- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർജുൻ ആയങ്കിയുമായി വീഡിയോ കോൾ ചെയ്തത് പാനൂരിലെ സിപിഎം പ്രവർത്തകൻ; കസ്റ്റംസ് തെരയുന്നത് ഇക്കഴിഞ്ഞ പത്തിന് സൗദിയിൽ നിന്നും നാട്ടിലെത്തിയ കണ്ണംവെള്ളിയിലെ ശ്രീലാലിനെ; അന്വേഷണം പാനൂർ, മാഹി ഭാഗത്തേക്ക്; കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നവരിൽ യുവജന നേതാവും
കണ്ണൂർ: അർജുൻ ആയങ്കി ഉൾപ്പെട്ട സ്വർണ്ണതട്ടിയെടുക്കൽ കേസ് സിപിഎമ്മിന് വിനയാകുമെന്ന് തന്നെ സൂചന. ഇത് കൂടി മുന്നിൽ കണ്ടാണ് തുടക്കത്തിൽ തന്നെ പാർട്ടി അർജുനെയും ആകാശ് തില്ലങ്കേരിയെയും തള്ളിപ്പറഞ്ഞത്. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എല്ലാത്തിനും പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകൾ.
സംഘത്തിൽ പാനൂരിലെ സിപിഎം പ്രവർത്തകരും ഉൾപ്പെട്ടുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇക്കഴിഞ്ഞ 10 ന് സൗദിയിൽ നിന്നും നാട്ടിലെത്തിയ കണ്ണംവെള്ളിയിലെ ശ്രീലാലിനെയാണ് കസ്റ്റംസ് തെരയുന്നത്. ഇയാൾക്കും ആസൂത്രണത്തിൽ പങ്കുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്. കഴിഞ്ഞദിവസം മാധ്യമങ്ങൾ പുറത്ത് വിട്ട ശബ്ദരേഖയിൽ അർജുൻ ആയങ്കിയും ശ്രീലാലും കോൺഫറൻസ് കോളിൽ കരിയറുമായി സംസാരിച്ച് ഡീൽ ഉറപ്പിക്കുന്നത് വ്യക്തമായിട്ടുണ്ട്.
ഇതോടെ അന്വേഷണം പാനൂർ, മാഹി ഭാഗത്തേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. പാനൂരിലെ മറ്റ് ചിലരെ ചോദ്യം ചെയ്യാൻ അടുത്ത ദിവസം വിളിപ്പിക്കുമെന്നും കസ്റ്റംസ് വൃത്തങ്ങൾ സൂചന നൽകുന്നു. ഇതിൽ ഒരു പ്രമുഖ യുവജന നേതാവും ഉൾപ്പെടും എന്നത് ഇടതു കേന്ദ്രങ്ങളുടെ നെഞ്ചിടിപ്പു കൂട്ടുന്നു. സ്വർണ്ണകവർച്ചയും, ക്വട്ടേഷനും പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് വിലയിരുത്തുമ്പോൾ സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തുന്ന നീക്കങ്ങളുമായാണ് കസ്റ്റംസ് മുന്നോട്ട് പോകുന്നത്.
അതേസമയം പാർട്ടി അനുഭാവമുള്ള കള്ളക്കടത്തുകാരെ സംരക്ഷിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. കള്ളക്കടത്തുകാരുമായുള്ള ബന്ധം സ്ഥാപിക്കുന്നവരും പാർട്ടിയിലുണ്ടാകില്ലെന്ന നിലപാടാണ് സി പി എം സ്വീകരിച്ചിരിക്കുന്നത്. ആകാശ് തില്ലങ്കേരിയുടേയും അർജുൻ ആയങ്കിയുടേയും പാർട്ടി ബന്ധം വിവാദമായതോടെയാണ് ഇക്കാര്യത്തിൽ ജാഗ്രത പാലിക്കാൻ സി പി എം ഒരുങ്ങുന്നത്.
ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയുടെ കാറാണ് അർജുൻ സ്വർണക്കടത്തിന് ഉപയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട് സൈബറിടത്തിൽ വ്യാപകമായ പ്രചാരണമാണ് പാർട്ടിക്കെതിരെ നടക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി പാർട്ടിക്കകത്ത് സജീവ ചർച്ചയാണ് അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുടെ ക്വട്ടേഷൻ ഇടപാടുകൾ. പ്രത്യക്ഷത്തിൽ ആരും പരാതിപ്പെടാത്തതുകൊണ്ട് ഇതങ്ങനെ പോകുകയായിരുന്നു.രാമനാട്ടുകര അപകടത്തിന് ശേഷം സ്വർണക്കടത്ത് ആസൂത്രകൻ അർജുൻ ആയങ്കിയാണെന്ന വിവരം പുറത്തു വന്നതിന് പിന്നാലെയാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇവരെ പേരെടുത്ത് വിമർശിച്ചുകൊണ്ട് രംഗത്തു വന്നത്.
അപ്പോഴേക്കും സി പി എം പ്രാദേശിക തലത്തിൽ വലിയ സ്വീകാര്യതയുള്ളവരായി ഇവർ മാറിയിരുന്നു. പാർട്ടിയുടെ ഔദ്യോ?ഗിക ഭാരവാഹിത്വം ഇല്ലെങ്കിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള, സൈബർ ആർമികളിലെ താരപരിവേഷമുള്ള ആളുകളാണ് ഇരുവരും.സ്വർണക്കടത്ത് കേസിലുൾപ്പെട്ടവരെ സി പി എം സംരക്ഷിക്കില്ലെന്ന് കണ്ണൂരിൽ നിന്നുള്ള മന്ത്രിയും പാർട്ടിയിലെ മുതിർന്ന നേതാവുമായ എം വി ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി. തെറ്റായ നിലപാടെടുക്കുന്ന ആരും പാർട്ടിയുമായി ബന്ധപ്പെട്ട് മുന്നോട്ടുപോവില്ലെന്നാണ് മന്ത്രി പറഞ്ഞത്.
കള്ളക്കടത്തുകാർക്ക് ലൈക്ക് അടിക്കുന്നവർ തിരുത്തണമെന്ന നിലപാടുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയതും തിരുത്തൽ നടപടികളുടെ ഭാഗമായാണ്. ഫാൻസ് ക്ലബുകാർ സ്വയം പിരിഞ്ഞുപോകണമെന്നും ഡി വൈ എഫ് ഐ താഴെത്തട്ടിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. കള്ളക്കടത്തിൽ ആകാശ്, അർജുൻ എന്നിവരുടെ പങ്ക് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമായതിന് പിന്നാലെയാണ് സി പി എം നിലപാട് കർക്കശമാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ