- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീലങ്കയിലേക്ക് ഇന്ത്യ അയച്ചത് രണ്ടാംനിര ടീമിനെ; വിമർശനവുമായി മുൻക്യാപ്റ്റൻ അർജ്ജുന രണതുംഗ; ഇന്ത്യയുടെ നടപടിക്ക് കാരണക്കാർ ലങ്കൻ ബോർഡ് ആണെന്നും രണതുംഗെ
കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ പരിമിത ഓവർ പരമ്പരകൾക്ക് വേദിയാവുന്നതിൽ ലങ്കൻ ബോർഡിനെ വിമർശിച്ച് മുൻ നായകൻ അർജുന രണതുംഗ. നായകൻ വിരാട് കോലിയും ഉപനായകൻ രോഹിത് ശർമ്മയുമില്ലാത്ത ടീമിനെ ബിസിസിഐ അയക്കുന്നത് ലങ്കൻ ടീമിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരമ്പരയ്ക്ക് സമ്മതം മൂളിയ ലങ്കൻ ബോർഡിനെയാണ് ഇതിൽ കുറ്റപ്പെടുത്തുന്നത് എന്നുമാണ് രണതുംഗയുടെ പ്രതികരണം.
'ഇത് രണ്ടാംനിര ഇന്ത്യൻ ടീമാണ്, അത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ടെലിവിഷൻ മാർക്കറ്റ് മാത്രം പരിഗണിച്ച് അവരുമായി കളിക്കാൻ സമ്മതം മൂളിയ നിലവിലെ ഭരണസമിതിയെ കുറപ്പെടുത്തുകയാണ്. ഇന്ത്യ അവരുടെ ഏറ്റവും മികച്ച ടീമിനെ ഇംഗ്ലണ്ടിലേക്കയച്ചു. ദുർബലമായ ടീമിനെ ഇങ്ങോട്ടും. ഇക്കാര്യത്തിൽ ലങ്കൻ ബോർഡിനെയാണ് കുറ്റപ്പെടുത്തുന്നത്' എന്നും രണതുംഗ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ബിസിസിഐ ചരിത്രത്തിലാദ്യമായാണ് വ്യത്യസ്ത ഫോർമാറ്റുകളിൽ വേറിട്ട രണ്ട് ടീമുകളെ ഒരേസമയം രണ്ട് രാജ്യങ്ങളിലേക്ക് പര്യടനത്തിന് അയച്ചത്. ഇംഗ്ലണ്ടിലുള്ള വിരാട് കോലി നയിക്കുന്ന സീനിയർ ടീം ടെസ്റ്റ് പരമ്പരയാണ് കളിക്കുന്നതെങ്കിൽ ലങ്കയിൽ ശിഖർ ധവാന്റെ നായകത്വത്തിൽ എത്തിയ ടീം പരിമിത ഓവർ മത്സരങ്ങളാണ് കളിക്കുന്നത്. കോലിപ്പട ഇംഗ്ലണ്ടിൽ അഞ്ച് ടെസ്റ്റുകൾ കളിക്കുമെങ്കിൽ ധവാനും സംഘവും മൂന്ന് വീതം ഏകദിനങ്ങളും ടി20യും ശ്രീലങ്കയിൽ കളിക്കും.
കോലിക്കും രോഹിത്തിനും പുറമെ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എൽ രാഹുൽ, റിഷഭ് പന്ത് തുടങ്ങിയ പ്രമുഖ താരങ്ങളും ശ്രീലങ്കൻ പര്യടനത്തിനില്ല. പരിമിത ഓവർ മത്സരങ്ങളിൽ സ്ഥിരാംഗങ്ങളായ ഹർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ലങ്കയിൽ കളിക്കും. ടെസ്റ്റ് ടീമിനെ രവി ശാസ്ത്രിയും പരിമിത ഓവർ ടീമിനെ രാഹുൽ ദ്രാവിഡുമാണ് പരിശീലിപ്പിക്കുന്നത്.
സ്പോർട്സ് ഡെസ്ക്