ബെർലിനിലെ വൊൽക്‌സ് വാഗൻ കാർ നിർമ്മാണ കംബനിയിലെ റോബോട്ടിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും കൂടെയുണ്ടായിരുന്ന മറ്റൊരാളെ കൊല്ലാതെ വിട്ടെന്നും സിനിമാകഥയെ വെല്ലുന്ന രീതിയിൽ ഒരു കഥ ഇന്നലെ രാവിലെ മറുനാടൻ മലയാളിയിൽ വായിച്ചപ്പോൾ വിദേശ പത്രങ്ങളിൽ വരുന്ന നുണക്കഥകൾ പകർത്തിയെഴുതുന്ന ഒരു പതിവ് തമാശയായേ കരുതിയുള്ളൂ. എന്നാൽ അല്പം കഴിഞ്ഞപ്പോൾ അതേ കഥ മനോരമ ഓൺലൈനിലും ഇന്നത്തെ മിക്ക മലയാള മാദ്ധ്യമങ്ങളിലും കണ്ടപ്പോൾ ഒരു കൗതുകം എന്ന നിലയിലായിരുന്നു ഈ അന്വേഷണം നടത്തിയത്. ഏറെ നാളുകളായി റോബോട്ടുകൾക്കൊപ്പം ജോലി ചെയ്യുന്ന ഈ ലേഖകന് അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഇതൊരു തമാശക്കഥയാണ് എന്ന് വ്യക്തമാക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ്. സത്യത്തിൽ റോബോട്ടുകൾക്ക് ആളെക്കൊല്ലാനുള്ള കഴിവുണ്ടോ? അല്ലെങ്കിൽ അത്തരം കഴിവുള്ള റോബോട്ടുകൾ ജോലിക്കാർ നിരന്തരം ഇടപഴകുന്ന സാഹചര്യങ്ങളിൽ ഉപയോഗപെടുത്താൻ നിയമ സാധുതയുണ്ടോ? ഇല്ല എന്നതാണ് ഏറ്റവും ലളിതമായ ഉത്തരം.

ക്രിസ്തുവിനു മുൻപ് നാലാം ശതകങ്ങളിൽ ഉണ്ടായ ചില കണ്ടുപിടുത്തങ്ങൾ റോബോട്ട് എന്ന ആശയത്തിന്റെ തുടക്കം ആയി കണക്കാക്കാമെങ്കിലും ഐ.എസ്.ഒ ഡഫനിഷനിൽ വരുന്ന ഇൻഡസ്ട്രിയൽ റോബോട്ടിന്റെ ജനനം 1938 ൽ ആണെന്ന് പറയാം. പിന്നീട് 19 ആം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിലാണ് വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി റോബോട്ടുകളെ കൂടുതലായി ഉപയോഗപ്പെടുത്താൻ തുടങ്ങിയത്.

മനുഷ്യന്റെ രൂപമോ ഭാവമോ ബുദ്ധിയോ ഉള്ള യന്ത്രങ്ങളെയാണ് റോബോട്ടുകൾ എന്ന് വിളിക്കുന്നതെന്നാണ് സിനിമകൾ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ മെക്കാട്രോനിക്‌സ് അടിസ്ഥാനമാക്കി ഇലക്ട്രിസിറ്റിയോ ന്യൂമാറ്റിക്‌സൊ ഹൈഡ്രോളിക്‌സോ ഉപയോഗിച്ചു ഒന്നിലധികം പ്രവർത്തികൾ ഒരേ സമയം ചെയ്യാൻ കഴിയുന്ന യന്ത്രങ്ങളൊക്കെ റോബോട്ട് എന്ന ഗണത്തിൽ പെടും. കൂടുതലായും പിക്ക് ഏൻഡ് പ്ലേസ്, അസ്സംബ്ലിങ്ങ്, പാക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്കാണ് റോബോട്ട് ഉപയോഗിക്കുന്നത്. ഉല്പാദന മേഖലയിൽ ഉപയോഗിക്കുന്ന അതിസാധാരണമായ റോബോട്ടുകൾ സ്റ്റേഷനറി വിഭാഗത്തിൽ പെട്ടവയാണ്. ഇവയിൽ പോയന്റ് റ്റു പോയന്റ് ട്രാവൽ ചെയ്യുന്നവയും ഉണ്ട്. വ്യവസായ സുരക്ഷ നിയമ പ്രകാരം (OH & S), ഏറ്റവും പ്രാഥമികമായ കാര്യം ഇവ ഇപ്പോഴും സുരക്ഷാ വേലിക്കുള്ളിൽ (saftey fence) മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ എന്നതാണ്. പുറത്തു നിന്നും റിമോട്ട് കണ്ട്രോൾഡ്, ടീച്ച് പെന്ദന്റു ഉപയോഗിച്ചാണ് നിയന്ത്രണം. എന്നാൽ സഹപ്രവർത്തന റോബോട്ടുകളും (collaborative robots) ഇപ്പോൾ ലഭ്യമാണ്. ജോലിക്കാരിൽ ഒരാളായി നിന്ന്, ഫെൻസു ഇല്ലാതെ തന്നെ ഇവ ഉപയോഗിക്കാവുന്നതാണ്. അത്യാധുനികമായ മോഷൻ, കൊളീഷൻ, വിഷൻ സെൻസറുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇവ പക്ഷെ വിലപിടിച്ചവയാണെന്ന് മാത്രം. അപകട സാധ്യത തീരെ ഇല്ല എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

ഇവിടെ വൊൽക്‌സ് വാഗനിൽ അപകട കാരണമായ റോബോട്ട് സ്റ്റേഷനറി വിഭാഗത്തിൽ പെട്ട, പൊതുവെ ഉല്പാദന നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്നവയാണ്. പത്രങ്ങൾ റിപ്പോർട്ട് ചെയ്ത പോലെ അടുത്ത് നിൽക്കുന്ന ആളുകളെ, അല്ലെങ്കിൽ കൂട്ടത്തിലൊരാളെ മാത്രം വന്നു ആക്രമിക്കാനുള്ള ഒരു കൃത്രിമ ബുദ്ധിയും ഇല്ലാത്ത ഒരു മെഷീൻ മാത്രമാണിവ. മുൻപ് പറഞ്ഞ പോലെ ഇവക്ക് ചുറ്റും സേഫ്ടി ഫെൻസ് നിർബന്ധമാണ്. ഒട്ടോമാടിക് ആയി ഇവ പ്രവർത്തിക്കുന്ന സമയം ചുറ്റുമുള്ള സേഫ്ടി കേജ്, സുരക്ഷാ നിയമത്തിലെ കാറ്റഗറി 4 പ്രകാരമുള്ള ഇലക്ട്രോണിക് ലോക്കുകൾ കൊണ്ട് ലോക്ക് ചെയ്യപ്പെടുകയും വേണം എന്നതാണ് നിയമം. അധികാരവും അംഗീകൃത പരിജ്ഞാനവും ഇല്ലാത്ത മറ്റു ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നിയമങ്ങൾ.

എന്തെങ്കിലും കാരണങ്ങൾ കൊണ്ട് കേജുകൾ തുറക്കപ്പെടുകയോ റോബോട്ട് അപ്രതീക്ഷമായി എവിടെയെങ്കിലും ഇടിക്കുകയോ ചെയ്താൽ ഉടൻ തന്നെ പ്രവർത്തനം പൂർണ്ണമായി നിലക്കുന്ന രീതിയിൽ ആണ് പ്രോഗ്രാം ചെയ്യപ്പെടെണ്ടതെന്നും നിയമത്തിലുണ്ട്. ഇതെല്ലം തന്നെ റോബോട്ട് പ്രോഗ്രാം ചെയ്തു കമ്മീഷനിങ് ചെയ്യുന്ന എഞ്ചിനീയറുടെ ഉത്തരവാദിത്വമാണ്.

ബെർലിനിൽ സംഭവിച്ച ദുരന്ത വാർത്തയിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത് ഇത്തരം പ്രാരംഭ ഘട്ടത്തിലെ സജ്ജീകരണത്തിൽ വന്ന പിഴവ് മൂലം അത് ചെയ്തു കൊണ്ടിരുന്ന ആൾക്ക് അപകടം പറ്റി എന്നതാണ്. ഇത് ചെയ്യുന്ന ആൾ പലപ്പോഴും സുരക്ഷ വേലിക്കുള്ളിൽ ആയിരിക്കും. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ വേഗത കുറഞ്ഞു മാത്രം പ്രവർത്തിക്കുന്ന സ്ലോസ്പീഡ്‌മോഡ് മറികടന്നതായിരിക്കാം അപകടകാരണമെന്നും അനുമാനിക്കാം. ഒരു പോയന്റിൽ നിന്നും മറ്റൊരു പോയന്റിലേക്കുള്ള റോബോട്ടിന്റെ അപ്രതീക്ഷിത അതിവേഗ (സെക്കന്റിൽ 2 മീറ്റർ വരെ) നീക്കത്തിനിടയിൽ പെട്ട് പോയതായിരിക്കാനാണ് സാധ്യത. ലഭ്യമായ വിവരങ്ങൾ വച്ച് ആർക്കെതിരെയും കേസ് എടുക്കാനുള്ള സാഹചര്യം ഉണ്ടെന്നു തോന്നുന്നില്ല. ഇതൊരു ആക്‌സിടെന്റ്‌റ് മാത്രം ആണ്.

'റോബോട്ട് ആക്രമണം' എന്ന ഭീകര തമാശ ഇതിനിടയിൽ വന്നത് പരിപൂർണ്ണ അജ്ഞത മൂലമാണെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കട്ടെ.