- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്ത ഉൾപ്പെടെ 11 ഓർഡിനൻസുകളുടെ കാലാവധി നാളെ കഴിയും; ഓർഡിനൻസുകളിൽ ഗവർണ ഒപ്പിട്ടല്ലെങ്കിൽ ഈ നിയമങ്ങൾ അസാധുവാകും; ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത് വി സി നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കം; വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും ഓർഡിനൻസ് രാജുമായി മുന്നോട്ടു പോയ പിണറായി സർക്കർ സ്വയം പണി വാങ്ങുമ്പോൾ
തിരുവനന്തപുരം:സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കൂടുതൽ ഓർഡിനൻസുകൾ പുറത്തിറക്കി ഭരണനിർവ്വഹണവുമായി മുന്നോട്ടു പോയ സർക്കാറാണ് പിണറായി വിജയന്റേത് എന്ന വാർത്തകൾ വന്നത് അടുത്തിടെയാണ്. എന്നാല്, ഇതിനെ നിഷേധിച്ചു കൊണ്ട് സർക്കാർ പിന്നീട് രംഗത്തുവരികയും ചെയ്തു. എന്നാൽ, തൊട്ടതിനും പിടിച്ചതിനുമെല്ലാം ഓർഡിൻസ് പുറപ്പെടുവിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയ കേരള സർക്കാരിന് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് വൻ തിരിച്ചടിയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉടക്കുമായി രംഗത്തുവന്നതോടെ സർക്കാറിന്റെ മൊത്തം പ്രവർത്തനങ്ങളും അവതാളത്തിലാകുന്ന അവസ്ഥയിലാണ്.
ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകൾ പുതുക്കിയിറക്കാൻ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുംപിടുത്തം തുടരുകയാണ്. തിങ്കളാഴ്ച കാലാവധികഴിയുന്ന ഓർഡിനൻസുകൾ പുതുക്കാനായില്ലെങ്കിൽ ഈ നിയമങ്ങൾ അസാധുവാകുന്ന അസാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. കേസുകളെയടക്കം ബാധിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാകുമെന്നതിനാൽ ഗവർണറുടെ നിലപാട് സർക്കാരിനെ മുൾമുനയിലാക്കി.
ഇവയ്ക്ക് അംഗീകാരം നേടിയെടുക്കുന്നതിന് ഗവർണറിൽ കടുത്തസമ്മർദം ചെലുത്തിവരുകയാണ് സർക്കാർ. എന്നാൽ, ഗവർണർ വഴങ്ങിയിട്ടില്ല. വെള്ളിയാഴ്ച ഡൽഹിക്കുപോയ ഗവർണർ 11-നേ മടങ്ങിയെത്തൂ. സംസ്ഥാനസർക്കാർ രാജ്ഭവനുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഓർഡിനൻസുകൾ അംഗീകരിച്ചു നൽകാനോ, തിരിച്ചയക്കാനോ ഗവർണർ പറഞ്ഞിട്ടില്ലെന്നാണ് രാജ്ഭവൻ സർക്കാർപ്രതിനിധികളെ അറിയിച്ചത്.
സർവകലാശാലാ കാര്യങ്ങളിൽ ഗവർണറും സർക്കാരും പലകുറി ഏറ്റുമുട്ടിയിരുന്നു. ഇതിനെ മറികടക്കാൻ വി സി. നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നുണ്ട്. ഈ നീക്കമാണ് ഗവർണറെ പ്രകോപിപ്പിച്ചത്. കേരള സർവകലാശാലാ വി സി. നിയമനത്തിന് സർക്കാരിനെ മറികടന്ന് ഗവർണർ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. ജനുവരിയിൽ നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കാതെ തലേന്ന് രാത്രിവരെ സർക്കാരിനെ മുൾമുനയിൽ നിർത്തിയതിന് സമാനമായ സാഹചര്യമാണുണ്ടാവുന്നത്.
അടിയന്തര സാഹചര്യത്തിലാണ് സർക്കാർ നിയമനിർമ്മാണത്തിനായി ഓർഡിനൻസ് ഇറക്കുക. ഇവ പിന്നീട് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിച്ച് പാസാക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ സഭാസമ്മേളനം തുടങ്ങിയതുമുതൽ 42 ദിവസമേ ഇവയ്ക്ക് ആയുസ്സുണ്ടാകൂ. അവ വീണ്ടും നിലനിൽക്കണമെങ്കിൽ ഓർഡിനൻസായിത്തന്നെ പുതുക്കണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ റദ്ദാക്കപ്പെടും. കഴിഞ്ഞ സഭാസമ്മേളനം പിരിഞ്ഞശേഷം ബില്ലാക്കാത്ത 11 ഓർഡിനൻസുകൾ പുതുക്കാൻ ജൂലായ് 27-ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഈ ശുപാർശ 28-ന് രാജ്ഭവനിലെത്തി.
അഴിമതി തെളിഞ്ഞെന്നു കണ്ടെത്തിയാൽ മന്ത്രിയെ അയോഗ്യനാക്കാൻ ലോകായുക്തയ്ക്കുണ്ടായിരുന്ന അധികാരം എടുത്തുകളയുന്നതാണ് ലോകായുക്ത ഓർഡിനൻസിലെ ഭേദഗതി. അന്തരിച്ച ചില എംഎൽഎ.മാരുടെ ബന്ധുക്കൾക്ക് മുൻസർക്കാർ ജോലിയും സാമ്പത്തികസഹായവും നൽകിയത് അഴിമതിയാണെന്ന കേസ് ലോകായുക്തയിൽ വന്നപ്പോഴായിരുന്നു നിയമഭേദഗതി. ഈ കേസിൽ വാദം പൂർത്തിയായെങ്കിലും വിധി ഇതുവരെയും വന്നിട്ടില്ല.
ഈ ഓർഡിനൻസ് ആദ്യം ഇറക്കിയപ്പോൾ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചിരുന്നു. തുടർന്നു മുഖ്യമന്ത്രി അദ്ദേഹത്തെ നേരിൽ കണ്ടു വിശദീകരിച്ചു. അഴിമതിക്കു തടയിടാനുള്ള ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിടാൻ സർക്കാർ കൊണ്ടുവന്ന ഭേദഗതി ഓർഡിനൻസ് ആണിത്. മുഖ്യമന്ത്രി പിണറായി വിജയനും ചില മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കുമെതിരായുള്ള പരാതികൾ ലോകായുക്ത പരിഗണിക്കുമ്പോഴാണ് ഈ ഭേദഗതി ഓർഡിനൻസ് ഫെബ്രുവരി 7ന് സർക്കാർ അംഗീകരിച്ച് വിജ്ഞാപനമിറക്കിയത്.
പുതുക്കേണ്ട മറ്റ് ഓർഡിനൻസുകൾ, എത്ര തവണ പുതുക്കി എന്നതു ബ്രായ്ക്കറ്റിൽ: കേരള മാരിടൈം ബോർഡ് ഭേദഗതി (2), തദ്ദേശഭരണ പൊതു സർവീസ് (1), കേരള പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി (3), കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചു നൽകലും (7), വ്യവസായ ഏകജാലക ബോർഡും വ്യവസായ ടൗൺഷിപ് വികസനവും (2), കേരള പൊതുമേഖലാ നിയമന ബോർഡ് (1), കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ് (5), കേരള ജൂവലറി വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് (6), കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി (2), ലൈവ് സ്റ്റോക് ആൻഡ് പൗൾട്രി ഫീഡ് ആൻഡ് മിനറൽ മിക്‌സ്ചർ (5).
മറുനാടന് മലയാളി ബ്യൂറോ