ന്ത്യയോട് അനുകൂല മനോഭാവം രാഷ്ട്രീയ നേതൃത്വം കൈക്കൊണ്ടാലും അതിനെ എക്കാലത്തും ചെറുത്തുനിന്നവരാണ് പാക്കിസ്ഥാൻ സൈന്യം. ഇന്ത്യയോട് സൗഹൃദം കാട്ടിയ ഭരണാധികാരികളെ അട്ടിമറിച്ചുപോലും അതിർത്തിയിലെ സംഘർഷാവസ്ഥ നിലനിർത്താൻ സൈനിക നേതൃത്വം ശ്രമിച്ചിരുന്നു.എന്നാൽ, പാക്കിസ്ഥാൻ കരസേനാ മേധാവി ഖാമർ ജാവേദ് ബജ്‌വ അതിനൊരു അപവാദമാവുകയാണ്. ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഭരണാധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നും ആ ശ്രമങ്ങൾക്കെല്ലാം സൈന്യത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ചൊവ്വാഴ്ച പാർലമെന്റിൽ സെനറ്റിന് മുമ്പാകെ പ്രസംഗിക്കുമ്പോഴാണ് പാക് സൈന്യത്തിൽനിന്ന് ഇതുവരെയുണ്ടാകാത്ത തരത്തിലുള്ള ഇന്ത്യാ അനുകൂല പ്രസ്താവന ജനറൽ ബജ്‌വ നടത്തിയത്. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ രാഷ്ട്രീയ നേതൃത്വം കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും സൈന്യത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യമായാണ് ജനറൽ ബജ്‌വ ഒരു പാർലമെന്ററി സമിതിക്ക് മുമ്പാകെ എത്തുന്നത്. സെനറ്റ് ചെയർമാൻ റാശ റബ്ബാനിയുടെ പ്രത്യേകക്ഷണം അനുസരിച്ചെത്തിയ ബജ്‌വയ്‌ക്കൊപ്പം ഐ.എസ്.ഐ. തലവൻ നവീദ് മുഖതാറും മുതിർന്ന സൈനിക ഓഫീസർമാരായ മേജർ ജനറൽ സഹീർ ഷംസാദ് മിർസയും മേജർ ജനറൽ അസീം മുനീറും ഉണ്ടായിരുന്നു. നാലരമണിക്കൂറോളം നേരം സൈനിക നേതൃത്വവും സെനറ്റ് സമിതിയും തമ്മിലുള്ള ചർച്ച നീണ്ടുനിന്നു.

എല്ലാ അയൽരാജ്യങ്ങളുമായും സമാധാനത്തോടെ പുലരണമെന്നാണ് പാക് സൈന്യത്തിന്റെ ആഗ്രഹമെന്ന് ജനറൽ ബജ്‌വ സെനറ്റർമാരോട് പറഞ്ഞതായി പാക് പത്രം ഡോൺ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാന ചർച്ചകൾക്ക് പാക്കിസ്ഥാൻ സൈന്യം എതിരാണെന്ന ധാരണ തിരുത്തുന്നതാണ് ബജ്‌വയുടെ നിലപാടെന്നും പത്രം എഴുതുന്നു.

എന്നാൽ, പെട്ടെന്നൊരു സുപ്രഭാതത്തിൽ പാക് സൈന്യത്തിന് മനംമാറ്റമുണ്ടായതല്ലെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കയുടെ കടുത്ത സമ്മർദം പാക് സേനയ്ക്ക് മേലുണ്ട്. കാശ്മീർ പ്രശ്‌നത്തിൽ അന്താരാഷ്ട്ര ഇടപെടൽ ഇന്ത്യ അനുവദിക്കാത്തിടത്തോളം അമേരിക്കയ്ക്ക് പ്രശ്‌നത്തിൽ നേരിട്ട് ഇടപെടാനാവില്ല. എന്നാൽ, പാക് സൈന്യത്തിന്റെ പ്രതിലോമകരമായ നിലപാട് പിൻവലിക്കണമെന്ന ആവശ്യം അമേരരിക്ക അവർക്കുമേൽ ചെലുത്തിയതിന്റെ ഫലമാണ് ഈ മനംമാറ്റത്തിന് കാരണമെന്നും വിലയിരുത്തപ്പെടുന്നു.