കണ്ണുർ: ഫെയ്‌സ് ബുക്കിലൂടെ തന്റെ രാഷ്ട്രീയ പ്രചാരണത്തിൽ വീണുപോവുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്ത യുവതിയെ വിവാഹം ചെയ്ത സൈബർ പോരാളിയാണ് അർജുൻ ആയങ്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേക്കാൾ 'ഫോളേഴ്‌സുള്ള അർജുനന് അത്ര മാത്രം ആരാധാകരുമുണ്ടായിരുന്നു. കൊല്ലം സ്വദേശിനിയായ എൽ.എൽ.ബി.വിദ്യാർത്ഥിനിയായിരുന്നു അതിലൊരാൾ. ഇയാളുടെ വിപ്‌ളവ വായ്ത്താരിയിൽ വീണുപോവുറ്റയായിരുന്നു ആ പെൺകുട്ടി. നേരത്തെയും നിരവധി ആരാധകരുമായി ചേർന്നുള്ള തന്റെ ചിത്രങ്ങളും യാത്രകളും അർജുൻ പങ്കുവെച്ചിരുന്നു.

2021 ഏപ്രിൽ എട്ടിനാണ് അർജുന്റെ വിവാഹം നടന്നത്. പെൺകുട്ടിയുടെ വീട് കൊല്ലത്തായിരുന്നതിനാൽ മധ്യ തിരുവിതാംകൂറിൽ വച്ചായിരുന്നു വിവാഹം. ഇതിനു ശേഷം കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നുവെങ്കിലും കണ്ണുരിൽ ഒരു ഗംഭീര വിവാഹ പാർട്ടിയും നടത്തി. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ ഉൾപ്പെടെയുള്ളവർ ഈ വിവാഹ പാർട്ടിയിൽ പങ്കെടുത്തതായി വിവരമുണ്ട്. അർജുനന്റെ ടീം ലീഡറായ ആകാശ തില്ലങ്കേരിയാണ് ഈ വിവാഹത്തിന് മുഖ്യകാർമ്മികത്വം വഹിച്ചത്. അർജുനും ഭാര്യയും ആകാശുമായി നിൽക്കുന്ന ഫോട്ടോ ഫെയ്‌സ് ബുക്കിൽ ഇപ്പോൾ വൈറലായിട്ടുണ്ട്.

നാടിനെയാകെ അറിയിച്ചു കൊണ്ടാണ് കോവിഡ് കാലമായിട്ടും അർജുന്റെ വിവാഹം നടന്നത്. എടുത്തു പറയത്തക്ക യാതൊരു ജോലിയുമില്ലാത്ത അർജുന്റെ ആഡംബര വിവാഹം അന്നു തന്നെ പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. പണമൊഴുക്കിയുള്ള വിവാഹത്തിന്റെ സാമ്പത്തിക കൊഴുപ്പിനെ സംശയിച്ച് ഡിവൈഎഫ്ഐ നേതാവ് സരിൻ ശശിയുൾപ്പെടെ ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. പാർട്ടി ഉന്നത നേതാക്കളുമായും ഇയാൾ തന്നെ ബന്ധം തുടർന്നുകൊണ്ടിരുന്നു യുവജനക്ഷേമ കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോ മുമായുള്ള തന്റെ ഫോട്ടോയും സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി റെഡ് വളൻഡിയറായി എടുത്ത ഫോട്ടോയും ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഇതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടിയ സംഭവത്തിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തലവനാണെന്ന് കരുതുന്ന അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടിസ്. നൽകി.ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് പ്രിവന്റിവ് വിഭാഗമാണ് നോട്ടിസ് നൽകിയത്. കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷഫീഖിന്റെ കൂട്ടാളിയാണ് അർജുനെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്.. മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അന്വേഷണ സംഘം അപേക്ഷ നൽകും. 10 ദിവസത്തേക്കാണ് ഷഫീഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. ഇതിനായി കസ്റ്റംസ് പ്രിവന്റിവ് വിഭാഗം എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയെ സമീപിക്കും.

നാല് വർഷമായി സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അർജുൻ ഇതിനോടകം തന്നെ കോടികളുടെ സ്വർണം പിടിച്ചുപറിച്ചെന്നാണ് വിവരം. ഇയാൾ കരിപ്പൂരേക്ക് പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. പൊലീസ് എത്തുന്നതിനു മുൻപേ അർജ്ജുന്റെ കൂട്ടാളികൾ മാറ്റിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. തന്റെ അനുവാദം ഇല്ലാതെയാണ് അർജുൻ സ്വർണക്കടത്ത് ക്വട്ടേഷന് കാർ കൊണ്ടുപോയത് എന്ന് കാട്ടി ആർ.സി ഉടമയായ സജേഷ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, കരിപ്പൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിന്റെ മാസ്റ്റർ പ്ലാൻ വിശദീകരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.. വാട്സാപ്പ് ഗ്രൂപ്പിലൂടെ കൈമാറിയ ശബ്ദരേഖയിലെ വിവരങ്ങളാണ് പുറത്തുവന്നത്. പൊലീസ് തിരയുന്ന അർജുൻ ആയങ്കിയുടെ പങ്ക് സംഭാഷണങ്ങളിൽ വ്യക്തമാണ്. സ്വർണം കടത്തേണ്ട രീതിയും കൈമാറേണ്ടതാർക്കെന്ന വിവരവും ശബ്ദരേഖയിൽ വിശദീകരിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങളാണ് ശബ്ദരേഖയിലുള്ളത്. കബളിപ്പിച്ചാൽ ജീവിക്കാനനുവദിക്കില്ല. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല എന്നിങ്ങനെയാണ് ഭീഷണി. മാഹിയിലേയും പാനൂരിലേയും പാർട്ടിക്കാർ തനിക്ക് പിറകിലുണ്ടെന്നും അവകാശവാദമുണ്ട്. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല, നിന്നെ കൊണ്ട് തീറ്റിക്കില്ലെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.

രണ്ടു മണിക്കൂർ വിമാനത്താവളത്തിൽ കാത്തു നിന്നിട്ടും പറ്റിച്ചു എന്ന പരാമർശവും ശബ്ദരേഖയിലുണ്ട്. എന്നാൽ ഇത് അർജുനിന്റെ ശബ്ദമാണെന്ന് പൊലീസും കസ്റ്റംസും സ്ഥിരീകരിച്ചില്ല. ആരോടൊക്കെയാണ് സംസാരിച്ചതെന്നും വ്യക്തമല്ല. ഇതിനിടെ അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അർജുൻ ആയങ്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും അർജുൻ പറഞ്ഞു.

ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നതാണെന്നും അർജുന്റെ ഫേസ്‌ബുക്ക് പോസ്റ്റിലുണ്ട്. രാമനാട്ടുകര അപകടത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ് അർജുൻ.