- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജന്മനാ ക്രിമിനൽ സ്വഭാവമുള്ള ഈ ലീഡർ കൊടി സുനിയെക്കാൾ നൂറിരട്ടി ക്രൂരത കാണിക്കുന്നയാൾ'; എതിരാളികളെ തട്ടിക്കൊണ്ടു പോയി വാഹനത്തിലിട്ട് പകൽ മുഴുവൻ റോഡിലൂടെ കറങ്ങി സന്ധ്യയോടെ കഴുത്തറത്ത വീരൻ; പേരു പറഞ്ഞാൽ പുറത്തിറങ്ങിയാൽ കാണില്ലെന്ന് ആയങ്കിക്കും ഭയം; കോടികളുടെ ക്വട്ടേഷൻ പണി ചെയ്യുന്ന അർജുൻ പറഞ്ഞ ലീഡറാര് ? തെളിവുകളുള്ളത് നഷ്ടപ്പെട്ട ഫോണിൽ
കണ്ണൂർ: സ്വർണക്കടത്ത് - ക്വട്ടേഷൻ വിവാദവും കസ്റ്റംസ് അന്വേഷണവും ശക്തമായിരിക്കെ അർജുൻ ആയങ്കിയെ നിയന്ത്രിച്ച ലീഡർ ആരെന്ന ചോദ്യമുയരുന്നു. രാഷ്ട്രീയ-ഭരണസ്വാധീനമുള്ള പ്രമുഖനാണ് അർജുൻ ആയങ്കിയുടെ തലപ്പത്തു നിന്നും എല്ലാ കാര്യങ്ങളും നിയന്ത്രിച്ചതെന്ന വിവരം ലഭിച്ചിട്ടും ഇതു സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഇല്ലാത്തതിനാൽ കസ്റ്റംസ് അന്വേഷണമാരംഭിച്ചിട്ടില്ല. സ്വർണ കടത്ത് സംഘത്തിന്റെ ചീഫ് മാർഷലായാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നും പാർട്ടിയിലും ഭരണത്തിലും നിർണായക സ്വാധീനമുള്ള വ്യക്തിയാണെന്നുമാണ് പുറത്തു വരുന്ന വിവരം.
ചോദ്യം ചെയ്യലിനിടെയിൽ ലീഡർ, ലീഡറെന്ന് അർജൂൻ ആയങ്കി പറയുന്നുണ്ടെങ്കിലും ആരാണ് ലീഡറെന്ന കാര്യം മാത്രം തുറന്നു പറഞ്ഞിട്ടില്ല. താനത് പറഞ്ഞാൽ പുറത്തിറങ്ങിയാൽ ജീവനോടെ കാണില്ലെന്ന നിലപാടിലാണ് ഇയാൾ. ടി.പി വധ കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയുടെ സംഘത്തെ നിയന്ത്രിക്കുന്നതും ലീഡറാണ്. കൊടി സുനിയുടെ സംഘം മാത്രമല്ല. കണ്ണുരിലെ മിക്ക ക്വട്ടേഷൻ സംഘങ്ങളുടെയും താക്കോൽ സ്ഥാനത്ത് ലീഡറാണെന്നും തങ്ങളൊക്കെ ലീഡറുടെ ശമ്പളക്കാർ മാത്രമാണെന്നും അർജുൻ ആയങ്കി പറയുന്നു.
നേരത്തെ കണ്ണുർ ജില്ലയിൽ നടന്ന അതിക്രുരമായ ചില രാഷ്ട്രീയ കൊലപാതകങ്ങൾ ലീഡറുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ടെങ്കിലും പിന്നീട് ഇയാൾ രാഷ്ട്രീയ അക്രമങ്ങളിൽ നിന്നും പതുക്കെ പിൻവലിയുകയായിരുന്നു. കോടികളുടെ ക്വട്ടേഷൻ പണികളാണ് ഇപ്പോൾ നടത്തി വരുന്നത്. മാസത്തിൽ പല തവണയായിട്ടാണ് വിദേശത്തേക്ക് പറക്കുന്നത്. വൻ വ്യവസായികൾ തമ്മിലുള്ള സാമ്പത്തിക തർക്കങ്ങൾ വിദേശത്തു നിന്നും പരിഹരിക്കുകയും ഇതിന്റെ കമ്മിഷനായി കോടികൾ വാങ്ങുകയുമാണത്രെ ചെയ്യുന്നത്. ഈ പണം കൊണ്ട് കണ്ണുർ ജില്ലയിൽ തിരവധി ബിനാമി ബിസിനസുകൾ ഇയാൾ തുടങ്ങിയിട്ടുണ്ട്.
സിപിഎമ്മിന്റെ ഉന്നത നേതാക്കൾക്കു വരെ ഇതിൽ പങ്കുണ്ടെന്ന വിവരങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ഭരണതലത്തിലുള്ള സ്വാധീനമുപയോഗിച്ച് സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘങ്ങൾ പൊലിസ് പിടിയിലാകുമ്പോൾ ലീഡർ ഇടപെട്ടാണ് രക്ഷപ്പെടുത്തി കൊണ്ടിരുന്നത്. ശുഹൈബ് വധ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയൊക്കെ ഈ ലീഡർക്കു വേണ്ടിയാണ് ക്വട്ടേഷൻ പണിയെടുക്കുന്നത്. ജന്മനാ ക്രിമിനൽ സ്വഭാവം കാണിക്കുന്ന ഈ ലീഡർ കൊടി സുനിയെക്കാൾ നൂറിരട്ടി ക്രൂരത കാണിക്കുന്നയാളാണ്.
എതിരാളികളെ തട്ടിക്കൊണ്ടു പോയി വാഹനത്തിലിട്ട് ഒരു പകൽ മുഴുവൻ റോഡിലൂടെ കറങ്ങി ഒടുവിൽ സന്ധ്യയോടെ കഴുത്തറത്തു തള്ളിയ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഏതു പാർട്ടിയിലേക്കും ക്വട്ടേഷൻ -ഗുണ്ടാ പണിക്ക് വരുന്നവർ ആദ്യം വന്നു കാണുന്നതും അനുഗ്രഹം വാങ്ങുന്നതും ലീഡറുടെ അടുക്കൽ വന്നാണ്. ലീഡറുടെ ക്വട്ടേഷൻ പണി അതിരുവിടുന്നുവെന്ന് പാർട്ടിയിലെ ചില നേതാക്കൾക്കു അതൃപ്തിയുണ്ട്. രാഷ്ട്രീയ എതിരാളികളായ പാർട്ടികളിലെ ക്വട്ടേഷൻ സംഘങ്ങളെ ലീഡർ ചില ക്വട്ടേഷൻ പണികളിൽ കൂടെ കൂട്ടുന്നുവെന്നായിരുന്നു പരാതി.
ന്യു മാഹിയിലെ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബു വധ കേസിൽ പ്രതികളുടെ കൂടെ ആകാശ് തില്ലങ്കേരിയും സംഘവും ക്വട്ടേഷൻ പണിക്കിറങ്ങിയതാണ് പാർട്ടിയിൽ വിവാദമായത്. ഇരു സംഘങ്ങളും ഒന്നിച്ചിരിക്കുന്നത് പൊലീസ് റെയ്ഡിനിടെയാണ് കണ്ടെത്തിയത്. പൊലിസിലെ സിപിഎം അനുകൂലികളായ ചിലരാണ് പാർട്ടി നേതൃത്വത്തിന്റെ ചെവിയിൽ ഈക്കാര്യമെത്തിച്ചത്. എന്നാൽ ഈ വാർത്ത പിന്നീട് ആകാശ് തില്ലങ്കേരി നിഷേധിക്കുകയായിരുന്നു.
കസ്റ്റംസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന അർജുൻ തില്ലങ്കേരിയുടെ മൊബൈൽ ഫോൺ നശിപ്പിച്ചത് ലീഡറുടെ നിർദ്ദേശപ്രകാരമാണെന്നാണ് കരുതുന്നത്. പുഴയിലൊഴുക്കിയ ഫോൺ ഇതുവരെ കണ്ടെത്താനായില്ല. ഇതു കണ്ടെത്തിയാൽ മാത്രമേ മറ്റു ലീഡറെ കുറിച്ചുള്ള വിവരങ്ങളും ഇവർ തമ്മിൽ നടത്തിയ വാട്‌സ് ആപ്പ് - ഫോൺ സന്ദേശങ്ങളും ലഭിക്കുകയുള്ളൂ
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്