- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർകോഴ കേസിൽ മുൻ മന്ത്രിമാർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണർ തടയിടുമോ? വിജിലൻസ് ഡയറക്ടറെ നേരിട്ടു വിളിപ്പിച്ചു ആരിഫ് മുഹമ്മദ് ഖാൻ; വിളിച്ചു വരുത്തുന്നത് ഫയലിൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യമുള്ളതിനാൽ; അന്വേഷണം നടക്കണമെന്ന് ഗവർണറുടെ അനുമതി കൂടിയേ തീരൂ
തിരുവനന്തപുരം: ബാർകോഴ കേസിൽ മുന്മന്ത്രിമാരായ വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരായ അന്വേഷണം നടത്താനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെ ഇവർക്കെതിരെ അന്വേഷണത്തിന് അനുമതി നൽകുന്നതുമായി ബന്ദപ്പെട്ട് ഗവർണർ വിജിലൻസ് ഡയറക്ടറെ വിളിപ്പിച്ചു.
മുന്മന്ത്രിമാരായതുകൊണ്ട് നിയമന അധികാരി എന്ന നിലയിൽ ഗവർണറുടെ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താൻ സാധിക്കുകയുള്ളൂ. അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ ഇന്നലെയാണ് ഗവർണർക്ക് ലഭിച്ചത്. എന്നാൽ ഫയലിൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യമുള്ളതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജിലൻസ് ഡയറക്ടറെ നേരിട്ട് വിളിപ്പിക്കുന്നത്. അന്വേഷണം ആവശ്യമുണ്ടെന്ന് ഗവർണർക്ക് ബോധ്യപ്പെടാത്ത പക്ഷം അദ്ദേഹം അനുമതി നിഷേധിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ അത് സർക്കാറിന്റെ നീക്കത്തിന് തിരിച്ചടി ആകുകയും ചെയത്.ു
വിജിലൻസ് ഡയറക്ടർ വ്യാഴാഴ്ച അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന മുറയ്ക്ക് ഗവർണറെ കാണും. കൂടിക്കാഴ്ചയ്ക്ക് ശേഷമാവും മന്ത്രിമാർക്കെതിരായ അന്വേഷണത്തിന് അനുമതി നൽകുന്നതിൽ അന്തിമ തീരുമാനം ഉണ്ടാവുക. അതിനിടെ ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. കെ.എം. ഷാജിക്കെതിരായ അന്വേഷണത്തിനും അനുമതി നൽകിയിട്ടുണ്ട്.
രഹസ്യ പരിശോധനയ്ക്ക് ശേഷം കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് വിജിലൻസ് സർക്കാരിനോട് വ്യക്തമാക്കിയിരുന്നു. തുടർന്ന് സർക്കാർ സ്പീക്കറുടെ അനുമതി തേടിയിരുന്നു. ഇതിലാണ് ഇപ്പോൾ സ്പീക്കർ അനുമതി നൽകിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ലീഗ് എംഎൽഎ കെ.എം. ഷാജിക്കെതിരായ അന്വേഷണത്തിനും സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്. ഷാജിക്കെതിരെ അന്വേഷണം നടത്താൻ കോഴിക്കോട് വിജിലൻസ് കോടതി അനുമതി നൽകിയിരുന്നു. ഇതിലാണ് ഇന്ന് സ്പീക്കർ തീരുമാനമെടുത്തത്.
പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴല്ല ചെന്നിത്തലയ്ക്കെതിരായ ആരോപിക്കപ്പെടുന്ന കാര്യം നടക്കുന്നതെന്നതിനാൽ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും സ്പീക്കറുടെ അനുമതി മതിയെന്നുമായിരുന്നു സർക്കാരിന് ലഭിച്ച നിയമോപദേശം.മറ്റു രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരായ അന്വേഷണത്തിന് സ്പീക്കറുടെ തീരുമാനം വരാനുണ്ട്. വി. ഡി സതീശൻ എംഎൽഎയ്ക്കും ആലുവ എംഎൽഎ അൻവർ സാദത്തിനെതിരെയുമുള്ള അന്വേഷണങ്ങളാണ് ഇവ.
പുനർജനി പദ്ധതിക്കുവേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നതാണ് പരാതി. ഇതിൽ അന്വേഷണത്തിന് അനുമതി വേണമെങ്കിൽ കൂടുതൽ വിശദാംശങ്ങൾ വേണം എന്നതാണ് സ്പീക്കറുടെ നിലപാട്. നാലു കോടിയുടെ പാലം പണിതീർക്കാൻ പത്തു കോടി ചെലവായി എന്ന ആരോപണമാണ് അൻവർ സാദത്ത് നേരിടുന്നത്. ഇതിലും കൂടുതൽ വിശദാംശങ്ങൾ വേണമെന്നാണ് സ്പീക്കറുടെ നിലപാട്.
എന്നാൽ, ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പേരിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്പീക്കർ രാഷ്ട്രീയം കളിക്കാൻ നിൽക്കുന്ന പാവ മാത്രമാണെന്നും മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലിയെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിന്റെ അഴിമതികൾക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് ഈ അന്വേഷണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏത് യുഡിഎഫ് എംഎൽഎക്കെതിരെയും അന്വേഷണം നടക്കട്ടെ. അതിനെയെല്ലാം ധീരമായി നേരിടാൻ യുഡിഎഫും കേരളത്തിലെ ജനങ്ങളുമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ