- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറുവേദന പെട്ടെന്ന് ശമിച്ചപ്പോൾ ഓടിയെത്തിയ ടിപി കേസ് പ്രതി; പറഞ്ഞ ദിവസം വന്നാൽ മതിയെന്ന പിടിവാശിയിൽ തിരിച്ചയച്ച് കസ്റ്റംസും; ആയങ്കിയേയും ബോസിനേയും ഒരുമിച്ച് ചോദ്യം ചെയ്യാനും ശ്രമം; കോടതി തീരുമാനം നിർണ്ണായകം; കരിപ്പൂരിൽ ഷാഫിക്കൊപ്പം യൂസഫിന്റെ മൊഴിയും നിർണ്ണായകം
കൊച്ചി: കരിപ്പൂർ സ്വർണക്കടത്തു ക്വട്ടേഷൻ കേസിൽ ചോദ്യം ചെയ്യലിന് ഒരു ദിവസം വൈകി ഹാജരായ മുഹമ്മദ് ഷാഫിയെ കസ്റ്റംസ് മടക്കിയതിന് പിന്നിൽ പിടിവാശിക്കൊപ്പം അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ കിട്ടുമോ എന്ന് അറിയാൻ കൂടി. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷാഫി ഇപ്പോൾ പരോളിലാണ്. അർജുൻ ആയങ്കിക്ക് പിന്നിൽ ഷാഫിയും കൊടി സുനിയും ഉണ്ടെന്നാണ് നിഗമനം.
ഓഫീസിൽ എത്തിയ ഷാഫിയോട് പറഞ്ഞ ദിവസം വന്നാൽ മതിയെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്. കഴിഞ്ഞ ദിവസം ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും മുഹമ്മദ് ഷാഫി കസ്റ്റംസിൽ ഹാജരായില്ല. വയറു വേദനയാണ് കാരണം പറഞ്ഞത്. എത്താനാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. അടുത്ത ദിവസം ഹാജരാകുമെന്നാണ് പറഞ്ഞെങ്കിലും തിങ്കളാഴ്ച മതിയെന്ന് കാണിച്ചു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. ഇത് വകവെയ്ക്കാതെയാണ് ഷാഫി ഇന്ന് കമ്മീഷണർ ഓഫിസിൽ പതിനൊന്നു മണിയോടെ അഭിഭാഷകനൊപ്പം എത്തിയത്. എന്നാൽ പത്തു മിനിറ്റിനകം തന്നെ , വന്ന കാറിൽ തന്നെ മടങ്ങുകയായിരുന്നു.
സ്വർണക്കടത്തിനും കടത്തുസ്വർണം കവർച്ച ചെയ്യുന്നതിനും സംരക്ഷണം നൽകുന്നത് ഷാഫിയും ഒപ്പം ശിക്ഷ അനുഭവിക്കുന്ന കൊടിസുനിയുമാണെന്നു കസ്റ്റംസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഷഫീഖും കൂട്ടുപ്രതി അർജുൻ ആയങ്കിയും മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണു നേരിട്ടു ഹാജരാകാൻ ഷാഫിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഒറ്റയ്ക്ക് ചോദ്യം ചെയ്താൽ ആരോപണം എല്ലാം ഷാഫി നിഷേധിക്കും. ഒന്നിലും പങ്കില്ലെന്ന് പറയും. ഈ സാഹചര്യത്തിലാണ് ഷാഫിയെ തിരിച്ച് അയയ്ക്കുന്നത്.
തിങ്കളാഴ്ച വീണ്ടും ഹാജരാകാനുള്ള നോട്ടിസും കസ്റ്റംസ് ഷാഫിക്കു നൽകി. മുഹമ്മദ് ഷാഫിയും അർജുൻ ആയങ്കിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അർജുനെ ഷാഫിയോടൊപ്പം ചോദ്യംചെയ്യണമെന്നാണു കസ്റ്റംസിന്റെ ആവശ്യം. അപേക്ഷ ഇന്നു പരിഗണിക്കും. ഇത് അംഗീകരിച്ചാൽ തിങ്കളാഴ്ച ഷാഫിയേയും അർജുൻ ആയങ്കിയേയും ഒരുമിച്ച് ചോദ്യം ചെയ്യും. കോടതി അപേക്ഷ അനുവദിക്കുമെന്നാണ് സൂചന.
7 ദിവസത്തെ കസ്റ്റഡി പൂർത്തിയാക്കിയ അർജുന്റെ തുടർ കസ്റ്റഡി കോടതി അനുവദിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും അപേക്ഷ സമർപ്പിച്ചത്. ഇത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കസ്റ്റംസ് കോടതിയെ ബോധിപ്പിക്കും. കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ കേസുമായി അർജുൻ ആദ്യ ഘട്ടത്തിൽ സഹകരിച്ചിരുന്നില്ല. അതും കോടതിയെ അറിയിക്കാനാണ് കസ്റ്റംസിന്റെ ശ്രമം.
4 ദിവസം ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ട് നൽകണം എന്നാണ് ആവശ്യം. അർജുൻ ആയങ്കിയും ഷാഫിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിനുള്ള തെളിവുണ്ടെന്നും കസ്റ്റംസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടു കിട്ടേണ്ടതിന്റെ ആവശ്യം കസ്റ്റംസ് എണ്ണിയെണ്ണി പറയുന്നുണ്ട്. അന്വേഷണത്തിൽ സുപ്രധാന തെളിവായ മൊബൈൽ ഫോൺ ഇനിയും കണ്ടെടുത്തട്ടില്ല. ഇത് സംബന്ധിച്ച് അർജുൻ പല കാര്യങ്ങളാണ് പറയുന്നത്. ഇയാൾ പറയുന്നത് പലതും കളവാണെന്നു ഇതിനകം ബോധ്യപ്പെട്ടതായും കസ്റ്റംസ് പറയുന്നു.
കരിപ്പൂർ കേന്ദ്രീകരിച്ച സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണിയാണ് അർജുൻ ആയങ്കി. ഒന്നാം പ്രതിയും സ്വർണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖിന്റെ ഫോണിൽ ഇത് സംബന്ധിച്ച തെളിവുകൾ ഉണ്ട്. ചിലത് ശബ്ദ സന്ദേശങ്ങളാണ്. മറ്റു സംഘങ്ങളുമായും ഇയാൾക്ക് പല രീതിൽ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.
തിങ്കളാഴ്ച കണ്ണൂർ സംഘത്തിലെ യുസഫിനേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഈ ദിവസം തന്നെ അർജുനെയും കസ്റ്റഡിയിൽ എത്തിക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ഒരുമിച്ചുള്ള ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. യൂസഫിന്റെ ചോദ്യം ചെയ്യലും നിർണ്ണായകമാകും. കേസിൽ അറസ്റ്റിലായ ഷെഫീക്ക് ഇയാൾക്കാണ് സ്വർണം കൈമാറാനിരുന്നത്. അർജുന്റെയും, സൂഫിയാന്റെ കൊടുവള്ളി സംഘത്തിനും പുറമെയാണ് കണ്ണൂർ സ്വദേശി യൂസഫിന്റെ സംഘം എത്തിയത്. അർജുൻ ആയങ്കിയുടെ പഴയ കൂട്ടാളി ആയിരുന്നു യുസഫ്.
അർജുനേയും മുഹമ്മദ് ഷഫീഖിനെയും ചോദ്യം ചെയ്തതിൽ നിന്നും ആണ് യൂസഫിന്റെ സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം സ്വർണം ഷെഫീക്കിൽ നിന്നും വാങ്ങാൻ മറ്റൊരു വഴിയിൽ കരിപ്പൂർ എത്തിയിരുന്നു. ഇവരിൽ നിന്നും മറ്റു സംഘങ്ങളിൽ നിന്നും സംരക്ഷണം നല്കാമെന്ന് അർജുൻ ഉറപ്പു നല്കിയിരുന്നു. ടിപി വധക്കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘം ഒപ്പമുണ്ടെന്നായിരുന്നു അർജുൻ പറഞ്ഞിരുന്നത്.
ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് യൂസഫിനോട് കൊച്ചിയിൽ ഹാജരാകാൻ കസ്റ്റംസ് നോട്ടീസയച്ചത്. നിലവിൽ യൂസഫിനെ സംബന്ധിച്ച് കസ്റ്റംസിനെ പക്കൽ വിവരമൊന്നുമില്ല. എങ്കിലും ഹാജരാക്കുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ