തളിപ്പറമ്പ്: നടിയെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്നനടൻ ദിലീപിന്റെ ഭാര്യയും സിനിമാതാരവുമായ കാവ്യാ മാധവനു വേണ്ടി മാതാപിതാക്കളും സഹോദരനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വഴിപാടു നടത്തി.

വ്യാഴാഴ്ച രാത്രി എട്ടിനാണു കാവ്യാ മാധവന്റെ പിതാവ് മാധവൻ, അമ്മ തളിപ്പറമ്പു സ്വദേശികൂടിയായ ശ്യാമള, സഹോദരൻ, സഹോദരഭാര്യ എന്നിവർ ക്ഷേത്രത്തിലെത്തിയത്. കാവ്യയുടെയും ശ്യാമളയുടെയും പേരിൽ പ്രധാന വഴിപാടായ പൊന്നുംകുടം വച്ചു തൊഴുതാണ് ഇവർ മടങ്ങിയത്.

കാവ്യയും അവരോടൊപ്പം എറണാകുളത്തു നിന്ന് എത്തിയിരുന്നുവെങ്കിലും ക്ഷേത്രത്തിലേക്കു വരാതെ തളിപ്പറമ്പിലെ ബന്ധുവീട്ടിൽ വിശ്രമിച്ചു. പിന്നീടു കണ്ണൂരിലെ ഫ്‌ലാറ്റിലേക്കു തിരിച്ചതായാണു വിവരം.

സർവൈശ്വര്യസിദ്ദിഖും ഉദ്ദിഷ്ടകാര്യ ലബ്ധിക്കുമായി നടത്തുന്ന വഴിപാടാണു പൊന്നുംകുടം വച്ചു തൊഴൽ. കാവ്യയുടെ പേരിൽ മാധവനാണ് വഴിപാടു നടത്തിയത്. തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും ഇവർ ദർശനം നടത്തിയതായാണു സൂചന.