- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിൽ കഴിഞ്ഞതുകൊടി സുനിയുടെ നാടായ ചൊക്ളിയിൽ; കടത്തു സ്വർണം കവരാൻ ടിപി കേസ് പ്രതികൾക്ക് ലാഭ വിഹിതവും നൽകി; മൊഴിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ; ചന്ദ്രശേഖരനെ കൊന്നവരേയും ചോദ്യം ചെയ്യാൻ കസ്റ്റംസ്; കരിപ്പൂർ കേസിൽ തടവു ശിക്ഷ അനുഭവിക്കുന്നവരും കുടുങ്ങും
കണ്ണൂർ: കരിപ്പുർ സ്വർണക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ടതോടെ താൻ ഒളിവിൽ കഴിഞ്ഞത് പാർട്ടി ഗ്രാമമായ ചൊക്‌ളിയിലാണെന്ന് അർജുൻ ആയങ്കി മൊഴി നൽകി. കസ്റ്റംസ് അന്വേഷണമാരംഭിച്ചതിനെ തുടർന്നാണ് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന അഴീക്കൽ കപ്പക്കടവിൽ നിന്നും മാറി നിന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെ നാടാണ് ചൊക്‌ളി.
വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണം കവരാൻ തങ്ങളെ സഹായിച്ചത് ടി.പി കേസ് പ്രതികളെന്നും അർജുൻ ആയങ്കിയുടെ മൊഴി നൽകിയിട്ടുണ്ട്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ കരിപ്പൂർ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അർജുൻ ആവർത്തിക്കുകയാണ്. എന്നാലിത് രക്ഷപ്പെടാനുള്ള ശ്രമമായാണ് അന്വേഷണ സംഘം കാണുന്നത്.
കരിപ്പൂരിലെ ഏറ്റവും ഒടുവിലെ സ്വർണക്കടത്തിൽ പങ്ക് നിഷേധിച്ച അർജുൻ, ഇതിനുമുൻപ് സ്വർണക്കടത്തുകാരുടെ പക്കൽ നിന്ന് സ്വർണം കവർന്നതായി സമ്മതിച്ചു. കടത്ത് സ്വർണം കവരാൻ സഹായിച്ചതിന് ടി.പി കേസ് പ്രതികൾക്ക് ലാഭവിഹിതം പകരമായി നൽകിയെന്ന് മൊഴിയിൽ പറയുന്നു. ടി.പി കേസ് പ്രതികൾ നിർദ്ദേശിക്കുന്ന ആളുകൾക്കാണ് ലാഭവിഹിതം നൽകിയിരുന്നത്. കരിപ്പൂർ സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ സഹായം കിട്ടിയെന്നും മൊഴിയുണ്ട്.
പാനൂർ ചൊക്ലി മേഖലയിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞത്. കരിപ്പൂരിൽ വന്നത് പണം വാങ്ങാനാണെന്നും സ്വർണം കവരാനല്ലെന്നും അർജുൻ പറയുന്നു. തെളിവില്ലാത്ത കാര്യങ്ങളിൽ തന്റെ പങ്ക് സമ്മതിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനാണ് അർജുൻ ശ്രമിക്കുന്നതെന്നാണ് കസ്റ്റംസിന്റെ സംശയം. കേസിൽ നേരത്തെ ചോദ്യം ചെയ്ത സജേഷിനെ കസ്റ്റഡിയിലെടുക്കാൻ തക്ക തെളിവില്ലെന്നാണ് വിവരം.
അർജുൻ മൊഴികളിൽ പരാമർശിച്ച പേരുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിലൂടെ എല്ലാ കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആവശ്യമെങ്കിൽ ടി.പി കേസ് പ്രതികളെ കൂടി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. കസ്റ്റംസിന്റെ നിരന്തര ചോദ്യം ചെയ്യലിലാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണം പൊട്ടിക്കുന്നതിന്(തട്ടിയെടുക്കാൻ) സഹായിച്ചുവെന്ന മൊഴി നൽകിയത്. ഇതിനുള്ള പ്രതിഫലം ഇവർക്ക് നൽകിയെന്നും അർജുൻ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.
പൊട്ടിക്കുന്ന സ്വർണത്തിന്റെ മൂന്നിൽ ഒരു പങ്ക് പാർട്ടിക്ക്(കൊടി സുനി ടീമിനെ വിശേഷിപ്പിച്ചിരുന്നത് പാർട്ടി എന്നാണ്) നൽകുമെന്ന് പറയുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിയാണ് അവിടെ ഇരുന്ന് ക്വട്ടേഷൻ ടീമിനെ നിയന്ത്രിക്കുന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. ഇപ്പോൾ പരോളിലാണ് മുഹമ്മദ് ഷാഫിയുള്ളത്. ഒളിവിൽ കഴിയാനും ടി.പി കേസ് പ്രതികൾ സഹായിച്ചുവെന്നും അർജ്ജുൻ ആയങ്കിയുടെ മൊഴിയിലുണ്ട്. കൊടി സുനിയെ മുൻനിർത്തിയാണ് അർജ്ജുൻ ആയങ്കിയും സംഘവും പല ഓപ്പറേഷനുകളും നടത്തിയതെന്ന സൂചനകളാണ് വരുന്നത്. കൊടിസുനിയുടെ സംരക്ഷണം ഇവർക്ക് ലഭിച്ചിരുന്നതായി കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്.
അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടിസുനിയെയും ഷാഫിയെയും ഉടൻ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. ഇതിനിടെ തന്റെ ഫോൺ പുഴയിൽ എറിഞ്ഞുകളഞ്ഞു എന്നാണ് അർജുൻ മൊഴി നൽകിയത്. ഇത് കസ്റ്റംസ് ഇതുവരെ വിശ്വാസത്തിലെടുത്തിട്ടില്ല. എങ്കിലും കണ്ണൂർ കുപ്പം പുഴയിൽ പരിശോധന നടത്താനും സാധ്യതയുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്