുന്നായിരുന്നു മദ്യപാനം. രണ്ടെണ്ണം അകത്ത് ചെന്നപ്പോൾ മാത്യുവിന്റെ ഉള്ളിലെ പക പുറത്ത് വന്നു. ഒന്നും രണ്ടും പറഞ്ഞ് ഇരുവരും വഴക്കായി. ഇരുവരും തമ്മിൽ ഉന്തും തള്ളും വരെയായി. തുടർന്ന് പണി ആയുധങ്ങൾ സൂക്ഷിക്കുന്ന ഷെഡിലേയ്ക്ക് അരവിന്ദൻ കയറിപ്പോയി. മാത്യുവും പിന്നാലെ പോയി. അവിടെ വച്ചും ഇരുവരും തമ്മിൽ വീണ്ടും വാക്കു തർക്കമുണ്ടായി. അരവിന്ദൻ അടുത്ത് കിടന്ന വടിയെടുത്ത് മാത്യുവിനെ അടിക്കാൻ തുടങ്ങി. അപ്പോൾ മാത്യു ഇയാളെ ഉന്തിമാറ്റിയശേഷം മുറിയിലുണ്ടായിരുന്ന ഇരുമ്പ് തൂമ്പകൊണ്ട് അരവിന്ദന്റെ തലയ്ക്ക് അടിച്ചു വീഴ്‌ത്തുകയായിരുന്നു.

അരവിന്ദന്റെ നിലവിളി കേട്ടാണ് സൈമൺ ഓടിയെത്തിയത്. അരുതെന്ന് പറഞ്ഞുനോക്കിയെങ്കിലും മാത്യു വീണ്ടും വീണ്ടും അരവിന്ദന്റെ തലയ്ക്കടിച്ചു. ഒടുവിൽ ശ്വാസം നിലച്ച് രക്തം വാർന്ന നിലയിലായ അരവിന്ദനെ പിടിക്കാൻ മാത്യു ആവശ്യപ്പെട്ടെങ്കിലും പേടിച്ചു വിറച്ച സൈമൺ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെയെത്തിയ മാത്യു, ഇക്കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് സൈമണെ ഭീഷണിപ്പെടുത്തി. തിരികെ വന്ന് അരവിന്ദന്റെ മരണം ഉറപ്പിച്ച മാത്യു, മൃതദേഹം വലിച്ചിഴച്ച് എസ്റ്റേറ്റിനുള്ളിലെ പഴയ ചാണകക്കുഴിയിൽ താഴ്‌ത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അരവിന്ദന്റെ ഫോൺ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു മാത്യു. അതിനിടെയാണ് ദൃശ്യം സിനിമ ഓർമ്മയിൽ വന്നത്.

അരവിന്ദൻ നാടുവിട്ടെന്ന് വരുത്തിതീർക്കാൻ സിനിമയിൽ കണ്ടതു പോലെ ഫോൺ വാഹനങ്ങളിലോ മറ്റോ കയറ്റി വിട്ടാലോ എന്ന് ചിന്തിച്ചെങ്കിലും അത്തരത്തിൽ അനുകരിച്ച പലരും പിടിയിലായ കഥഓർത്ത മാത്യു ആ നീക്കം ഉപേക്ഷിച്ചു. മൃതദേഹം മറവ് ചെയ്ത ഉടൻ അരവിന്ദന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഫോൺ കല്ലുകൊണ്ട് ഇടിച്ച് പൊട്ടിച്ചു. അടുപ്പിലെ തീയിലിട്ടു. ഒരു വർഷം മുമ്പ് എസ്റ്റേറ്റിലെ ജോലിക്ക് മുണ്ടക്കയത്തെത്തിയതായിരുന്നു മാത്യു. ഭാര്യയും ഒരു വയസ് പ്രായമുള്ള കുഞ്ഞും അടങ്ങുന്നതാണ് മാത്യുവിന്റെ കുടുംബം.