കോഴിക്കോട്: ശബരിമലക്ക് പോകാൻ മാലയിട്ടതിന്റെ പേരിൽ യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി സ്വദേശിനി അർച്ചനയ്ക്കാണ് ശബരിമലയ്ക്ക് പോകാൻ മാലയിട്ടതിന് പിന്നാലെ ജോലി നഷ്ടമായത്. കോഴിക്കോട്ടെ കണ്ണം കണ്ടി ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരിയായ അർച്ചനയ്ക്ക് മാലയിട്ടതിന് പിന്നാലെ ജോലി നഷ്ടമാവുകയായിരുന്നു. ഇന്നലെ രാവിലെ മാലയിട്ടതിന് പിന്നാലെ അർച്ചനയെ ജോലിയിൽ നിന്നും പുറത്താക്കിയതായി സ്ഥാപന ഉടമ അറിയിക്കുക ആയിരുന്നു.

ഇന്നലെ രാവിലെയാണ് അർച്ചന കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ വെച്ച് മാലിയട്ട് വ്രതം ആരംഭിച്ചത്. കണ്ണം കണ്ടി ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അർച്ചന. മാലിയിടുന്ന കാര്യം നേരത്തെ തന്നെ സ്ഥാപനത്തെ അറിയിച്ചിരുന്നു. അപ്പോഴെല്ലാം ഇവിടുത്തെ മറ്റുജീവനക്കാരിൽ നിന്നും സ്ഥാപന മേധാവികളിൽ നിന്നും എതിർപ്പുണ്ടായിരുന്നതായി അർച്ചന നേരത്തെ മറുനാടനോട് പറഞ്ഞിരുന്നു. എന്നാൽ മലകയറാനുള്ള തീരുമാനത്തിൽ നിന്നും അർച്ചന പിന്നോട്ടില്ല. കാലങ്ങളായുള്ള ആഗ്രഹമാണ് ശബരിമലയിൽ പോകണമെന്നും അയ്യപ്പനെ തൊഴണമെന്നും. അതിന്റെ പേരിലുണ്ടാകുന്ന പ്രതസന്ധികളെ തരണം ചെയ്യുമെന്നും അർച്ചന പറഞ്ഞു. ഈ ജോലി കണ്ടല്ല ജീവിതം തുടങ്ങിയത്. ഇതല്ലെങ്കിൽ വേറെ ജോലിയുണ്ടാകും. അതിന്റെ പേരിൽ തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും അർച്ചന പറഞ്ഞു.

ജോലി പോയില്ലെങ്കിലും തന്റെ വ്രതവുമായി മുന്നോട്ട് പോകുകയാണ് അർച്ചന. സുപ്രിം കോടതിയുടെ ചരിത്രപ്രധാനമായ വിധി വന്നതിന് ശേഷം നിരവധി പെൺകുട്ടികളും സ്ത്രീകളും വിശ്വാസപ്രാകരമുള്ള വ്രതമെടുത്ത് ശബരിമലയിൽ പോകാൻ തയ്യാറായി വരുന്നുണ്ട്. പലരും ഭീഷണികൊണ്ട് പുറത്ത് പറയാതിരിക്കുകയാണ്. കോഴിക്കോട് മാത്രം മുപ്പതിലധികം സത്രീകൾ ഇപ്പോൾ തന്നെ വ്രതമാരംഭിച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് പോകാനുള്ള തയ്യാറെടുപ്പിലാണ്. തുടക്കം കുറിച്ച കണ്ണൂരിലെ രേഷ്മക്ക് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികൾ കണ്ടിട്ടാണ് ആരും പുറത്ത് പറയാത്തത്.

ഞാനെന്റെ നാലാംക്ലാസിലാണ് അച്ഛന്റെ കൈപിടിച്ച് ശബരിമലയിൽ പോകുന്നത്. പിന്നീട് പലതവണ പോകാൻ ആഗ്രഹമുണ്ടായിട്ടുണ്ട്. പറ്റിയിട്ടില്ല. ഇക്കൊല്ലം എന്തായാലും മലകയറും. അതിന് വരുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ തന്നെയാണ് തീരുമാനം. സർക്കാർ ഞങ്ങൾക്കാവശ്യമായ സുരക്ഷയൊരുക്കുമെന്ന വിശ്വാസത്തിലാണ് ഇതിന് തയ്യാറെടുത്തിരിക്കുന്നത്. മാലയിടാൻ വേണ്ടി പലരും ക്ഷേത്രത്തിലേക്ക് വരാനാഗ്രഹിക്കുന്നുണ്ടെങ്കിലും ഭയം കാരണം വീട്ടിൽ നിന്ന് തന്നെ ചടങ്ങുൾ നടത്തുകയാണ്. കോഴിക്കോട്ടെ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ നിന്നാണ് ഞാൻ മാലയിട്ടത്.

ഏറ്റവും നല്ല പ്രോത്സാഹനമാണ് അവിടുന്ന് ലഭിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ക്ഷേത്രമാണ് കോഴിക്കോട്ടെ ശ്രീകണ്‌ഠേശ്വര ക്ഷേത്രം. വരും ദിവസങ്ങളിൽ കൂടുതൽ സ്ത്രീകൾ ഇവിടെ വന്ന് മാലയിടുമെന്നാണ് കരുതുന്നത്.-അർച്ചന പറയുന്നു.