- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർജന്റീനിയൻ ചലച്ചിത്ര സംവിധായകൻ ഫെർണാൻഡോ പിനോ സൊളാനസ് അന്തരിച്ചു; മരണം കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ
പാരീസ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അർജന്റീനിയൻ ചലച്ചിത്ര സംവിധായകൻ ഫെർണാൻഡോ പിനോ സൊളാനസ് അന്തരിച്ചു. 84 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് പാരീസിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. മുൻ സെനറ്ററായ ഫെർണാൻഡോ നിലവിൽ യുനെസ്കോയിലേക്കുള്ള അർജൻറീനയുടെ അംബാസിഡർ കൂടിയാണ്.
കഴിഞ്ഞ മാസം 16നാണ് തനിക്കും ഭാര്യ ഏയ്ഞ്ചല കൊറിയക്കും കോവിഡ് ബാധിച്ചതായി അദ്ദേഹം ആരാധകരെ അറിയിച്ചത്. പാരീസിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യവും അന്നദ്ദേഹം പങ്കുവച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമാണെങ്കിലും താൻ രോഗത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റേതായി പുറത്തുവന്ന അവസാനത്തെ ട്വീറ്റായിരുന്നു അത്.
ബ്യൂണസ് അയേഴ്സിൽ 1936ൽ ജനിച്ച അദ്ദേഹം 'ല ഹൊറ ഡെ ലോസ് ഹോർനോസ്' എന്ന ഡോക്യുമെൻററിയിലൂടെയാണ് സംവിധായകനായി അരങ്ങേറുന്നത്. മൂന്നാംലോക രാജ്യങ്ങളുടെ പ്രതിരോധവും ക്യാപിറ്റലിസ്റ്റ് ക്രമത്തോടുള്ള എതിർപ്പുമെല്ലാമടങ്ങുന്ന രാഷ്ട്രീയവ്യക്തതയായിരുന്നു സൊളാനസിന്റെ സിനിമകളുടെ പ്രത്യേകത. സുർ, ടാംഗോസ്- എക്സൈൽ ഓഫ് ഗ്രേഡൽ, ദി ജേണി എന്നിവ ഏറെ ശ്രദ്ധേയ സിനിമകളാണ്. ലോകത്തിലെ പ്രധാന ചലച്ചിത്രോത്സവങ്ങളായ കാനിലും വെനീസിലും ബെർലിനിലുമടക്കം അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രധാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2019ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം സൊളാനസിനായിരുന്നു. പുരസ്കാരം സ്വീകരിക്കാൻ അദ്ദേഹം നേരിട്ടെത്തിയിരുന്നു.