പാരിസ്: സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായി ജീവന്റെ തുടിപ്പുണ്ടെന്ന് കരുതുന്ന മൂന്നു പുതിയ അന്യഗ്രഹങ്ങളെ കണ്ടെത്തി. 40 പ്രകാശവർഷം അകലെയുള്ള ഗ്രഹങ്ങൾക്ക് ഭൂമി, ശുക്രൻ എന്നിവയുടെ വലുപ്പവും താപനിലയുമാണുള്ളത്. ഇവയുടെ അന്തരീക്ഷത്തിന്റെ രാസഘടനയും മറ്റ് പ്രത്യേകതകളും താമസിയാതെ പഠിക്കാൻ ശാസ്ത്രലോകത്തിനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. വലുപ്പവും മാതൃനക്ഷത്രത്തിന്റെ സാമീപ്യവും താപനിലയും ഒക്കെ പരിഗണിക്കുമ്പോൾ, ജലവും ജീവനുമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ പുതിയതായി കണ്ടെത്തിയ ഗ്രഹങ്ങളിൽ കണ്ടെക്കാമെന്ന് ഗവേഷകർ കരുതുന്നു.

ഭാവിയിൽ അന്യഗ്രഹജീവൻ തേടുന്നവർക്കുള്ള മികച്ച ലക്ഷ്യസ്ഥാനമാകും ഇവയെന്ന് ഗവേഷകർ കരുതുന്നു. മൂന്ന് ഗ്രഹങ്ങളും കുള്ളൻ നക്ഷത്രവും ഉൾപ്പെട്ട ഗ്രഹസംവിധാനമാണ് പുതിയതായി കണ്ടെത്തിയത്. വെറും 40 പ്രകാശവർഷമകലെ വ്യാഴത്തിന്റെ അത്രമാത്രം വലുപ്പമുള്ള തണുത്തുമങ്ങിയ കുള്ളൻ നക്ഷത്രത്തെ ചുറ്റുന്നതാണ് മൂന്ന് ഗ്രഹങ്ങളും. യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ അസ്‌ട്രോണമിക്കൽ റിസർച്ചിന്റെ ( ഋടഛ ) ചിലിയിലെ ലാ സില ഒബ്‌സർവേറ്ററിയിലെ 'ട്രാപ്പിസ്റ്റ്' ( ഠഞഅജജകടഠ ) ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. പുതിയ ലക്കം 'നേച്ചർ' ജേർണലിൽ കണ്ടെത്തലിന്റെ റിപ്പോർട്ടുണ്ട്.

നിറംമങ്ങിയ 60 ചെറുനക്ഷത്രങ്ങളെ നിരീക്ഷിക്കുന്ന ടെലിസ്‌കോപ്പാണ് ട്രാപ്പിസ്റ്റ്. ഇൻഫ്രാറെഡ് തരംഗപരിധിയിലാണ് ഇത് പ്രവർത്തിക്കുന്നത്. അതിനാൽ, ദൃശ്യപ്രകാശ പരിധിയിലുള്ള മറ്റ് ടെലിസ്‌കോപ്പുകൾക്ക് കാണാൻ കഴിയാത്ത സംഗതികൾ നിരീക്ഷിക്കാൻ ട്രാപ്പിസ്റ്റിനാകും. ഈ ടെലിസ്‌കോപ്പുപയോഗിച്ച്, ബൽജിയം ലീജ് സർവ്വകലാശാലയിലെ മൈക്കൽ ഗിലോണിന്റെ നേതൃത്വത്തിലുള്ള സംഘം 2015 സപ്തംബർ മുതൽ ട്രാപ്പിസ്റ്റ്1 ( ഠഞഅജജകടഠ1) എന്ന് പേരിട്ട കുള്ളൻ നക്ഷത്രത്തെ നിരീക്ഷിക്കുകയായിരുന്നു. അമേരിക്കയിൽ മസാച്യൂസെറ്റ്‌സ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി ( ങകഠ ) യിലെ ഗവേഷകരും സംഘത്തിലുണ്ട്.

സൂര്യന്റെ എട്ടിലൊന്ന് മാത്രം വലുപ്പമുള്ള (ഏതാണ്ട് വ്യാഴഗ്രഹത്തിന്റെ വലുപ്പം) ആ ചെറുനക്ഷത്രത്തിൽ നിന്നുള്ള ഇൻഫ്രാറെഡ് സിഗ്‌നലുകൾക്ക് കൃത്യമായ ഇടവേളകളിൽ മങ്ങലുണ്ടാകുന്ന കാര്യം ഗവേഷകർ കണ്ടു. നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങൾ, നക്ഷത്രത്തിന് മുന്നിലൂടെ പോകുമ്പോഴാകാം ഇത് സംഭവിക്കുന്നതെന്ന് അവർ നിഗമനത്തിലെത്തി. തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ആ ചെറുനക്ഷത്രത്തെ മൂന്ന് ഗ്രഹങ്ങൾ ചുറ്റുന്നതായി കണ്ടെത്തിയിത്. രണ്ടെണ്ണത്തിന് മാതൃനക്ഷത്രത്തെ ഒരു തവണ പരിക്രമണം ചെയ്യാൻ യഥാക്രമം 1.5 ദിവസവും 2.4 ദിവസവും മതി. മൂന്നാമത്തേതിന് 73 ദിവസങ്ങൾ വേണം. ഗ്രഹങ്ങൾ നക്ഷത്രത്തിന് വളരെ അടുത്ത് സ്ഥിതിചെയ്യുന്നതുകൊണ്ടാണിത്.

നക്ഷത്രത്തിന് വളരെ അടുത്താണ് ആദ്യ രണ്ട് ഗ്രഹങ്ങളെങ്കിലും വികിരണോർജം, സൂര്യനിൽ നിന്ന് ഭൂമിയിലെത്തുന്നതിന്റെ രണ്ടു മടങ്ങ് മുതൽ നാല് മടങ്ങ് വരെയേ അവിടെ ഉള്ളൂ. മൂന്നാമത്തെ ഗ്രഹം കുറച്ചുകൂടി അകലെയായതിനാൽ വികിരണോർജം അതിലും കുറവാണ്. ഭൂമിയിൽ നിന്ന് 40 പ്രകാശവർഷം മാത്രമേ ഈ അന്യഗ്രഹങ്ങളിലേക്ക് അകലമുള്ളൂ എന്നതിനാൽ, അവയുടെ അന്തരീക്ഷത്തിന്റെ രാസഘടനയും മറ്റ് പ്രത്യേകതകളും താമസിയാതെ പഠിക്കാൻ ശാസ്ത്രലോകത്തിനാകും പഠനസംഘത്തിൽ ഉൾപ്പെട്ട ജൂലിയൻ ഡി വിറ്റ് പറയുന്നു.