കണ്ണുർ: തെളിവ് നശിപ്പിക്കാനായി അർജുൻ ആയങ്കി പുഴയിൽ വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി കസ്റ്റംസ് മുങ്ങൽ വിദഗ്ദ്ധരുടെയും നേവിയു ടെ യും സഹായം തേടും. വളപട്ടണം പുഴയിൽ ഫോൺ കളഞ്ഞു പോയെന്ന അർജുന്റെ മൊഴി പ്രകാരമാണ് പുഴയിൽ ഫോണിനായി തെരച്ചിൽ നടത്തുക.ഇതിനായുള്ള സ്‌പോട്ട് അർജുൻ ആയങ്കി കാണിച്ചു കൊടുക്കുന്നതിനാണ് തെളിവെടുപ്പിന്റെ ഭാഗമായി ഇയാളെ ഇന്ന് കണ്ണുരിലെത്തിക്കുന്നത്.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചു പോകുന്നതിനിടെ മൊബൈൽ ഫോൺ പുഴയിൽ നഷ്ടപ്പെട്ടു എന്നാണ് അർജുൻ ആയങ്കരിയുടെ മൊഴി. ഈ ഫോൺ വീണ്ടെടുക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. സ്വർണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖും അർജുൻ ആയങ്കരിയും തമ്മിലുള്ള ഫോൺ വിളികളും വാട്‌സ്ആപ് സന്ദേശങ്ങളും ഈ ഫോണിലാണ് ഉള്ളത്.

സ്വർണം കടത്തികൊണ്ടു വരുന്നതിന് മുൻപ് നിരവധി തവണ ഇവർ തമ്മിൽ സംസാരിച്ചിരുന്നതായി കസ്റ്റംസിന് തെളിവ് ലഭിക്കുകയും ചെയ്തിരുന്നു. പിടിയിലായെന്ന് ഷെഫീഖ് ആദ്യം അറിയിച്ചതും അർജുൻ ആയങ്കരിയെ ആണ്. ഷെഫീഖിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത്. അർജുന്റെ ഫോൺ കണ്ടെടുക്കാനായാൽ കേരളത്തിലും വിദേശത്തും പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും എന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ. ഷെഫീഖിന്റെ മൊഴിയിൽ പറയുന്ന സലിം, ജലീൽ, മുഹമ്മദ് എന്നിവരെ കേരളത്തിൽ എത്തിക്കാനും കസ്റ്റംസ് ശ്രമം തുടങ്ങി.

ഇവർക്ക് അർജുനുമായുള്ള ബന്ധം കസ്റ്റംസ് പരിശോധിക്കുകയാണ്. ദുബൈയിൽ നിന്ന് സ്വർണം കടത്തിയ കൊടുവള്ളി സംഘത്തിൽ തന്നെ അർജുന്റെ കൂട്ടാളികൾ ഉണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം.എന്നാൽ അർജുൻഫോൺ വളപട്ടണം പുഴയിൽ എറിഞ്ഞു നശിപ്പിച്ചതിനു ശേഷമാണ് കൊച്ചി കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യാനായി ഹാജരായ തെന്നാണ് സൂചന തന്റെ അഭിഭാഷകൻ പറഞ്ഞു പഠിപ്പിച്ച മൊഴിയാണ് ഇയാൾ ചോദ്യം ചെയ്യലിൽ ഉത്തരമായി പറയുന്നതെന്നാണ് കസ്റ്റംസ് പറയുന്നത്.