കലിഫോർണിയ: ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന യുവാവിനെ മദ്യക്കടയിൽ വേതനം നൽകാതെ ദിവസം 15 മണിക്കൂർ വീതം ഏഴു ദിവസവും പണിയെടുപ്പിച്ച കുറ്റത്തിന് ഇന്ത്യൻ ദമ്പതികളായ ബെൽവീന്ദർ മാൻ, അമർജിത്ത് എന്നിവരെ ഗിൽറോയ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നവംബർ പത്തിന് ജയിലിൽ അടച്ച ഇവർക്കെതിരേ ലേബർ ഹ്യൂമൻ ട്രാഫിക്കിങ്, തടങ്കലിൽ പാർപ്പിക്കൽ, വേതനം നല്കാതിരിക്കുക, ഗൂഢാലോചന തുടങ്ങിയ ഒമ്പത് കുറ്റങ്ങളാണ് ചാർജ് ചെയ്തിരിക്കുന്നത്. ഇവരെ പിന്നീട് മകൻ ഒരു മില്യൻ ഡോളറിന്റെ ജാമ്യത്തിൽ പുറത്തിറക്കി. വീട്ട് തടങ്കലിൽ കഴിയുന്ന ഇവരുടെ പാസ്പോർട്ട് സറണ്ടർ ചെയ്തിട്ടുണ്ട്.

2019-ലാണ് ദമ്പതികൾക്കൊപ്പം തൊഴിൽ വാഗ്ദാനം നൽകി പേര് വെളിപ്പെടുത്താത്ത യുവാവിനെ അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അമേരിക്കയിൽ എത്തിയതോടെ യുവാവിന്റെ പാസ്പോർട്ട് വാങ്ങിവച്ചതിനുശേഷം ഇവരുടെ ഉടമസ്ഥതയിലുള്ള മദ്യക്കടയിൽ ജോലി നൽകി. 15 മണിക്കൂർ വിശ്രമമില്ലാതെ ജോലിയെടുത്ത് ക്ഷീണിച്ച യുവാവിനെ കടയോടുചേർന്നുള്ള ഒരു മുറിയാണ് താമസത്തിനു നൽകിയത്. പുറത്തുപോകാൻ അനുമതിയില്ലായിരുന്നു.

ഫെബ്രുവരിയിലാണ് സംഭവം പുറത്തറിയുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം വിറ്റതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് മധ്യമങ്ങളിൽ റിപ്പോർട്ട് വന്നത്. സംഭവം പുറത്തുപറഞ്ഞാൽ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുമെന്ന് ദമ്പതികൾ ഭീഷണിപ്പെടുത്തിയതായി യുവാവ് പറയുന്നു. എന്നാൽ യുവാവ് തങ്ങളുടെ ബന്ധുവാണെന്നും, സ്റ്റോറിൽ തങ്ങളെ സഹായിക്കുക മാത്രമാണ് ഇയാൾ ചെയ്തതെന്നും ദമ്പതികൾ പറയുന്നു.