കോട്ടയം: രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്നാണ് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റേത്. നിരവധി വിവാദങ്ങളിൽ അഭിപ്രായം തുറന്നു പറയുന്ന ആരിഫ് മുഹമ്മദ് ഖാന് അന്താരാഷ്ട്ര ഭീകര സംഘടനകളുടെ ഭീഷണി പോലുമുണ്ട്. ഇസ്ലാമിക തീവ്രവാദികളുടെ പ്രധാന നോട്ടപ്പുള്ളി. എ്ങ്കിലും ആൾക്കാരെ അധികം വലച്ചുള്ള യാത്ര ഗവർണ്ണർ ഇഷ്ടപ്പെടുന്നില്ല. രാഷ്ട്രീയ പ്രതിഷേധങ്ങളെ നേരിടാൻ പടപ്പുറപ്പാടുമായി മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്തു കൂടി കടന്നു പോയതിനു പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കോട്ടയത്ത് എത്തി.

മുത്തലാഖിലും ശിരോവസ്ത്ര വിവാദത്തിലും ഇസ്ലാമിലെ വേറിട്ട ശബ്ദമായിരുന്നു കേരളത്തിലെ ഗവർണ്ണർ. അയോധ്യാ വിധിയിലും വേറിട്ട നിലപാട് എടുത്തു. ഇതിനൊപ്പം കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളിലും തുറന്ന നിലപാടുകൾ എടുത്തു. അതുകൊണ്ട് തന്നെ കേരളത്തിൽ ഏറ്റവും സുരക്ഷാ പ്രശ്‌നമുള്ള വ്യക്തി കേരളാ ഗവർണ്ണറാണ്. മുൻ ഗവർണ്ണർമാരിൽ നിന്നും തീർത്തും വ്യത്യസ്തൻ. അപ്പോഴും മുഖ്യമന്ത്രിക്കായി 4 മണിക്കൂറോളം നഗരം തടഞ്ഞ സുരക്ഷ പക്ഷേ, ഗവർണർക്ക് കോട്ടയത്ത് വേണ്ടി വന്നില്ല. അവാർഡ് സമർപ്പണ സമ്മേളനത്തിനായി ശാസ്ത്രി റോഡിലെ ദർശന ഓഡിറ്റോറിയത്തിലേക്കാണ് ഗവർണർ എത്തിയത്.

വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിച്ച നാട്ടകം ഗെസ്റ്റ് ഹൗസിൽ തന്നെയാണ് ഇന്നലെ ഉച്ചയോടെ എത്തിയ ഗവർണറും തങ്ങിയത്. ഉച്ചയ്ക്കു ശേഷം അവാർഡ് വിതരണ സമ്മേളനത്തിലേക്ക് ഗവർണറുടെ യാത്ര ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയായിരുന്നു. ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകുന്നതിനു തൊട്ടു മുൻപു മാത്രം നിയന്ത്രണം വരുത്തി വിഐപിയെ കടത്തി വിടുകയാണു പൊലീസ് ചെയ്തത്. അതായത് പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷ. കറുത്ത മാസ്‌കും ആരും വിലക്കിയില്ല. അങ്ങനെ മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്ന അധിക സുരക്ഷ ഇല്ലാതെ ഗവർണ്ണർ കോട്ടയത്ത് ചർച്ചയായി.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ സുരക്ഷാ സംവിധാനം പലപ്പോഴും എസ്‌കോർട്ട്, പൈലറ്റ് വാഹനങ്ങളിൽ ഒതുങ്ങിയിരുന്നു. തനിക്കും മന്ത്രിമാർക്കും പൈലറ്റും എസ്‌കോർട്ടും വേണ്ടെന്നായിരുന്നു 2016 ൽ അധികാരമേറ്റെടുത്തപ്പോൾ പിണറായിയും നൽകിയ നിർദ്ദേശം. അതിനെ സ്വാഗതം ചെയ്ത് ഇന്നത്തെ മന്ത്രി പി രാജീവ് അന്നു ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രിക്കായി സംസ്ഥാനത്തുടനീളം ഇന്നലെ മുതൽ ഏർപ്പെടുത്തിയ കനത്ത സുരക്ഷാ സംവിധാനം ജനത്തെ വലച്ചത് കുറച്ചൊന്നുമല്ല. പ്രധാനമന്ത്രിയുടെയും മറ്റും സന്ദർശനം ഉണ്ടാകുമ്പോൾ ഗതാഗതനിയന്ത്രണം മുൻകൂട്ടി അറിയിക്കുമെങ്കിൽ ഇന്നലെ കോട്ടയത്തും കൊച്ചിയിലും ഒരു മുന്നറിയിപ്പുമില്ലാതെയാണ് ജനങ്ങളെ മണിക്കൂറുകളോളം തടഞ്ഞിട്ടത്. ഇത് ഇന്നും തുടരുകയാണ്.

കനത്ത പ്രതിഷേധം നടക്കുന്നതിനാൽ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നു ഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിരുന്നു. ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്. നിലവിലുള്ള സെഡ് പ്ലസ് സുരക്ഷയ്ക്കു പുറമേ വാഹന വ്യൂഹത്തിൽ 7 ആയുധധാരികൾ അടക്കം 25 കമാൻഡോകളുടെ ദ്രുതകർമസേനയും ഓരോ റൂട്ടിലും പ്രാദേശിക സിഐയുടെ നേതൃത്വത്തിൽ മുൻകൂർ റോഡ് ക്ലിയറിങ് പാർട്ടിയും ഏർപ്പെടുത്തി. പ്രധാനമന്ത്രി വരുമ്പോൾ റോഡിന്റെ വശങ്ങളിൽ താൽക്കാലികമായി കെട്ടുന്ന ബാരിക്കേഡ് മാത്രമില്ല.

മുഖ്യമന്ത്രിക്കും ഗവർണർക്കുമാണു സംസ്ഥാനത്തു സെഡ് പ്ലസ് സുരക്ഷയുള്ളത്. കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് കണക്കിലെടുത്തു സുരക്ഷാ ഭീഷണി അവലോകനം ചെയ്താണ് ഏതു വിഭാഗത്തിൽ സുരക്ഷ നൽകണമെന്നു തീരുമാനിക്കുന്നത്. സുരക്ഷാ ഭീഷണിയില്ലെന്നു രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയാൽ അധിക സുരക്ഷ പിൻവലിക്കും. ഭീഷണിയുണ്ടെങ്കിൽ സുരക്ഷ വർധിപ്പിക്കും. പ്രധാനമന്ത്രിക്ക് എസ്‌പിജി (സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) സംരക്ഷണമാണെങ്കിൽ രാജ്യത്തെ പ്രധാന നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും സെഡ് പ്ലസ് സുരക്ഷയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ വ്യൂഹത്തിൽ അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, എസ്‌കോർട്ട് 1, എസ്‌കോർട്ട് 2, ആംബുലൻസ്, സ്‌പെയർ വാഹനം, സ്‌ട്രൈക്കർ ഫോഴ്‌സ് എന്നിവയാണുള്ളത്. അഡ്വാൻസ് പൈലറ്റ് നൽകിയതു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ആവശ്യപ്രകാരമാണ്.