- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് നിരോധനം ശരിവെക്കാൻ കേരളത്തിലെ രണ്ട് വിധികൾ പരാമർശിച്ച് കർണാടക ഹൈക്കോടതി; മുസ്ലിം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് വരാം; രാജ്യ പുരോഗതിയിൽ പങ്കുചേരാം; ദൈവം നൽകിയ സൗന്ദര്യം ആളുകൾ കാണട്ടെ; ഹിജാബ് വിധി സ്വാഗതം ചെയ്ത് കേരള ഗവർണറും
തിരുവനന്തപുരം: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹർജികൾ തള്ളിക്കൊണ്ടുള്ള വിധിയിൽ കേരള ഹൈക്കോടതിയുടെ മുൻപുള്ള രണ്ട് വിധികളെ കുറിച്ചും പരാമർശം. ഓൾ ഇന്ത്യ പ്രീ-മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് നിർദ്ദേശിച്ചിരിക്കുന്ന വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട് 2016 ലെ വിധിയും. ക്രിസ്ത്യൻ മാനേജ്മെന്റ് സ്‌കൂളിലെ യൂണിഫോം രീതിക്ക് വിപരീതമായി മുസ്ലിം വിശ്വാസ പ്രകാരമുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലെ വിധിയുമാണ് പരാമർശിക്കപ്പെടുന്നത്.
2016, 2018 വർഷങ്ങളിൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെതാണ് ഈ വിധികൾ. ഇതിൽ, ഓൾ ഇന്ത്യ പ്രീ-മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ഹർജയിൽ പരീക്ഷാ ഹാളിൽ കയ്യും തലയും മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യം ഉപാധികളോട് അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ വിധിയിൽ പ്രവേശന പരീക്ഷ എന്നത് സ്‌കൂളിലെ ക്ലാസുകൾ പോലെ ദിനം പ്രതി നടക്കുന്ന ഒന്നല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം തലയും, കയ്യുകളും മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപ് പരിശോധനയ്ക്ക് ഹാജരാവണം എന്നും വ്യക്തമാക്കുന്നു. ഇക്കാര്യം ഇൻവിജിലേറ്ററുടെ വിവേചനാധികാരമാണെന്നും വിധി ചൂണ്ടിക്കാട്ടുന്നു. രണ്ടാമത്തെ വിധിയിൽ, യൂണിഫോം സംബന്ധിച്ച സ്ഥാപനത്തിന്റെ തീരുമാനത്തെ അംഗീകരിക്കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനത്തിന്റെ വിശാലമായ അവകാശങ്ങളെ വ്യക്തി സ്വാതന്ത്ര്യം പരിഗണിച്ച് പ്രതിരോധിക്കാനാവില്ലെന്നും വിധി ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ സ്ഥാപനത്തോട് കോടതിക്ക് നിർദേശങ്ങൾ നൽകാവില്ലെന്നും വിധി ചൂണ്ടിക്കാട്ടുന്നു.സമാനമായ പരാമർശങ്ങളാണ് ഹിജാബ് നിരോധനം അംഗീകരിച്ച് കൊണ്ടുള്ള വിധിയിൽ യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിക്കുന്നത്. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുസ്ലിം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് കടന്നു വരാനുള്ള അവസരമാണിത്. രാജ്യപുരോഗതിയിൽ മറ്റ് കുട്ടികളെ പോലെ മുസ്ലിം പെൺകുട്ടികൾക്കും സംഭാവന നൽകാൻ കഴിയുമെന്നും ഗവർണർ പറഞ്ഞു. നേരത്തെയും ഹിജാബ് വിഷയത്തിൽ ഇതേനയമായിരുന്നു ഗവർണർ സ്വീകരിച്ചത്. ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധത്തെ തള്ളിക്കൊണ്ടായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ നേരത്തെയുള്ള പരാമർശം. മുസ്ലിം ചരിത്രത്തിലെ സ്ത്രീകൾ പോലും ഹിജാബിനെതിരായിരുന്നു. ദൈവം നൽകിയ സൗന്ദര്യം ആളുകൾ കാണട്ടെയെന്നാണ് മുസ്ലിം ചരിത്രത്തിൽ ആദ്യ തലമുറയിലെ സ്ത്രീകൾ പറഞ്ഞതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
'പ്രവാചകന്റെ വീട്ടിൽ വളർന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. പ്രവാചകന്റെ ഭാര്യയുടെ സഹോദര പുത്രിയായിരുന്നു അവൾ.അവൾ അതീവ സുന്ദരിയായിരുന്നു. അവളുടെ ഭർത്താവ് തട്ടം ധരിക്കാത്തതിനെ പറ്റി അവളോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു. ദൈവം എനിക്ക് സൗന്ദര്യം തന്നു. എന്റെ സൗന്ദര്യം ആളുകൾ കാണണം. എന്റെ സൗന്ദര്യത്തിലെ ദൈവത്തിന്റെ അംശം ആളുകൾ കാണണം. ഇതാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യ തലമുറയിലെ സ്ത്രീകൾ പറഞ്ഞത്,' ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇതേപറ്റി താൻ മുമ്പ് എഴുതിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.
യൂണിഫോം ധരിക്കാൻ വിദ്യാർത്ഥികൾ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി ഹിജാബ് ഹർജികൾ തള്ളിയത്. യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിച്ചു. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്.ഹൈക്കോടതി വിധിയെ കർണാടക സർക്കാർ സ്വാഗതം ചെയ്തു. വിധി എല്ലാവരും സ്വീകരിക്കണമെന്നും സമാധാനവും സാഹോദര്യവും പുലരട്ടെയെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഇത് കുട്ടികളുടെ ഭാവിയുടെ വിഷയമാണ് മറ്റൊന്നും അതിനേക്കാൾ പ്രധാനപ്പെട്ടതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യൂണിഫോം എന്നത് എല്ലാ വിദ്യാർത്ഥികളിലും സമത്വ ബോധം ഉണ്ടാവാൻ വേണ്ടിയുള്ളതാണെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ