കണ്ണൂർ: സർവ്വകലാശാലകളിൽ നിന്ന് ഗവർണ്ണറെ പുറത്താക്കും. അതിന്റെ ആദ്യ നീക്കം കണ്ണൂരിൽ തുടങ്ങി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കുന്നതിൽ ഗവർണർക്കുള്ള അധികാരം എടുത്തുകളയുന്ന തരത്തിൽ കണ്ണൂർ സർവകലാശാലാ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യാൻ സിൻഡിക്കറ്റ് തീരുമാനിച്ചത് ഇടതു തീരുമാനത്തിന്റെ ഭാഗമാണ്. ഗവർണ്ണറെ സർവ്വകലാശാലയുടെ ചാൻസലർ പദവിയിൽ നിന്നും പുറത്താക്കുന്നതിന്റെ ആദ്യ പടിയാണ് ഇത്. അടുത്ത ഇടതു മുന്നണിയോഗം സർവ്വകലാശാലകളിലെ നിയമ ഭേദഗതിയിൽ തീരുമാനം എടുക്കും.

അതേ സമയം സർവകലാശാലാ വിവാദത്തിൽ അണുവിടപോലും അയയാതെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവർണ്ണർ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ സർവകലാശാലകളിൽ ആറ് ദിവസമായി ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സർവകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിർദ്ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്ഥർക്ക് ഗവർണ്ണർ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഗവർണ്ണറെ മാറ്റാനുള്ള തീരുമാനം.

കണ്ണൂരിലേത് തുടക്കം മാത്രമാണ്. കണ്ണൂർ സർവ്വകലാശാലയിൽ അംഗങ്ങളെ സിൻഡിക്കറ്റ് നാമനിർദ്ദേശം ചെയ്യുകയും ആ പട്ടികപ്രകാരം ഗവർണർ നിയമിക്കുകയുമായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. ഇതിൽനിന്നു വ്യത്യസ്തമായി അംഗങ്ങളെ സിൻഡിക്കറ്റ് നിയമിച്ചതു വിവാദമായിരുന്നു. സർവകലാശാലാ ആക്ടിൽ, സിൻഡിക്കറ്റിന്റെ അധികാരങ്ങൾ പറയുന്ന ഭാഗത്ത് ബോർഡ് ഓഫ് സ്റ്റഡീസിനെ നാമനിർദ്ദേശം ചെയ്യാമെന്നു പറയുന്നുണ്ട്. അതേസമയം, ബോർഡ് ഓഫ് സ്റ്റഡീസിനെക്കുറിച്ചു പരാമർശിക്കുന്ന ഭാഗത്ത് സ്റ്റാറ്റിയൂട്ട് പ്രകാരം അംഗങ്ങളെ നാമനിർദ്ദേശം ചെയ്യണമെന്നാണു പറയുന്നത്.

ബോർഡ് ഓഫ് സ്റ്റഡീസ് പ്രതിപാദിക്കുന്ന സ്റ്റാറ്റിയൂട്ടിലാകട്ടെ, ചാൻസലർ (ഗവർണർ) ആണ് അംഗങ്ങളെ നിശ്ചയിക്കേണ്ടതെന്നും പറയുന്നു. ആക്ടിലെ വ്യവസ്ഥകൾക്കു വിരുദ്ധമായ സ്റ്റാറ്റിയൂട്ട് നിർദ്ദേശങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായാണ് ഇന്നലെ നടന്ന സിൻഡിക്കറ്റ് യോഗത്തിന്റെ അറിയിപ്പ്. വിവാദങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നീക്കം. സിൻഡിക്കറ്റ് നേരിട്ടു നിയമിച്ചവരിൽ 68 പേർ യോഗ്യതയില്ലാത്തവരാണെന്നും ഇവരെ തിരുകിക്കയറ്റാൻ ഗവർണറെ അറിയിക്കാതെയായിരുന്നു പുനഃസംഘടനയെന്നും ആരോപിക്കുന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എസ് എഫ് ഐ അഖിലേന്ത്യാ അധ്യക്ഷൻ വി പി സാനു രംഗത്ത് വന്നിരുന്നു. ചാൻസലർ പദവി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത് അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ട സാനു അയ്യോ അച്ഛാ പോകല്ലെയെന്ന് ഗവർണറോട് പറയേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. ഗവർണർ ചാൻസലർ പദവി ഒഴിയുന്നെങ്കിൽ ഒഴിയട്ടെയെന്നും അത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമാകുമെന്നും എസ് എഫ് ഐ അഖിലേന്ത്യാ അധ്യക്ഷൻ പറഞ്ഞിരുന്നു. ഗവർണർ ചാൻസലറാകണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. ഇക്കാര്യത്തിൽ നിയമസഭയാണ് തീരുമാനം എടുക്കേണ്ടതെന്നും സാനു ചൂണ്ടികാട്ടി. ചാൻസലർ പദവി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്നും എസ്എഫ്‌ഐ അഖിലേന്ത്യ അധ്യക്ഷൻ ആവശ്യപ്പെട്ടിരുന്നു. ഇതു ഇടതുപക്ഷത്തിന്റെ തീരുമാനത്തിന്റെ സൂചനയാണ്.

ചാൻസലർ പദവി റദ്ദാക്കാൻ പ്രേരിപ്പിക്കരുതെന്ന് കാനവും ഗവർണർ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന് കോടിയേരിയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാരും ഗവർണർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ചാൻസലർ പദവി ഏറ്റെടുക്കാനില്ലെന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദുരൂഹമാണെന്നും ഗവർണ്ണർ ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ട സാഹചര്യം നിലവിൽ ഉണ്ടായിരുന്നില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നുംകോടിയേരി കൂട്ടിച്ചേർത്തു. 'സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല ചാൻസലർ. ചാലൻസറുടെ പദവിയിൽ സമ്മർദം ചെലുത്തിയിട്ടുമില്ല. ഗവർണർ തന്നെ ചാൻസലർ പദവിയിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്‌നം അവർ തമ്മിൽ തീർക്കുമെന്നും'' കോടിയേരി കൂട്ടിച്ചേർത്തു.

ചാൻസലർ പദവി ഭരണഘടനാ പദവിയല്ലെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അതിരൂക്ഷ വിമർശനങ്ങളാണ് നടത്തിയത്. നിയമസഭ പാസാക്കുന്ന ഒരു നിയമത്തിൻ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസറായി ഗവർണറെ അവരോധിച്ചത്. വേണമെങ്കിൽ ആ ചാൻസലർ പദവി വേണ്ടെന്ന് വയ്ക്കാൻ നിയമസഭയ്ക്ക് സാധിക്കുമെന്നും അതിന് തങ്ങളെ നിർബന്ധിക്കരുതെന്നും കാനം രാജേന്ദ്രൻ തുറന്നടിച്ചു.

എട്ടാം തീയതിയാണ് ചാൻസിലർ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവർണ്ണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഇതിനിടയിൽ നടന്ന അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവർണ്ണർ സർക്കാരിനെതിരെ കടുത്ത വിമർശനം തുടരുകയാണ്. ചാൻസിലർ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയ ഇടപടെൽ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നൽകിയാൽ മാത്രമേ തീരുമാനം പുനപരിശോധിക്കൂവെന്നാണ് ഗവർണ്ണർ പറയുന്നത്. പക്ഷേ തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതോടെ പ്രശ്‌നപരിഹാരം നീളുകയാണ്. മന്ത്രി ബിന്ദുവിന്റെ ശുപാർശ കത്തും പുറത്തുവന്നു.