- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൊകൽ നിടുമ്പ്രത്തുകൊടി സുനിക്ക് വീടുവച്ചു കൊടുത്തത് പാർട്ടി! ക്വട്ടേഷൻ സംഘങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിൽ എതിർപ്പ് ശക്തം; കസ്റ്റംസിൽ പാർട്ടിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തൽ കൊടി സുനി ശിഷ്യൻ നടത്തുമോ? അർജുൻ ആയങ്കി കീഴടങ്ങും
കണ്ണൂർ: രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണക്കേസിലെ മുഖ്യപ്രതിയായി കസ്റ്റംസ് കരുതുന്ന അർജുൻ ആയങ്കി കീഴടങ്ങാനുള്ള നീക്കം തുടങ്ങി. കണ്ണൂരിലെ ഒരു പ്രമുഖ അഭിഭാഷകൻ മുഖേനെയാണ് ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുൻപിൽ ഹാജരാകാൻ അർജുൻ നീക്കം നടത്തുന്നത്. ഭരണതലത്തിലെ സ്വാധീനവും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് സൂചന.
അതിനിടെ സ്വർണക്കള്ളക്കടത്തിൽ കർശന നിലപാടുമായി രംഗത്തെത്തിയ ഡിവൈഎഫ്‌ഐയെ പരസ്യമായി വെല്ലുവിളിച്ച സംഭവം മുമ്പ് കൂത്തുപറമ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ക്വട്ടേഷൻ, കള്ളക്കടത്ത് സംഘങ്ങൾക്ക് എതിരേ ഡിവൈഎഫ്ഐ. നടത്തിയ പ്രചാരണജാഥയ്ക്കിടെ ക്വട്ടേഷൻ സംഘം വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. മൊബൈൽ ഫോൺ വെളിച്ചത്തിലാണ് തുടർന്ന് അന്ന് നേതാക്കൾക്ക് സംസാരിക്കേണ്ടി വന്നത്. ഫ്യൂസ് ഊരി പരസ്യമായി തങ്ങളുടെ പ്രതിഷേധം അറിയിച്ച ക്വട്ടേഷൻ സംഘത്തിന് പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നതിനുള്ള സൂചന കൂടിയായിട്ടാണ് സംഭവത്തെ വിലയിരുത്തിയത്. കണ്ണൂരിൽ ഈ സംഘങ്ങൾക്കുള്ള സ്വാധീനശക്തികൂടി വെളിവാക്കുന്നതായിരുന്നു ഫ്യൂസ് ഊരിക്കൊണ്ടുള്ള പ്രതിഷേധം.
കണ്ണൂർ, കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ, മട്ടന്നൂർ എന്നീ അഞ്ചുബ്ലോക്കുകളിലാണ് കള്ളപ്പണക്കാർക്കും ക്വട്ടേഷൻ സംഘത്തിനുമെതിരേ ഡിവൈഎഫ്ഐ. പ്രചാരണ ജാഥ നടത്തിയത്. ക്വട്ടേഷൻ സംഘങ്ങളുടെയും കൊള്ളപ്പണക്കാരുടെയും സ്വാധീനമുള്ള പ്രദേശങ്ങൾ തിരഞ്ഞെടുത്തായിരുന്നു പ്രചാരണ ജാഥ സഘടിപ്പിച്ചത്. കൂത്തപറമ്പിലെ ജാഥയുടെ സമാപനത്തിൽ പ്രസംഗിക്കാനായി നേതാക്കളെത്തുമ്പോഴാണ് ക്വട്ടേഷൻ സംഘം ഫ്യൂസ് ഊരി പ്രദേശം മുഴുവൻ ഇരുട്ടിലാക്കിയത്. തുടർന്ന് നേതാക്കൾ കത്തിച്ചുപിടിച്ച മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം നടത്തി.
അർജുനുമായി യാതൊരു ബന്ധവും പാർട്ടി പുലർത്തില്ലെന്നു സി.പി. എം തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാർട്ടിയിലെ ചില നേതാക്കൾക്കും പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്നവർക്കും സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കാരണം അത്ര വേഗമൊന്നും പാർട്ടിക്ക് തടിയൂരിപ്പോകാൻ കഴിയില്ല. അതുകൊണ്ടു തന്നെ അർജുൻ കസ്റ്റംസ് ചോദ്യം ചെയ്യലിൽ ആരുടെയൊക്കെ പേര്് വെളിപ്പെടുത്തുമെന്ന കാര്യത്തിൽ സി.പി. എമ്മിന് ആശങ്കയുണ്ട്.
മാത്രമല്ല ടി.പി വധക്കേസിൽ പ്രതികളായ കൊടി സുനിയും സംഘവുമാണ് അർജുനനെയും ആകാശ് തില്ലങ്കേരിയെയും നിയന്ത്രിക്കുന്നതെന്ന വാർത്തപുറത്തുവന്നതോടെ സി.പി. എം പ്രതിരോധത്തിലായിട്ടുണ്ട്. ടി.പി വധക്കേസിലെ പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നത് സി.പി. എമ്മാണ്. ഇവർക്കായി നിയമസഹായം ചെയ്യുന്നതും പാർട്ടി അഭിഭാഷകർ തന്നെയാണ്. ഈസാഹചര്യത്തിൽ കൊടിസുനിയെയും സംഘത്തെയും പുറമേക്ക് തള്ളിപ്പറയുന്നുണ്ടെങ്കിലും ഇവരുമായുള്ള ബന്ധം വിച്ഛേദിക്കാൻ പാർട്ടിക്ക് അത്രപെട്ടന്നു കഴിയില്ല.
പാനൂർ മേഖലയിലെ ചില പ്രാദേശിക നേതാക്കൾ ഇപ്പോഴും കൊടിസുനിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. അർജുൻ ആയങ്കിയുമായി അടുത്ത ബന്ധം പുലർത്തിയ ഡി.വൈ. എഫ്. ഐ ബ്ലോക്ക് നേതാവിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ കണ്ണംവള്ളിയിൽ പാർട്ടിക്കാരനായ മുൻ പ്രവാസിയായ യുവാവിനും സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
വരും ദിനങ്ങളിൽ പാനൂർ മേഖലയിലെ നിരവധി പേരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാനാണ് കസ്റ്റംസിന്റെ നീക്കം. അർജുൻ ആയങ്കി ചോദ്യം ചെയ്യലിനായി ഉടൻ കീഴടങ്ങുമെന്നു ഉറപ്പായ സാഹചര്യത്തിൽ തിരക്കുപിടിച്ച് പാർട്ടിയിൽ ശുദ്ധികലശം നടത്താനാണ് സി.പി. എം നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ ഡി.വൈ. എഫ്. ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി.സജേഷിനെ ഡി.വൈ. എഫ്. ഐയിൽ നിന്നും പുറത്താക്കിയത്.
ചാല കൊയ്യോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും മൊയാരം ബ്രാഞ്ച് അംഗവുമായ സി.സജേഷും ഇപ്പോൾ ഒഒളിവിലാണ്. ഇയാളുടെ ഉടമസ്ഥതയിലുള്ള ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാർ രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരിലെത്തിയതിന്റെ സി.സി.ടി. വി ദൃശ്യങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയാണ് കാറോടിച്ചിരുന്നത്. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഒരു രോഗിയെ കൊണ്ടുപോകാൻ വേണ്ടിയാണ് കാർ വിട്ടുനൽകിയതെന്നാണ് സജേഷ് പൊലിസ് നൽകിയ മൊഴി.
എന്നാൽ കാർ രജിസ്ട്രേഷൻ സമയത്ത് സജേഷ് അർജുൻ തായങ്കിയുടെ മൊബൈൽ നമ്പറാണ് നൽകിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. പാർട്ടി അംഗവും ചക്കരക്കൽ മേഖലയിലെ ഡി.വൈ. എഫ്. ഐ നേതാവുമായ ഒരാൾക്ക് അർജുൻ ആയങ്കിയുമായി ഇത്രമാത്രം അടുപ്പം എങ്ങനെ പുലർത്താൻ കഴിഞ്ഞുവെന്ന ചോദ്യവും പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. ഇതിനിടെ പാർട്ടിക്ക് വിധേയരായി നിൽക്കാത്ത വിവിധ കൊലക്കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘങ്ങളുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നത് ഇപ്പോഴും പാർട്ടി തന്നെയാണ്.
സി.പി. എം മേൽനോട്ടത്തിലാണ് ചൊകൽ നിടുമ്പ്രത്തുകൊടി സുനിക്ക് വീടുവച്ചു കൊടുത്തത്. ടി.പി വധക്കേസിലെയും ശുഹൈബ് വധക്കേസിലെയും പ്രതികളുടെ ഉൾപ്പെടെ കുടുംബങ്ങളെ സംരക്ഷിക്കുന്നത് സി.പി. എം പ്രാദേശിക നേതൃത്വങ്ങളാണ്. എന്നാൽ പാർട്ടിയെ വെല്ലുവിളിച്ചു കൊണ്ടു ക്വട്ടേഷൻപണിക്കു പോകുന്നവരുടെ കുടുംബങ്ങളെ ഇനി സംരക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായവും സി.പി. എമ്മിനുള്ളിൽ ശക്തമായിട്ടുണ്ട്. ഇവർക്ക് നിയമസഹായവും നൽകരുതെന്ന വാദവും ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്