ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽരത്‌നയടക്കം ജസ്റ്റിസ് മുകുൾ മുദ്ഗൽ കമ്മിറ്റി ശുപാർശ ചെയ്ത പുരസ്‌കാര പട്ടികയ്ക്ക് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരം. പുരസ്‌കാരം ലഭിച്ചവരുടെ പട്ടിക മന്ത്രാലയം പുറത്തിറക്കി. അത്‌ലറ്റ് ജിൻസൺ ജോൺസണ് അർജുന പുരസ്‌കാരവും, മുൻഹൈജമ്പ് താരം ബോബി അലോഷ്യസിന് ധ്യാൻ ചന്ദ് പുരസ്‌കാരവും ലഭിച്ചതാണ് പട്ടികയിലെ മലയാളി തിളക്കം.

ഖേൽരത്‌ന പുരസ്‌കാരം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി, ഭാരോദ്വഹന ലോകചാംപ്യൻ മീരാഭായ് ചാനു എന്നിവർക്കു സമ്മാനിക്കും. കോഹ്ലിയെ രണ്ടാംതവണയാണ് ഖേൽരത്‌നയ്ക്ക് ശുപാർശ ചെയ്തത്. 2016ൽ ശുപാർശ ചെയ്‌തെങ്കിലും പുരസ്‌കാരം കിട്ടിയില്ല. ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരനാണ് കോഹ്ലി. മുമ്പ് സച്ചിൻ ടെൻഡുൽക്കർ (1997), മഹേന്ദ്രസിങ് ധോണി (2007) എന്നിവരാണ് ഖേൽരത്‌ന നേടിയിട്ടുള്ളത്. ടെസ്റ്റ് റാങ്കിങ് പട്ടികയിൽ ഒന്നാമനാണ് കോഹ്ലി. കഴിഞ്ഞവർഷം നടന്ന ലോക ചാമ്പ്യൻഷിപ്പിലെ സ്വർണനേട്ടമാണ് മീരാബായിയെ ഖേൽരത്‌ന പുരസ്‌കാരപട്ടികയിൽ ഇടംപിടിക്കാൻ സഹായിച്ചത്. 48 കിലോ വിഭാഗത്തിലായിരുന്നു സ്വർണം. കോമൺവെൽത്ത് ഗെയിംസിലും സ്വർണംനേടി. പരിക്കുകാരണം ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനായില്ല.

അത്‌ലറ്റ് ജിൻസൺ ജോൺസൻ അടക്കം 20 പേർക്ക് പുരസ്‌കാരം കിട്ടിയപ്പോൾ മുൻ ഹൈജമ്പ് താരം ബോബി അലോഷ്യസ് അടക്കം നാലുപേർക്ക് കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻ ചന്ദ് പുരസ്‌കാരവും ലഭിച്ചു. ബോബി അലോഷ്യസിനെ കൂടാതെ ഭരത് ഛേത്രി (ഹോക്കി), സത്യദേവ് (ആർച്ചറി), ദാദു ചൗഗുലേ (ഗുസ്തി) എന്നിവരാണ് ധ്യാൻചന്ദ് പുരസ്‌കാരം നേടിയ മറ്റുമൂന്നുപേർ.

ഇക്കഴിഞ്ഞ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഒരു സ്വർണവും വെള്ളിയും നേടി രാജ്യത്തിന്റെ അഭിമാനമായി ജിൻസൺ മാറിയിരുന്നു. ഏഷ്യൻ ഗെയിംസിൽ 1,500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയതിന് പിന്നാലെയാണ് ജിൻസണിനെ തേടി അർജുന അവാർഡ് എത്തിയത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ. താരത്തിന്റെ അടുത്ത ലക്ഷ്യം ഒളിമ്പിക് സ്വർണമാണ്. 2020ലെ ടോക്യോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിലാണെന്നും ജിൻസൺ വ്യക്തമാക്കി. 2014-ൽ ടിന്റു ലൂക്ക അർജുന നേടിയ ശേഷം ഈ ബഹുമതിക്ക് അർഹനാകുന്ന ആദ്യ മലയാളി അത്ലറ്റെന്ന ബഹുമതിയാണ് ജിൻസൺ ജോൺസണെ തേടിയെത്തിയത്.

കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്‌കാരം നേടിയ ബോബി അലോഷ്യസ് വനിതാ വിഭാഗം ഹൈജംപിൽ ദേശീയ റെക്കോഡിന് ഉടമയാണ്. ഹൈജമ്പിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും ഏഷ്യൻ ഗെയിംസിലും ആഫ്രോ ഏഷ്യൻ ഗെയിംസിലും വെള്ളി മെഡലും നേടിയിട്ടുള്ള താരമാണ് ഒളിമ്പ്യൻ കൂടിയായ ബോബി അലോഷ്യസ്. ഇതിന് മുമ്പു പലതവണയും ബോബിക്ക് ധ്യാൻചന്ദ് പുരസ്‌ക്കാരത്തിന് ശുപാർശ ലഭിച്ചിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് സംസ്ഥാന സ്പോട്സ് കൗൺസിൽ ടെക്നിക്കൽ അസിസ്റ്റന്റ് സെക്രട്ടറിയായും ബോബി മുമ്പ് പ്രവർത്തിച്ചിരുന്നു. കണ്ണൂർ ചെമ്പേരി സ്വദേശിനായ ബോബി അലോഷ്യസ് ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. മറുനാടൻ മലയാളി ചെയർമാൻ ഷാജൻ സ്‌കറിയയാണ് ഭർത്താവ്. സ്റ്റെഫാൻ, ഗംഗോത്രി, റിത്വിക് എന്നിവർ മക്കളാണ്.

ജസ്റ്റിസ് മുകുൽ മുദ്ഗൽ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി. 7.5 ലക്ഷം രൂപയാണു ഖേൽ രത്ന പുരസ്‌കാര തുക. അർജുന അവാർഡ് ജേതാക്കൾക്ക് 5 ലക്ഷം രൂപയും ലഭിക്കും. 25നു രാഷ്ട്രപതി റാംനാഥ് കോവിന്ദാണു പുരസ്‌കാരങ്ങൾ സമ്മാനിക്കുക.

മറ്റു പുരസ്‌കാരങ്ങൾ

ദ്രോണാചാര്യ പുരസ്‌കാരം

വിജയ് ശർമ (ഭാരോദ്വഹനം), തരക് സിൻഹ (ക്രിക്കറ്റ്), ക്ലാരൻസോ ലോബോ (ഹോക്കി), ജീവൻ ശർമ (ജൂഡോ), സി.എ. കുട്ടപ്പ (ബോക്സിങ്), ശ്രീനിവാസ റാവു (ടേബിൾ ടെന്നിസ്). സുഖ്‌ദേവ് സിങ് പാന്നു (അത്‌ലറ്റിക്‌സ്), വി.ആർ. ബീഡു (അത്‌ലറ്റിക്‌സ്

അർജുന അവാർഡ്:

നീരജ് ചോപ്ര, ജിൻസൻ ജോൺസൺ, ഹിമ ദാസ് (അത്ലറ്റിക്‌സ്), എൻ. സിക്കി റെഡ്ഡി (ബാഡ്മിന്റൻ), സതീഷ്‌കുമാർ (ബോക്സിങ്), സ്മൃതി മന്ഥന (ക്രിക്കറ്റ്), ശുഭാംഗർ ശർമ (ഗോൾഫ്), മൻപ്രീത് സിങ് (ഹോക്കി), സവിത (ഹോക്കി), രവി റാത്തോഡ് (പോളോ), രാഹി സർനോബത്ത്, അങ്കുർ മിത്തൽ, ശ്രേയഷി സിങ് (ഷൂട്ടിങ്), മണിക ബത്ര, ജി. സത്യൻ (ടേബിൾ ടെന്നിസ്), രോഹൻ ബൊപ്പണ്ണ (ടെന്നിസ്), സുമിത് (ഗുസ്തി), പൂജ കടിയാൻ (വുഷു), അങ്കുർ ധാമ (പാര അത്ലറ്റിക്സ്), മനോജ് സർക്കാർ (പാരാബാഡ്മിന്റൻ).