ലോകത്തിന്റെ ഏത് കോണിൽ പോയാലും അവിടെയൊരു മലയാളിയെ കാണാം എന്നാണ് പറയുന്നത്. എന്നാൽ, അതിപ്പോൾ ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും അവിടെ ഒരു മലയാളി നഴ്സിനെ കാണാം എന്നായി മാറിയിരിക്കുകയാണ്. ലോകത്തിന്റെപലഭാഗങ്ങളിലും കോവിഡ് മഹാമാരിയെ തുരത്തുന്നതിനുപോലും മുൻനിരയിൽ നിന്നുപോരാടിയവരിൽ മലയാളി നഴ്സുമാരുണ്ടായിരുന്നു എന്നതുകൊച്ചു കേരളത്തിന് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. അർപ്പണബോധവും കഠിനാദ്ധ്വാനവും അതിലെല്ലാം ഉപരി സഹാനുഭൂതി എന്ന വികാരവുമാണ് മലയാളി നഴ്സുമാരെ ഇന്ന് ആതുരസേവാ രംഗത്തെ ഒഴിവാക്കപ്പെടാനാകാത്ത ഒന്നാക്കി മാറ്റിയിരിക്കുന്നത്.

ഈ മലയാളി മികവിന് മറ്റൊരു അംഗീകാരം കൂടി ലഭിക്കുകയാണിപ്പോൾ. പ്രശസ്തമായ ബ്രിട്ടീഷ് ജേർണൽ ഓഫ് നഴ്സിങ് അവാർഡുകൾ കഴിഞ്ഞയാഴ്‌ച്ച പ്രഖ്യാപിച്ചപ്പോൾ, നഴ്സ് ഓഫ് ദി ഇയർ വെള്ളി പുരസ്‌കാരത്തിന് അർഹയായത് പ്ലിമത്തിലെ ഒരു മലയാളി നഴ്സാണ്. ബ്രിട്ടനിലേ തന്നെ ആതുരസേവന രംഗത്ത് നൽകപ്പെടുന്ന മികച്ച പുരസ്‌കാരങ്ങളിൽ ഒന്നാണിത്.

യൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിലെ ലെക്ചററും അതുപോലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ പ്ലിമത്തിലെ (യു എച്ച് പി) ഹോണററി സീനിയർ റിസർച്ച് നഴ്സുമായ അർച്ചന ദേവദാസാണ് ഈ പുരസ്‌കാരം കരസ്ഥമാക്കിയത്. ക്ലിനിക്കൽ കെയർ, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലൂടെ നഴ്സിങ് രംഗത്തിനു അവർ നൽകിയ സംഭാവനകളെ ബഹുമാനിച്ചുകൊണ്ടാണ് ഈ അവാർഡ് നൽകുന്നത്.

ഹെൽത്ത് എഡ്യുക്കേഷൻ ഇംഗ്ലണ്ടിന്റെ ധനസഹായത്തോടെ നടന്ന നഴ്സിങ് അസ്സോസിയേറ്റ് പൈലറ്റ് പദ്ധതിയിൽ ഒരു അദ്ധ്യാപകന്റെ റോളിൽ തിളങ്ങി അർച്ചന ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നഴ്സിങ് മേഖലയിലുണ്ടായിരുന്ന ജീവനക്കാരുടെ ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞിരുന്നു. അതുപോലെ തന്നെ കോവിഡ് പ്രതിസന്ധി കാലത്ത് അർച്ചന രൂപീകരിച്ച സിംപിൾ ഡിസ്ചാർജ്ജ് ടീം ആശുപത്രിയിൽ ചികിത്സതേടി എത്തുന്ന രോഗികളുടെ എണ്ണം കാര്യമായി കുറയ്ക്കാൻ സഹായിച്ചു. ഈ സംരംഭം സഹപ്രവർത്തകരുടെ മാത്രമല്ല, ട്രസ്റ്റ്അധികൃതരുടെ പ്രശംസയും പിടിച്ചുപറ്റിയിരുന്നു.

അതുപോലെ നിരവധി വാണിജ്യ സ്വഭാവമുള്ളതും അല്ലാത്തതുമായ കോവിഡ് വക്സിൻ പരീക്ഷണങ്ങൾ ഏകോപിപ്പിക്കുന്നതിനും അതുപോലെ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ പല കോവിഡ് അനുബന്ധ പഠനങ്ങൾ ഏകോപിപ്പിക്കുന്നതിനും അർച്ചന കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ വിചക്ഷണയും ഗവേഷകയുമായ അർച്ചന കൂടുതൽ താത്പര്യമെടുക്കുന്നത് വാർദ്ധക്യകാല രോഗങ്ങളുമായി ബന്ധപ്പെട്ട ജെറിയാട്രിക് ഹെൽത്ത് ശാഖയിലാണ്. ഈ വിഷയത്തിൽ ഗവേഷണം നടത്തുന്നതിന് നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഹെൽത്ത് റിസർച്ചിന്റെ ധനസഹായവും അവർക്ക് ലഭിക്കുന്നുണ്ട്. മറ്റു നിരവധിആരോഗ്യപ്രവർത്തകരും ഈ ഗവേഷണത്തിനായി പരിശ്രമിച്ചിരുന്നു. എങ്കിലും കടുത്ത മത്സരത്തിനൊടുവിൽ അർച്ചനയ്ക്കായിരുന്നു ഇൻസ്റ്റിറ്റ്യൊട്ടിന്റെ ധനസഹായം ലഭിച്ചത്.

2004- മുതൽ പ്ലിമത്തിൽ താമസിക്കുന്ന അർച്ചനയുടെ ഭർത്താവ് ഷാജി ദേവദാസും ഒരു നഴ്സാണ്. യു എച്ച് പി എൻ എച്ച് എസിൽ ഒരു സർജിക്കൽ കെയർ പ്രാക്ടീഷണറായി ഷാജി ജോലി നോക്കുന്നു. രണ്ട് കുട്ടികളൂമുണ്ട്. കൊല്ലം അഞ്ചലിലെ സെയിന്റ് ജോസഫ്സ് സ്‌കൂൾ ഓഫ് നഴ്സിംഗിൽ നിന്നായിരുന്നു അർച്ചന നഴ്സിംഗിൽ ഡിപ്ലൊമ കരസ്ഥമാക്കിയത്. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിൽ നിന്ന് ഹെൽത്ത് സ്റ്റഡീസിൽ ബി എസ് സിയും ക്ലിനിക്കൽ റിസർച്ചിൽ മാസ്റ്റേഴ്സും നേടി.തിരുവനന്തപുരം സ്വദേശിയാണ് ഇവർ.