- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുബായിൽ 'സാധനം' വാങ്ങാൻ എത്തിയത് സഹകരണ ബാങ്കിൽ നിന്നും റോൾ ചെയ്ത പണമോ? കടത്തുകാരുടെ വേരുകൾ സൊസൈറ്റികളിലേക്ക് പടർന്നോ എന്ന് സിപിഎമ്മിനും സംശയം; തെളിവെടുപ്പ് തുടങ്ങി പാർട്ടി അന്വേഷകർ; പാർട്ടി ഗ്രാമങ്ങളിൽ കേന്ദ്ര ഏജൻസി കടക്കുമോ എന്നും ഭയം
കണ്ണൂർ: അർജുൻ ആയങ്കിമുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് വിവാദത്തിൽ പാർട്ടിക്കുള്ളിൽ അന്വേഷണമാരംഭിച്ച് സിപിഎം. പാർട്ടി നിയന്ത്രിത സഹകരണ ബാങ്കുകളിലെ സ്വർണ പണയ പരിശോധകരുമായി അർജുൻ ആയങ്കിക്കുള്ള അടുത്ത ബന്ധമാണ് അന്വേഷണത്തിന് പ്രേരണയായത്. ഇതു പ്രകാരം ചെമ്പിലോട് ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറി സി.സജിഷ്, കണ്ണൂർ സിറ്റി മേഖലാ സെക്രട്ടറിയായ യുവാവ്, പാനൂരിലെ ഡിവൈഎഫ്.ഐബ്ളോക്ക് നേതാവ്, പാനുരി ലെ പ്രവാസിയായ യുവാവ് എന്നിവരിൽ നിന്നും സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ സംഘം മൊഴിയെടുത്തു.
സ്വർണക്കടത്തിന്റെ വേരുകൾ സഹകരണ ബാങ്കുകളിലേക്ക് എത്തിയിരുന്നോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. സ്വർണ പരിശോധകരായി ഇവർ ജോലി ചെയ്യുന്ന സഹകരണ ബാങ്കുകളോട് കുറ്റാരോപിതർ നടത്തിയ സർവ്വ ഇടപാടുകളും അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ കണ്ണുർ ജില്ലയിലെ ഒരു പ്രമുഖ സഹകരണ ബാങ്കിൽ നിന്നും പത്തുലക്ഷം രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടന്നിരുന്നു. സഹകരണ രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് ബാങ്കിൽ പണയം വെച്ചത് മുക്കുപണ്ടമാണെന്ന് വ്യക്തമായത്.
സിപിഎം പ്രാദേശിക നേതാക്കളുടെ പേരിലാണ് തട്ടിപ്പ് നടന്നത്.സംഭവം രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് ബാങ്ക് ജീവനക്കാർ കൈയിൽ നിന്നും പത്തുലക്ഷം രൂപയെടുത്ത് അടച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. അർജുൻ ആയങ്കിക്ക് ഗൾഫിൽ നിന്നും സ്വർണം കടത്താനായി സഹകരണ ബാങ്കുകളിൽ നിന്നും പണം റോൾ ചെയ്തുവോയെന്ന കാര്യമാണ് സിപിഎം അന്വേഷിക്കുന്നത്.കഴിഞ്ഞ മെയ് 26 വരെ പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ സാമ്പത്തിക ഇടപാടുകൾക്ക് സഹകരണ ബാങ്കുകളെയും പാർട്ടി ബന്ധങ്ങളെയും മറയാക്കിയെന്ന ആശങ്കയാണ് സിപിഎം നേതൃത്വത്തിനുള്ളത്.
സഹകരണ ബാങ്കുകൾ നിയമ വിധേയമാണ് പ്രവർത്തിക്കുന്നതെന്നും വെറുതെ സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പുറമേക്ക് പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര ശരിയായ രീതിയിലല്ല പോകുന്നതെന്നാണ് സൂചന. സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘങ്ങളെ കുറിച്ച് ദേശിയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന ബിജെപിയുടെ ത്തവശ്യം സിപിഎം നേതൃത്വത്തിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.നോട്ടു നിരോധനത്തിന് കാരണം ഇടപാടുകൾക്ക് കെ.വൈ.സിയും പാൻ കാർഡും നിർബന്ധിതമാക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും ചില പ്രമുഖ ബാങ്കുകൾ പാലിക്കുന്നില്ലെന്ന വിമർശനമുയർന്നിട്ടുണ്ട്.
കേരളാ ബാങ്കിൽ അഫിലിയേറ്റു ചെയ്യാത്ത പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയാണ് കള്ളപ്പണം പുഴ്ത്തലും നികുതി വെട്ടിപ്പും നടക്കുന്നതെന്നാണ് സൂചന് സിപിഎമ്മിന്റെ അതിശക്തമായ സാമ്പത്തിക സ്രോതസും അടിത്തറയും പാർട്ടി സഹയാത്രികർക്കുള്ള തൊഴിൽദായക സ്ഥാപനവുമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ 'സ്വർണ കടത്ത് വിവാദം സഹകരണ ബാങ്കുകളിൽ മുട്ടി നിന്നാൽ പിന്നെ കേന്ദ്ര ഏജൻസികൾ തോണ്ടിയെടുക്കുന്നത് മറ്റു പലതുമായിരിക്കുമെന്ന ഭീതി സിപിഎം നേത്യത്വത്തിനുണ്ട്.ഇ തൊഴിവാക്കുന്നതിനാണ് ഒരു മുഴം നീട്ടിയെറിഞ്ഞ് സമാന്തര അന്വേഷണത്തിനായി പാർട്ടി കോപ്പുകൂട്ടുന്നത്.ഇതിനിടെ സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിയുടെ ഹവാല ഇടപാടുകൾ കസ്റ്റംസ് അന്വേഷിക്കുമെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.
ആകാശ് തില്ലങ്കേരിയുമായുള്ള അർജുന്റെ ബന്ധവും അന്വേഷിക്കുമെന്നാണ് വിവരം. കേസിൽ അർജുൻ ആയങ്കിയെയും മുഹമ്മദ് ഷെഫീഖിനെയും കസ്റ്റംസ് ചോദ്യംചെയ്യുന്നത് വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. അർജുൻ ആയങ്കിയെ കസ്റ്റംസ് തുടർച്ചയായിമൂന്ന് ദിവസം ചോദ്യംചെയ്തെങ്കിലും സ്വർണക്കടത്തിലെ പങ്കാളിത്തം അർജുൻ ഇതുവരെസമ്മതിച്ചിട്ടില്ല. അർജുൻ അന്വേഷണത്തോട് സഹകരിക്കാത്തതാണ് കസ്റ്റംസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അർജുനെതിരെയുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം ഹവാല ഇടപാടുകളിലെ പങ്കാളിത്തവും കസ്റ്റംസ് അന്വേഷിക്കുമെന്നാണ് സൂചന.
ആകാശ് തില്ലങ്കേരിയുമായി ചേർന്ന് അർജുൻ ഹവാല ഇടപാടുകൾ നടത്താറുണ്ടെന്ന സംശയം കസ്റ്റംസിനുണ്ട്. അർജുന് വേണ്ടിയാണ് സ്വർണം കൊണ്ടുവന്നത് എന്ന മൊഴിയാണ് മുഹമ്മദ് ഷെഫീഖ് ആവർത്തിക്കുന്നത്. എന്നാൽ ആദ്യമായാണ് സ്വർണം കടത്തിയത് എന്ന ഷെഫീഖിന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാൾ ഇതിന് മുൻപും ക്യാരിയർ ആയി പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.
അർജുൻ ആയങ്കിയെയും മുഹമ്മദ് ഷെഫീഖിനെയും തെളിവുകൾ സഹിതം ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷ. ഇതിനിടെ. ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ച സജേഷിനെ വീണ്ടും ചോദ്യംചെയ്യുന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഷെഫീഖിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ചയും അർജുന്റേത് ചൊവ്വാഴ്ചയും തീരും. അർജുനെ നാല് ദിവസം കൂടി കസ്റ്റഡിയിൽ ചോദിക്കാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ അർജുനിനെ നാലു വർഷം മുൻപേ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്ന സിപിഎമ്മിന്റെ വാദം പൊളിയുന്ന തെളിവുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ മെയ് 26ന് കേന്ദ്ര സർക്കാർ ഇന്ധന വില വർധനവ് വരുത്തുന്നതിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ. നിൽപ്പ് സമരത്തിൽ അർജുൻ പ്ളക്കാർഡ് പിടിച്ചു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്