വിവാഹവും വിവാഹ മോചനവും വലിയ വാർത്തകളല്ലാത്ത ബോളിവുഡിൽ നിന്നും മറ്റൊരു വേർപിരിയൽ കൂടി പുറത്ത്. ബോളിവുഡ് നടൻ അർജുൻ രാംപാലും ഭാര്യ മെഹ്ര് ജെസിയയും വേർപിരിയുന്നു. 20 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി ഇരുവരും സംയുക്തമായി പ്രഖ്യാപിച്ചു. വാർത്തക്കുറിപ്പിലൂടെയാണ് വിവാഹമോചന വാർത്ത പുറത്തുവിട്ടത്. രണ്ട് ലക്ഷ്യങ്ങളിലേയ്ക്ക് പോകാൻ സമയമായി എന്നാണ് വാർത്തക്കുറിപ്പിൽ വിവാഹമോചനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. തുടർന്നും പരസ്പരം പിന്തുണ നൽകുമെന്നും ഇരുവരും പറയുന്നു.

45കാരനായ റാംപാലും 47കാരിയായ മെഹ്ര് ജെസിയയും മോഡലുകളായിരുന്ന സമയത്താണ് വിവാഹിതരായത്. മഹീകായും, മൈറായും മക്കളാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇരുവരും വിവാഹബന്ധം വേർപ്പെടുത്തിയെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നുവെങ്കിലും പിന്നീട് ഇത് തെറ്റാണെന്ന് അർജുൻ തന്നെ പറഞ്ഞിരുന്നു. ഇവരുടെ സുഹൃത്തുക്കളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ പോയപ്പോൾ അർജുന്റെ വിവാഹമോചനമാണ് നടന്നതെന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത നൽകുകയായിരുന്നു. ഇതിനെതിരെ അർജ്ജുൻ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.

2001ൽ പ്യാർ ഇഷ്ഖ് ഓർ മൊഹബ്ബത്ത് എന്ന ചിത്രത്തിലൂടെയാണ് അർജുൻ റാംപാൽ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ദീവാനാപൻ, ദിൽ ഹേ തുമാരാ, ഓം ശാന്തി ഓം, റോക്ക് ഓൺ, ഹൗസ്ഫുൾ, രാജ്നീതി, റാവൺ, ഹീറോയിൻ തുടങ്ങിയ സിനിമകളിലെ അർജ്ജുന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഡാഡിയാണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ അവസാന സിനിമ. പാൾട്ടണാണ് പുറത്തിറങ്ങാനുള്ള ചിത്രം.

47കാരിയായ മെഹർ മുൻ മിസ് ഇന്ത്യയും മോഡലുമാണ്. ബോളിവുഡിൽ നടൻ, പ്രൊഡ്യൂസർ, തിരക്കഥാകൃത്ത് എന്നീ നിലകളിലും പേരെടുത്തിട്ടുണ്ട് അർജുൻ രാംപാൽ.