കണ്ണുർ: രാഷ്ട്രീയ സംരക്ഷണം നഷ്ടപ്പെട്ടതോടെ രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ മുഖ്യ ആസുത്രകൻ അർജുൻ ആയങ്കി കീഴടങ്ങിയേക്കുമെന്ന് സൂചന. ഇയാൾ കണ്ണൂർ ജില്ലയിൽ തന്നെയുണ്ടെന്ന് നിഗമനത്തിലാണ് പൊലിസ്. അതുകൊണ്ടുതന്നെ വളപട്ടണം പൊലിസിന്റെ സഹായത്തോടെ അഴിക്കൽ മേഖലയിലാണ് തെരച്ചിൽ നടത്തുന്നത്.

ഇതിനിടെ അർജുൻ ആയങ്കി കടൽമാർഗം രക്ഷപ്പെട്ടുവോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അഴീക്കൽ കപ്പൽ പൊളികേന്ദ്രമായ സിൽക്ക് കേന്ദ്രികരിച്ച് സ്വർണക്കടത്ത് സംഘം പ്രവർത്തിക്കുന്നത് പൊലിസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. സിൽക്കിനകത്ത് ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു അർജുൻ ആയങ്കിയുടെ ചുവന്ന സ്വിഫ്റ്റ് കാർ. ഇതു കണ്ടെത്തിയതായി മാധ്യമങ്ങളിൽ വാർത്ത വരികയും പിന്നീട് കാർ അർജുന്റെ കൂട്ടാളി പ്രണവ് കടത്തികൊണ്ടു പോവുകയുമായിരുന്നു.

അർജുൻ ആയങ്കിയെയും കൂട്ടാളികളെയും കുരുക്കാനുള്ള തെളിവുകൾ പൂർണമായും കസ്റ്റംസ് ശേഖരിച്ചട്ടുണ്ട്. അർജുനുമായി അടുത്ത ബന്ധമുള്ളവരും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. സ്വർണം കൊണ്ടുവന്ന മുർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് വാട്‌സ് ആപ്പിലുടെ അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ കസ്റ്റഡിന് ലഭിച്ചിട്ടുണ്ട്. അർജുനും സംഘവും ചുവന്ന സ്വിഫ്റ്റ് കാറിലാണ് തിങ്കളാഴ്‌ച്ച പുലർച്ചെ കരിപ്പൂരിലെത്തിയതെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

സ്വർണം, കസ്റ്റംസ് പിടികൂടിയതറിഞ്ഞ് മടങ്ങിയ അർജുനെ കുറച്ചു ദൂരം പിന്തുടർന്ന് മടങ്ങുമ്പോഴാഴാണ് ചെർപ്പുളശേരിയിൽ നിന്നുള്ള ക്വട്ടേഷൻ സംഘം ലോറിയുമായി കൂട്ടിയിടിച്ച് കൊല്ലപ്പെടുന്നത്. 2.33 കിലോഗ്രാം സ്വർണവുമായി തിങ്കളാഴ്‌ച്ച പുലർച്ചെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് പിടിയിലായത്. ചാല കോയ്യോട് സ്വദേശി സി.സജേഷിന്റെതാണ് അർജുൻ ഉപയോഗിച്ച കാർ.

കോഴിക്കോട് മെഡിറ്റൽ കോളേജ് ആശുപത്രിയിൽ പോകാനാണ് അർജുൻ കാർ കൊണ്ടുപോയനെന്നും ഇപ്പോൾ കാണാനില്ലെന്നും സജേഷ് കണ്ണുർസിറ്റി അസി.കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കാർ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി എസ്‌പി കെ.ബാലകൃഷ്ണൻ നായർ പറഞ്ഞു. കഴിഞ്ഞ ദിവസം അർജുന്റെ വീട്ടിൽ പരിശോധന നടത്തിയ കസ്റ്റംസ് പ്രിവന്റിവ് സംഘം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകിയിട്ടുണ്ട്.

സ്ഥിരമായി ഉപയോഗിച്ചിരുന്ന കാറിലാണ് ചൊവ്വാഴ്‌ച്ച രാത്രി എത്തിയതെന് ഭാര്യ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ സിപിഎം തള്ളിപ്പറഞ്ഞതോടെ അർജുനെ അറസ്റ്റു ചെയ്യാനുള്ള നീക്കം പൊലിസ് ശക്തമാക്കിയിട്ടുണ്ട്. കണ്ണുരിലെ ചില ക്വട്ടേഷൻ സംഘങ്ങളാണ് ഇയാളെ സംരക്ഷിക്കുന്നതെന്നാണ് സൂചന. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന അർജുൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. 

യുത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ശുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. ആകാശുമായി അർജുൻ നിൽക്കുന്ന നിരവധി ചിത്രങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഒരു കാലത്ത് സോഷ്യൽ മീഡിയയിലെ പ്രധാന സൈബർ സഖാക്കളിൽ ഒരാളായിരുന്നു അർജുൻ ആയങ്കി.