തിരുവനന്തപുരം: വട്ടിയൂർക്കാവ് അർച്ചന കൊലക്കേസിൽ സിനിമ സീരിയൽ സംവിധായകൻ ദേവൻ കെ.പണിക്കർ എന്ന ദേവദാസിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.

രണ്ടാം ഭാര്യയെ കൊന്ന കേസിൽ തൃശൂർ സ്വദേശി ദേവദാസ് (40) കുറ്റക്കാരനെന്ന് കോടതി രണ്ട് ദിവസം മുമ്പ് വിധിച്ചിരുന്നു. ദേവദാസിന്റെ രണ്ടാം ഭാര്യ നല്ലില സ്വദേശിനി അർച്ചന എന്ന സുഷമയെ നിലവിളക്കുകൊണ്ട് തലക്കടിച്ചുവീഴ്‌ത്തി കൈകാലുകൾ കെട്ടിയിട്ടശേഷം വെട്ടുകത്തികൊണ്ട് തലയിലും മുഖത്തും വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 201 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. തിരുവനന്തപുരം ഒന്നാം അതിവേഗ കോടതി ജഡ്ജി ജെ. നാസറാണ് ശിക്ഷ വിധിച്ചത് 2009 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. 2009 ഡിസംബർ 31ന് വൈകീട്ട് ആറിന് വട്ടിയൂർക്കാവ് ചിത്രമൂല ലൈനിൽ കളഭം എന്ന പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽനിന്ന് അസഹനീയ ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് എത്തി വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം പുഴുവരിച്ചനിലയിൽ കണ്ടെത്തിയത്. അർച്ചന കൊല്ലപ്പെട്ട ഒരാഴ്ച കഴിഞ്ഞ് അവരുടെ മാതാവ് വസന്ത ആത്മഹത്യ ചെയ്തിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ മൃതദേഹത്തിൽനിന്ന് കിട്ടിയ സൂക്ഷ്മ ജീവികളുടെ വളർച്ച കണക്കാക്കിയാണ് മരണം നടന്ന സമയം ശാസ്ത്രീയമായി തെളിയിച്ചത്. അയൽവാസിയുടെ മൊഴിയും നിർണായകമായി. ദേവദാസിന്റെ രണ്ടാം വിവാഹം ആദ്യ ഭാര്യ അറിഞ്ഞിരുന്നില്ല. വിവാഹിതനാണെന്ന കാര്യം അർച്ചനയിൽനിന്ന് മറച്ചുവെച്ചിരുന്നു. ആദ്യ ഭാര്യ രണ്ടാംവിവാഹം അറിഞ്ഞ് വിവാഹമോചനത്തിന് ശ്രമിച്ചു. തുടർന്ന് അർച്ചനയുമായുള്ള ബന്ധം ഒഴിയാൻ ദേവദാസ് ശ്രമിച്ചു.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിൽനിന്ന് അർച്ചന പിന്മാറിയതിനാലും ബ്യൂട്ടീഷനായ അർച്ചനയുടെ ചാരിത്ര്യത്തിലുള്ള സംശയം മൂലവും കൊല നടന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്. 17 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 27 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എ.എ. ഹക്കിം ഹാജരായി.

കൊല്ലം നടുവന നല്ലിലച്ചേരി സ്വദേശിയാണ് അർച്ചന. ദേവദാസ് അർച്ചനയോടൊപ്പം വട്ടിയൂർക്കാവ് തൊഴുവൻകോടിന് സമീപമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. അസ്വാരസ്യങ്ങളെത്തുടർന്ന് സംയുക്ത വിവാഹമോചന ഹർജി നൽകാൻ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ അർച്ചന അതിൽ നിന്ന് പിന്മാറി. ഇതിനിടെയാണ് ദേവദാസിന് അർച്ചനയുടെ സ്വഭാവത്തിൽ സംശയം ജനിച്ചത്. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.