- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തമ്പ്രാന്റെ മോൻ മദ്യം കഴിച്ചാൽ അത് കട്ടൻ ചായ; വായ് മൂടിക്കെട്ടി മൗനം പാലിക്കൽ; അടിയാന്റെ മോൻ കട്ടൻ ചായ കുടിച്ചാൽ അത് മദ്യം; നോട്ടീസ് അടിച്ച് വിതരണം ചെയ്യൽ;നാടു കടത്തൽ..; നാർക്കോട്ടിക് ഈ എ ഡേർട്ടി ബിസിനസ്! സിപിഎം നേതൃത്വത്തെ പരിഹസിച്ച് അർജുൻ ആയങ്കി
തിരുവനന്തപുരം: ലഹരിമരുന്ന് ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അറസ്റ്റിലായി ഒരു വർഷത്തോളം വിചാരണത്തടവിൽ കഴിഞ്ഞ ബിനീഷ് കോടിയേരിയോട് അനുഭാവം പുലർത്തുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടിനെ പരിഹസിച്ച് കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതിയായ അർജുൻ ആയങ്കി.
'തമ്പ്രാന്റെ മോൻ മദ്യം കഴിച്ചാൽ അത് കട്ടൻ ചായ; വായ് മൂടിക്കെട്ടി മൗനം പാലിക്കൽ; അടിയാന്റെ മോൻ കട്ടൻ ചായ കുടിച്ചാൽ അത് മദ്യം; നോട്ടീസ് അടിച്ച് വിതരണം ചെയ്യൽ;നാടു കടത്തൽ..; നാർക്കോട്ടിക് ഈ എ ഡേർട്ടി ബിസിനസ്! എന്ന കുറിപ്പാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ അർജുൻ ആയങ്കി പങ്കുവച്ചത്.
നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് കമന്റുമായി രംഗത്ത് വന്നത്. '്നീ പോടാ അധോലോകമേ', 'ദേ ഇവിടുന്നു സ്വർണ്ണ ചായ കുടിക്കുന്നെ', 'തംബ്രാക്കന്മാരും മക്കളും മരുമക്കളും കൂടി എല്ലാം കുളം തോണ്ടി ഒരു വഴിക്കാക്കും'. 'എന്തൊക്കെ കാണണം ഒരിടത്ത് ലഹരി കള്ള കടത്ത് മാഫിയക്ക് എതിരെ നോട്ടീസ് അടിയും കവല പ്രസംഗവും, അതേ ആൾക്കാർ മറ്റൊരിടത്ത്...കയറി വാ മുത്തെ'എന്നിങ്ങനെ പോകുന്നു കമന്റുകൾ.
'ഒറ്റ പെടുത്താൻ ആണ് എങ്കിൽ തീരുമാനം എങ്കിൽ ചേർത്ത് നിർത്തും'. ' തീപ്പൊരി സഗവു റിട്ടേൺ എന്നൊക്കെ അടിച്ചു ഒട്ടിച്ചു വെക്കുന്നു'. ' മൾട്ടിപ്പിൾ ഡാഡി ഡിസോഡർ അല്ലാതെ എന്ത് പറയാൻ'. ' അതാണ് തമ്പ്രാന്റ മക്കക്ക് ചൂട്ട് പിടിക്കാൻ നായമ്മാരും നമ്പ്യന്മാരും ഒരുപാട് കാണും' എന്നിങ്ങനെയുള്ള കമന്റുകളുമുണ്ട്.
ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനാകാനിരിക്കെ കടുത്ത വിമർശനമാണ് പാർട്ടി നേതൃത്വത്തിന് എതിരെ ഉയരുന്നത്. ബിനീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിട്ട് ഇന്ന് ഒരുവർഷം തികയാനിരിക്കെയാണ് ജാമ്യം ലഭിച്ചത്.
5 ലക്ഷം രൂപയുടെ 2 ആൾജാമ്യത്തിനു പുറമേ, രാജ്യം വിടരുത്, വിചാരണക്കോടതിയിൽ കൃത്യമായി ഹാജരാകണം തുടങ്ങിയവയാണു നിബന്ധനകൾ. 2020 ഒക്ടോബർ 29ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബിനീഷ് നവംബർ 11 മുതൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്.
2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതാണു തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയർന്നു വരികയും ചെയ്തതോടെ ഇഡി കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞവർഷം നവംബറിൽ അറസ്റ്റ് ചോദ്യം ചെയ്തു ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. തുടർന്ന്, കഴിഞ്ഞ ഡിസംബറിലും ഈ ഫെബ്രുവരിയിലും വിചാരണക്കോടതി ജാമ്യഹർജി തള്ളി. ഏപ്രിലിൽ ആണു ഹൈക്കോടതിയെ സമീപിച്ചത്. 7 മാസത്തിനിടെ 3 ബെഞ്ചുകൾ വാദം കേട്ടു.
ഇതിനിടെ, അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അച്ഛൻ കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കാനെന്ന ആവശ്യമുന്നയിച്ചു സമർപ്പിച്ച ഇടക്കാല ജാമ്യഹർജിയും അനുവദിച്ചിരുന്നില്ല. ഇന്നലെ, പ്രത്യേക വിഡിയോ കോൺഫറൻസിങ്ങിലൂടെ ജസ്റ്റിസ് എം.ജി. ഉമയാണ് വിധി പറഞ്ഞത്. ഇഡിക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയും ബിനീഷിനായി സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണകുമാറും ഹൈക്കോടതിയിൽ ഹാജരായി.
2020 ഓഗസ്റ്റ് 21-ന് മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ, കന്നഡ നടി അനിഘ എന്നിവർ ബെംഗളൂരുവിൽ ലഹരിമരുന്നുമായി പിടിയിലായതാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിന്റെ തുടക്കം. ബെംഗളൂരുവിൽ ഹോട്ടൽ ബിസിനസും ലഹരിക്കച്ചവടവും നടത്തിയിരുന്ന അനൂപിന് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും തെളിഞ്ഞു. ഇതോടെയാണ് ബിനീഷ് കോടിയേരിയെ എൻ.സി.ബി.യും ഇ.ഡി.യും ചോദ്യംചെയ്യുന്നത്.
അനൂപിന്റെ ലഹരിക്കച്ചവടത്തിന്റെ മറവിൽ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ വാദം. ആദ്യം കൊച്ചിയിലും പിന്നീട് ബെംഗളൂരുവിലുംവെച്ച് ബിനീഷിനെ ഇ.ഡി. ചോദ്യംചെയ്തു. ബിസിനസ് സംരംഭങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിവരങ്ങൾ തേടി. ഇതിനുപിന്നാലെയാണ് ഒക്ടോബർ 29-ന് വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അറസ്റ്റിലായതിന് പിന്നാലെ നവംബർ ആദ്യവാരം ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ പല നാടകീയരംഗങ്ങളും അരങ്ങേറി. റെയ്ഡിനിടെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ ആരോപിച്ചു. കുഞ്ഞുങ്ങൾക്ക് ഭക്ഷണംപോലും കൊടുക്കാൻ അനുവദിച്ചില്ലെന്നും ആരോപണമുയർന്നു. ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു. സംഭവം ഏറെ വിവാദങ്ങൾക്കും കാരണമായി.
എന്നാൽ ഈ റെയ്ഡിനിടെയുണ്ടായ സംഭവവികാസങ്ങൾ ബിനീഷിന്റെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനത്തിന് തെളിവാണെന്നായിരുന്നു ഇ.ഡി.യുടെ വാദം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യഹർജിയെ എതിർക്കുകയും ചെയ്തു.
സെഷൻസ് കോടതി ജാമ്യഹർജികൾ തള്ളിയതോടെയാണ് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. അനൂപിന് വായ്പയായി പണം നൽകിയിട്ടുണ്ടെന്നും എന്നാൽ ലഹരിക്കടത്തിലോ കള്ളപ്പണ ഇടപാടിലോ പങ്കില്ലെന്നുമായിരുന്നു ബിനീഷിന്റെ വാദം. പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടം വഴി ലഭിച്ച പണമാണ് അക്കൗണ്ടിലുള്ളത്, ബിസിനസ് സംരംഭങ്ങൾ വഴിയാണ് താൻ പണം സമ്പാദിച്ചതെന്നും അച്ഛൻ അർബുദബാധിതനായി ചികിത്സയിലാണെന്നും തന്റെ സാമീപ്യം ആവശ്യമാണെന്നും ജാമ്യഹർജിയിൽ പറഞ്ഞിരുന്നു.
അതേ സമയം കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ സാധിക്കില്ല. കേസിൽ ഉൾപ്പെട്ടതോടെ സിപിഎം നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. അർജുനെതിരെ മൊഴി നൽകിയ ഡി വൈ എഫ് ഐ മുൻ മേഖലാ സെക്രട്ടറി സജേഷ് , അർജുന്റെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ നൽകിയിരുന്നു. അറസ്റ്റിലായി മാസങ്ങൾക്ക് ശേഷമാണ് അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചത്.
അർജുൻ ആയങ്കിയുടെ പാർട്ടി ബന്ധം സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെ വിമർശനം ഉയർത്തിയിരുന്നു. അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സി.സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നു. ഡിവൈഎഫ്ഐ കണ്ണൂർ ചെമ്പിലോട് മേഖലാ സെക്രട്ടറിയാണ് സജേഷ്. സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയതിനാണ് നടപടി.
സിപിഎമ്മിനെ മറയാക്കിയാണ് അർജുൻ ആയങ്കി ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തിയത്. ഡിവൈഎഫ്ഐ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുനെ സ്ഥാനത്തുനിന്നു നീക്കിയിരുന്നെങ്കിലും പാർട്ടി പ്രവർത്തനം തുടർന്നു. സമൂഹമാധ്യമങ്ങളിൽ പാർട്ടിയുടെ പ്രചാരകനായി. മൂന്നു വർഷം മുൻപാണ് ഡിവൈഎഫ്ഐയുടെ ഭാരവാഹിത്വത്തിൽനിന്ന് അർജുൻ ആയങ്കിയെ നീക്കുന്നത്.അർജുൻ ആയങ്കി കണ്ണൂരിലെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ ബന്ധം പുലർത്തിയിരുന്നുവെന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
പ്ലസ് ടു പഠനം പൂർത്തിയാക്കിയ അർജുന്റെ ജോലി സംബന്ധിച്ച് നാട്ടുകാർക്കറിയില്ല. പക്ഷേ അഢംബര ജീവിതമായിരുന്നു. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളിൽ പാർട്ടിയുടെ പ്രചാരകനായുള്ള വളർച്ച. കൊടി സുനിയുടെ സംഘമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എടയന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുകൂടിയാണ് അർജുൻ. സ്വർണക്കടത്തും ക്വട്ടേഷനും വരുമാനമാർഗമായി മാറി. വിവിധ സ്റ്റേഷനുകളിൽ അർജുനെതിരെ കേസുകളുണ്ടെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു.
ജാമ്യം നൽകിയാൽ രാജ്യത്തെ വലിയ കുറ്റവാളിയായി അർജുൻ ആയങ്കി മാറിയേക്കാമെന്നാണ് കസ്റ്റംസ് കോടതിയിൽ അറിയിച്ചത്. അർജുൻ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തിട്ടുണ്ട്. അർജുന് നിരവധി ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ട്. ഇവരെ സ്വർണം തട്ടിയെടുക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട് എന്നതടക്കം കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു. കരിപ്പൂർ കേന്ദ്രീകരിച്ച സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണിയാണ് അർജുൻ ആയങ്കി. ഒന്നാം പ്രതിയും സ്വർണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖിന്റ് ഫോണിൽ ഇത് സംബന്ധിച്ച തെളിവുകൾ കണ്ടെത്തിയതായി കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ